അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

Spread the love

തിരുവനന്തപുരം : 2025-26 വര്‍ഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും കുട്ടിയുടെ വളര്‍ച്ച നാഴികക്കല്ലുകള്‍ രേഖപ്പെടുത്തി നിരീക്ഷണ അവലോകനം ചെയ്യുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘കുഞ്ഞൂസ് കാര്‍ഡ്’ വിതരണവും ജൂണ്‍ 3 ചൊവ്വാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്തിലെ 72-ാം നമ്പര്‍ അങ്കണവാടിയില്‍ വച്ച് ആരോഗ്യ വനിത ശിശു വികസന വകുപ്പ് വീണാ ജോര്‍ജ് നിര്‍വഹിക്കും.

അങ്കണവാടികളുടെയും അവയിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെയും പ്രാധാന്യം, അനൗപചാരിക പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും സംസ്ഥാനമൊട്ടാകെ അങ്കണവാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് 33,120 അങ്കണവാടികളിലായി മൂന്നര ലക്ഷത്തോളം കുട്ടികളാണുള്ളത്.

സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്) സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്നത്. 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികളിലെ ശാരീരികം, വൈജ്ഞാനികം, സാമൂഹിക -വൈകാരികം, ഭാഷാപരം, സര്‍ഗാത്മകം എന്നീ 5 വികാസ മേഖലകളിലെ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സമഗ്ര വികാസം പ്രാപ്തമാക്കാന്‍ അങ്കണവാടികളിലൂടെയുള്ള വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കുന്നു. ഇതിനുപരിയായി തീം അധിഷ്ഠിത പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ജീവിത നൈപുണ്യങ്ങള്‍, വളര്‍ച്ച, സ്വഭാവ രൂപീകരണം എന്നിവ വികസിപ്പിക്കുന്നതിന് അടിസ്ഥാനമിടുന്നു. കൂടാതെ കുട്ടികളിലെ പോഷകാഹാരനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അനുപൂരക പോഷകാഹാരം നല്‍കുന്നതിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി ആവിഷ്‌കരിച്ച ‘പാലും മുട്ടയും’ നല്‍കുന്നതു പോലെയുള്ള ‘പോഷകബാല്യം’ പദ്ധതികളും അങ്കണവാടികള്‍ വഴി നടപ്പാക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *