ലോക ക്ഷീര ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
ലോക ക്ഷീര ദിനാചരണത്തിന്റെയും അന്താരാഷ്ട്ര സഹകരണ വർഷാചാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് മന്ത്രി അറിയിച്ചു.
ഈ വർഷം പതിനായിരം കന്നുകാലികളെ കൂടി കേരളത്തിലേക്ക് കൊണ്ടു വരുന്നു. മൃഗചികിത്സാസേവനം ഉറപ്പുവരുത്തുന്നതിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തിലും വാഹനം കൊടുക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മൊബൈൽ സർജറി യൂണിറ്റുകൾ, വെറ്ററിനറി ആംബുലൻസുകൾ എന്നിവ എല്ലാ ബ്ലോക്ക് പഞ്ചായത്തുകൾക്കും ലഭ്യമാക്കുന്നു. 1962 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനവും വാഹനവും മരുന്നും ക്ഷീരകർഷകർക്ക് ലഭ്യമാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. പശുക്കളുടെ ചികിത്സയ്ക്കായി ഓൺലൈനായി ഒ.പി ടിക്കറ്റ് എടുക്കുന്ന സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഫോക്കസ് ബ്ലോക്കുകൾ കേന്ദ്രീകരിച്ച് പദ്ധതികൾ സംഘടിപ്പിച്ച് ക്ഷീര വികസനം സാധ്യമാക്കുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി ഒട്ടേറെ നൂതന പദ്ധതികൾ നടപ്പിലാക്കുന്നു. കേരളത്തിൽ വകുപ്പിനെക്കാൾ കൂടുതൽ തുക ചെലവഴിക്കുന്നത് ത്രിതല പഞ്ചായത്തുകളാണ് എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.