‘വായനാ വസന്തം-വീട്ടിലേക്കൊരു പുസ്തകം’ പദ്ധതിയ്ക്ക് തുടക്കം.
തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളിലൂടെ മൂന്ന് ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ‘വായനാ വസന്തം-വീട്ടിലേക്കൊരു പുസ്തകം’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ സജ്ജരാക്കാനും കഴിവുള്ളവരായി വാർത്തെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലൈബ്രറികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ട്. അവരെ വായനശാലകളിലേക്ക് ആകർഷിക്കുക എന്നത് പ്രധാനമാണ്. ഇതിന് സഹായകമായ ഒന്നായി ‘വായനാ വസന്തം’ പദ്ധതി മാറുണ. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളിൽ 10 ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിൽ വായനയുടെ പ്രാധാന്യം ആഴത്തിൽ വേരൂന്നിയതിന് പിന്നിൽ ഗ്രന്ഥശാലാ പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. നാടിന്റെ മുക്കിലും മൂലയിലും ഇന്ന് കാണുന്ന വായനശാലകൾക്ക് പിന്നിൽ ഈ പ്രസ്ഥാനം പ്രചോദന ശക്തിയായി നിന്നു. പുതുതലമുറയെ വായനയിലേക്ക് കൈപിടിച്ചു നടത്താൻ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം എല്ലാ കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. വായനശാലകളിൽ സ്ഥാപിച്ച എഴുത്തുപെട്ടികൾ, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായനോത്സവം, ചിൽഡ്രൻസ് ഹോം ലൈബ്രറി സർവീസ് തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.
സ്ത്രീകൾക്കും അതിഥി തൊഴിലാളികൾക്കും ഗ്രന്ഥശാലാ സേവനങ്ങൾ എത്തിക്കുന്നതിന് ലൈബ്രറി കൗൺസിൽ നടത്തുന്ന ശ്രമങ്ങളെ സമൂഹം താൽപ്പര്യത്തോടെയാണ് വീക്ഷിക്കുന്നത്. ട്രൈബൽ ലൈബ്രറികളും ജയിൽ ലൈബ്രറികളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.