മതേതരത്വ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഉറപ്പാക്കി രാജ്യത്തിന്റെ വികസനത്തിന് അടിത്തറപാകിയ ദീര്‍ഘവീക്ഷണശാലിയായ ഭരണാധികാരിയായിരുന്നു രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. മതേതരത്വ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്ന ഈ കാലത്ത് നെഹ്‌റുവീയന്‍ ചിന്തയിലേക്കുള്ള മടങ്ങിപ്പോക്ക് അനിവാര്യമാണെന്നും സുധീരന്‍ പറഞ്ഞു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 61-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സമകാലീന ഇന്ത്യയില്‍ നെഹ്‌റുവിന്റെ പ്രസക്തി എന്ന വിഷയത്തില്‍ കെപിസിസി ഓഫീസില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.നെഹ്‌റുവീയന്‍ ചിന്തകളില്‍ നിന്നുള്ള വ്യതിയാനമാണ് വര്‍ഗീയ ശക്തികള്‍ രാജ്യത്ത് വേരൂന്നാന്‍ ഇടയാക്കിയത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട ഭരണാധികാരിയായിരുന്ന അദ്ദേഹം. പ്രതിപക്ഷ ശബ്ദങ്ങള്‍ കേട്ടിരുന്നു.അദ്ദേഹത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നെഹ്‌റു അനുവദിച്ചിരുന്നു. ഇന്ന് പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ പാര്‍ലമെന്റ് അംഗത്വം പോലും റദ്ദാക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവുവെയ്ക്കുന്ന മോദിയുടെ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയത്. നെഹ്‌റു സ്വയം വിമര്‍ശനത്തിന് വിധേയമായിരുന്നു. സ്വേച്ഛാധിപതിയിലേക്ക് വഴിമാറുമോയെന്ന ആശങ്ക പ്രകടമാക്കി മോഡേണ്‍ റിവ്യൂ എന്ന പത്രത്തില്‍ ചാണക്യ എന്ന പേരില്‍ നെഹ്‌റു എഴുതിയ രാഷ്ട്രപതിയെന്ന ലേഖനം അതിന് ഏറ്റവും വലിയെ തെളിവാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയെങ്ങനെ ആയിരിക്കണമെന്ന കൃത്യമായ കാഴ്ചപ്പാട് നെഹ്‌റുവിനുണ്ടായിരുന്നു. രാജ്യത്തെ വികസന പുരോഗതിയിലേക്ക് നയിച്ചു.സുശക്തമായ വിദേശനയവും സാമ്പത്തിക നയങ്ങളും നടപ്പാക്കി. ജനാധിപത്യവും മതേതരത്വവും ചോദ്യം ചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്ത് നെഹ്‌റുവിന്റെ പ്രസക്തി വര്‍ധിക്കുകയാണെന്നും അദ്ദേഹത്തെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളെ അതിജീവിക്കാനുള്ള ശക്തി നെഹ്‌റുവീയന്‍ ആശയങ്ങള്‍ക്കുണ്ടെന്നും വി.എം.സുധീരന്‍ പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പൈതൃകത്തെ മനസിലാക്കാന്‍ ആര്‍എസ്എസും സിപിഎമ്മും പരാജയപ്പെട്ടെന്ന് ചരിത്രകാരന്‍ ഡോ. അജയ്കുമാര്‍ കോടോത്ത് പറഞ്ഞു. ഇന്ത്യന്‍ ദേശീയതയേയും ദേശീയപ്രസ്ഥാനത്തേയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് ഈ രണ്ട് പ്രസ്ഥാനങ്ങളുടെയും പാളിച്ച. സ്വാതന്ത്ര്യ സമരം ഒരു ഇന്ത്യന്‍ വിപ്ലവമായിരുന്നു. അക്കാലത്തെ ബ്രട്ടീഷ് സാമ്രാജ്യത്തിനെതിരായ പേരാട്ടത്തേക്കാള്‍ ദുഷ്‌ക്കരമാണ് ഇന്നത്തെ സംഘപരിവാര്‍ ഫാസിസത്തിന് എതിരായ പോരാട്ടം. വര്‍ഗീയ വിഷം നമ്മുടെ രക്തത്തെ മലീമസമാക്കിയിരിക്കുന്നു. നമ്മുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ദേശീയപ്രസ്ഥാനത്ത് കാലത്ത് നടന്ന പോരാട്ടത്തിനെതിരായ പ്രതിവിപ്ലമാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്ന് നടക്കുന്നത്. രാജ്യത്തോട് പ്രതിബദ്ധതയുള്ള എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും അതിനെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് പോരാടണമെന്നും അജയ്കുമാര്‍ കോടോത്ത് പറഞ്ഞു.
വര്‍ത്തമാനകാലത്തെ മാത്രമല്ല ഭാവിയിലേക്കുമുള്ള ആശയമാണ് നെഹ്‌റുവീയന്‍ ചിന്തകളെന്ന് കേരള ഹിസ്റ്ററി കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി ഡോ.സെബാസ്റ്റിയന്‍ ജോസഫ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ദേശീയതയുടെ പിതാവെന്ന് ആര്‍ക്കെങ്കിലും അവകാശപ്പെടാന്‍ കഴിയുമെങ്കില്‍ അത് മുഗള്‍ സാമ്രാജ്യത്തിന്റെ മഹാശില്‍പി അക്ബര്‍ ചക്രവര്‍ത്തിക്കായിരിക്കും എന്ന മതേതര ചിന്താഗതി മുന്നോട്ട് വെച്ച നെഹ്‌റുവിനെയാണ് സംഘപരിവാര്‍ ശക്തികള്‍ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ശ്രമിക്കുന്നത്. നെഹ്‌റുവീയന്‍ ആശയങ്ങളെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുകയെയുള്ളു.കാരണം നെഹ്‌റുവിനെ മായ്ക്കാന്‍ ശ്രമിക്കുമ്പോഴും അത് നാളെകളില്‍ കൂടുതല്‍ ശക്തമായി പ്രകടമാകുമെന്നും ഇന്ത്യന്‍ ജനതയുടെ സംസ്‌കാരത്തില്‍ അലിഞ്ഞതാണ് നെഹ്‌റുവീയന്‍ ചിന്തകളെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ് ബാബു സ്വാഗതവും എം.ലിജു നന്ദിയും പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി ആശംസാ പ്രസംഗം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍,ജി.സുബോധന്‍, എം.വിന്‍സന്റ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
വി.എം.സുധീരന്റെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ്,കെ.മോഹന്‍കുമാര്‍,ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, കമ്പറ നാരായണന്‍, എം.എ.വാഹിദ്,കൊറ്റാമം വിമല്‍കുമാര്‍, ആര്‍.ലക്ഷ്മി, ആര്‍.വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.