സുസ്ഥിര കേരളം ശിൽപ്പശാല സംഘടിപ്പിച്ചു.
സംസ്ഥാന പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സംഘടിപ്പിച്ച സുസ്ഥിര കേരളം ശിൽപ്പശാല എസ് പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
സുസ്ഥിരവും ഫലപ്രദവുമായ സാമൂഹ്യ വികസനത്തിന് ഡാറ്റകളുടെ കൃത്യമായ പഠനവും വിശകലനവും പ്രധാനമാണെന്ന് ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സംസ്ഥാനം വികസന ലക്ഷ്യങ്ങൾ നേടുവാൻ ചെയ്യുന്ന കാര്യങ്ങൾ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഭരണപരമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനു വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ളതും, സംസ്ഥാനത്തിലെ പല കാലഘട്ടങ്ങളിലുള്ള സ്ഥിതികൾ തമ്മിലുള്ള താരതമ്യ പഠനവും വേണം. ഇതുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമായി ഡാഷ്‌ബോർഡിൽ അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കണം. വിശകലനത്തിനും സമൂഹത്തിനു മുന്നിൽ വിവരങ്ങൾ അവതരിപ്പിക്കുന്നതിനും ഇത് ഉപകാരപ്പെടും. കേന്ദ്ര പദ്ധതികളും സ്‌കീമുകളും സംസ്ഥാനത്തിന് ലഭിക്കുന്നതിന് സമയബന്ധിതമായി നടപടിക്രമങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
വളർച്ചയും സമഗ്രമായ വികസനവും ഒരുപോലെ മുൻനിർത്തി കേരളം സുസ്ഥിര വികസനത്തിന്റെ മികച്ച മാതൃക സൃഷ്ടിക്കുകയാണ്. എസ് ഡി ജി ഇന്ത്യ ഇൻഡക്‌സ് 2023-24-ൽ ഏറ്റവുമുയർന്ന സ്ഥാനത്തേക്കെത്തിയ കേരളത്തിന്റെ നേട്ടം സാമൂഹിക സാമ്പത്തിക പരിസ്ഥിതി സംരക്ഷണ വികസന മാർഗരേഖയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളം മുന്നിലാണെന്നും ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തുന്ന ശക്തമായ സമൂഹാധിഷ്ഠിത മാതൃകയാണ് സംസ്ഥാനം ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.