ഒറീസയിൽ മലയാളി കത്തോലിക്ക വൈദികർക്കെതിരായ ആക്രമണം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു കെസി വേണുഗോപാൽ എം പി ഒഡീഷ മുഖ്യമന്ത്രിക്ക് കത്തയച്ചു

Spread the love

ഒഡീഷയിലെ സംബൽപൂർ ജില്ലയിൽ തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി കത്തോലിക്കാ വൈദികർ ക്രൂരപീഡനങ്ങൾക്കിരയായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കർശന നിയമനടപടി സ്വീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ഒറീസ മുഖ്യമന്ത്രി മോഹൻ ചരൺ മാഝിക്ക് കെ സി വേണുഗോപാൽ കത്തുനൽകി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായി നടക്കുന്ന അക്രമങ്ങളിൽ ഏറ്റവും ഒടുവിലത്തെതാണിത്. സംസ്ഥാനത്ത് ഇത്തരം അക്രമങ്ങൾ തുടർക്കഥയാകുന്നത് നിർഭാഗ്യകരമാണ്.
വൈദികർ ബോയ്സ് ഹോസ്റ്റലിൽ വച്ച് ക്രൂര പീഡനത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണ്. ഈ ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടി സ്വീകരിക്കണം. ഇരകളുടെ സുരക്ഷയും നിയമവാഴ്ചയും ഉറപ്പാക്കുന്നതിന് കുറ്റവാളികളെ വേഗത്തിൽ പിടികൂടി നീതിയുടെ മുന്നിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇത്തരം അക്രമങ്ങൾ വ്യക്തികളുടെ മൗലികാവകാശങ്ങൾ ലംഘിക്കുക മാത്രമല്ല, നമ്മുടെ രാജ്യം വിലമതിക്കുന്ന സാമുദായിക ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാണ്.ക്രൈസ്തവ പുരോഹിതരുടെയും ജീവനക്കാരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കെ സി വേണുഗോപാൽ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *