സംസ്ഥാന ഭൂമിത്രസേന ക്ലബ് അവാർഡ് വിമല കോളേജിന്; താരമായി ഫീബാറാണി മിസ്

Spread the love

സംസ്ഥാനത്തെ മികച്ച ഭൂമിത്രസേന ക്ലബായി വിമല കോളേജ് തൃശൂരിനെ തെരഞ്ഞെടുത്തു. 2023 – 2024 വർഷത്തെ ഭൂമിത്രസേന ക്ലബ് സംസ്ഥാന അവാർഡാണ് വിമല കോളേജിനെ തേടിയെത്തിയിരിക്കുന്നത്. വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധമുണ്ടാക്കുന്നതിനായി പരിസ്ഥിതി വകുപ്പിന് കീഴിൽ സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്.

തൃശൂർ ജില്ലയിലെ വിവിധ അവാസ വ്യവസ്ഥകളിലെ ചിത്രശലഭങ്ങളെയും പക്ഷികളെയും കുറിച്ച് നടത്തിയ പഠനങ്ങൾ, തൃശൂർ ജില്ലയിലെ വിവിധ ബീച്ചുകളിലെ കടൽ പുഴുക്കളുടെ ജൈവവൈവിധ്യങ്ങളെ കുറിച്ചുള്ള പഠനങ്ങൾ, തൃശൂർ മൃഗശാല കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ, കോളേജിലെ കുട്ടികളുടെ വീടുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഓർഗാനിക് ഫാമിംഗ്, കിച്ചൻ ഗാർഡൻ പദ്ധതികൾ, പ്രകൃതി പഠന ക്യാമ്പുകൾ, തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളത്തിൻ്റെ ഗുണനിലവാര പരിശോധന, ‘തീരദേശ ആവാസ വ്യവസ്ഥയുടെ ആരോഗ്യ വിലയിരുത്തലും ജൈവവൈവിധ്യ പര്യവേക്ഷണവും’ എന്ന വിഷയത്തിൽ തൃശൂർ ജില്ലയിലെ വിവിധ കോളേജുകളിൽ പരിസ്ഥിതി വകുപ്പിൻ്റെ ധനസഹായത്തോടെ നടപ്പിലാക്കിയ ശില്പശാലകൾ, കോളേജ് ക്യാമ്പസിൽ അവിഷ്കരിച്ച് നടപ്പിലാക്കിയ പ്രകൃതി മലീനീകരണം തടയുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, മണ്ണ് പരിശോധന പദ്ധതികൾ എന്നിവയാണ് വിമല കോളേജിനെ അവാർഡിന് അർഹമാക്കിയത്. ഭൂമിത്രസേന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി വർഷങ്ങളായി നടത്തി വരുന്ന വാട്ടർ ക്വാളിറ്റി അസസ്മെൻ്റ് പദ്ധതിയും അവാർഡ് ലഭിക്കുന്നതിന് കാരണമായതായി 2011 മുതൽ വിമല കോളേജിലെ ഭൂമിത്രസേന ക്ലബിൻ്റെ കോഓർഡിനേറ്റർ ഡോ. ഫീബാറാണി ജോൺ പറഞ്ഞു. അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ച് ജൂൺ അഞ്ചിന് തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.

ആറ് അവാർഡുകൾ സമ്മാനിച്ച് വിമലയുടെ ചരിത്രത്തിൽ

കയ്യൊപ്പ് ചാർത്തി ഡോ. ഫീബാറാണി ജോൺ

ഭൂമിത്രസേന ക്ലബ് അവാർഡോടെ ഡോ. ഫീബാറാണി ജോൺ കാമ്പസിൽ താരമായിരിക്കുകയാണ്. ഡോ. ഫീബാറാണി ജോണിൻ്റെ നേതൃത്വത്തിൽ ഇത് ആറാമത്തെ അവാർഡാണ് വിമല കോളേജിന് ലഭിക്കുന്നത്. വിമലയുടെ ചരിത്രത്തിൽ ആദ്യമാണിത്. കോളേജ് മാനേജ്മെൻ്റ് ഏല്പിച്ചതെല്ലാം കോളേജിന് അവാർഡുകളാക്കി മാറ്റിയ ഫീബാറാണി മിസ് നിലവിൽ ജന്തുശാസ്ത്ര വിഭാഗം മേധാവി കൂടിയാണ്.

നാഷണൽ സർവ്വീസ് സ്കീമിൻ്റെ പ്രോഗ്രാം ഓഫീസറായിരിക്കെ 2013ലാണ് അവാർഡുകളുടെ പെരുമഴക്കാലം ആരംഭിക്കുന്നത്. 2011-2012 അധ്യയന വർഷത്തെ കാലിക്കറ്റ് സർവ്വകലാശാലയിലെ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിനുള്ള അവാർഡാണ് ആദ്യത്തെ നേട്ടം. ആ വർഷം സർവ്വകലാശാലയിലെ മികച്ച പ്രോഗ്രാം കോഓർഡിനേറ്റർക്കുള്ള അവാർഡും ഡോ. ഫീബാറാണി ജോണിന് ലഭിച്ചിരുന്നു. അതേ വർഷം സംസ്ഥാനത്തെ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിനുള്ള അവാർഡും വിമല കോളേജിന് ലഭിച്ചു. മികച്ച നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ഡോ. ഫീബാറാണി സ്വന്തമാക്കി. പിന്നീട് 2017 – 2018 അധ്യയന വർഷത്തെ മികച്ച ആൻ്റിനാർക്കോട്ടിക് ക്ലബിനുള്ള സംസ്ഥാന അവാർഡ് വിമല കോളേജിനെ തേടിയെത്തിയതിന് പിന്നിലും ക്ലബിൻ്റെ കോഓർഡിനേറ്ററായ ഫീബാറാണിയായിരുന്നു. അതേ വർഷം തൃശൂർ ജില്ലയിലെ മികച്ച ആൻ്റിനാർക്കോട്ടിക് ക്ലബ് അവാർഡും വിമല കോളേജിന് ലഭിച്ചിരുന്നു. എക്സൈസ് വകുപ്പ് ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കയ്യെഴുത്ത് മാസിക മത്സരത്തിൽ വിമല കോളേജ് ഒന്നാം സ്ഥാനം നേടിയപ്പോൾ പ്രസ്തുത കയ്യെഴുത്ത് മാസിക, വഴിവിളക്കിൻ്റെ എഡിറ്റർ ഡോ. ഫീബാറാണി ജോൺ ആയിരുന്നു. 2017 മുതൽ 2023 വരെ കോളജിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലെയ്സ്മെൻ്റ് സെൽ കോഓർഡിനേറ്ററും 2023 മുതൽ അംഗവുമാണ്. ഈ കാലയളവിൽ കോളജിലെ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് വിവിധ സ്ഥാപനങ്ങളിൽ പ്ളെയ്സ്മെൻ്റ് സൗകര്യമൊരുക്കി. നിലവിൽ കേരള നോളജ് ഇക്കോണമി മിഷൻ്റെ കണക്ട് കരിയർ ടു കാമ്പസ് പദ്ധതിയുടെ കോഓർഡിനേറ്ററാണ്. കേരള ഡെവലപ്മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻ്റെ മാസ്റ്റർ മെൻ്റർ അവാർഡ് ജേതാവാണ്. വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ച് 2012ൽ ഡോ. ഫീബാറാണി ജോണിന് മുഖ്യമന്ത്രിയുടെ അഭിനന്ദന പത്രം ലഭിച്ചിട്ടുണ്ട്.

ഫോട്ടോ ഒന്ന്: വിമല കോളേജ്, തൃശൂർ

ഫോട്ടോ രണ്ട്: ഡോ. ഫീബാറാണി ജോൺ, കോഓർഡിനേറ്റർ, ഭൂമിത്രസേന ക്ലബ്, വിമല കോളേജ്, തൃശൂർ

JALEESH PETER
Education & Career Guidance Expert since 1994
Ph. 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *