പ്രതിപക്ഷ നേതാവ് നിലമ്പൂര്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനം. (04/06/2025).
മലപ്പുറം വിരുദ്ധ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പിണറായി വിജയന്‍; സംഘ്പരിവാര്‍ നറേറ്റീവ് സി.പി.എം നേതാക്കള്‍ ആവര്‍ത്തിക്കുന്നത് ഡല്‍ഹിയിലെ യജമാനന്‍മാരെ സന്തോഷിപ്പിക്കാന്‍; മുഖ്യമന്ത്രി പങ്കെടുത്തതിനേക്കാള്‍ മഹത്തായ കണ്‍വെന്‍ഷനാണ് യു.ഡി.എഫ് നടത്തിയതെന്നത് മറച്ചു വയ്ക്കാനാണ് ചില മാധ്യമങ്ങള്‍ ‘തങ്ങള്‍ കുടുംബം’ ബഹിഷ്‌ക്കരിച്ചെന്ന വ്യാജ വാര്‍ത്തയുണ്ടാക്കിയത്; ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കുറച്ചത് ക്രൂരത; നിര്‍മ്മാണ കമ്പനികളുമായി സംസ്ഥാന സര്‍ക്കാരിലെ ചിലര്‍ക്ക് ബന്ധമുള്ളതു കൊണ്ടാണ് ദേശീയപാത തകര്‍ന്നതില്‍ ആര്‍ക്കും പരാതി ഇല്ലാത്തത്; സി.പി.എം- ബി.ജെ.പി ബാന്ധവത്തെ പരാജയപ്പെടുത്തി നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉജ്ജ്വല ഭൂരിപക്ഷത്തില്‍ വിജയിക്കും.
നിലമ്പൂര്‍ :മലപ്പുറം ജില്ലയെ കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച ആളാണ് പിണറായി വിജയന്‍. മലപ്പുറത്ത് സ്വര്‍ണക്കടത്തും തീവ്രവാദവുമായി നടക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പി.ആര്‍ ടീം ഡല്‍ഹിയിലെ എല്ലാ മാധ്യമങ്ങള്‍ക്കും കുറിപ്പ് കൊടുത്തു. അതിനു പിന്നാലെ മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് അഭിമുഖം നല്‍കി. ഇതിന് പിന്നില്‍ സംഘ്പരിവാര്‍ അജണ്ടയുണ്ടായിരുന്നു. സംഘ്പരിവാര്‍ തീവ്രവാദത്തിന് കുടപിടിക്കുന്ന അഭിമുഖമാണ് മുഖ്യമന്ത്രി നല്‍കിയത്. മുഖ്യമന്ത്രിയും സംഘ്പരിവാറും ഒരേ പാതയിലാണ് സഞ്ചരിക്കുന്നത്. നിലമ്പൂരില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നയിക്കാന്‍ എത്തിയിരിക്കുന്ന എ. വിജയരാഘവനും മലപ്പുറത്തെ അപമാനിക്കുന്ന നിരവധി പ്രസ്താവനകളാണ് നടത്തിയത്. പ്രിയങ്ക ഗാന്ധി വിജയിച്ചത് വര്‍ഗീയവാദികള്‍ വോട്ട് ചെയ്തിട്ടാണെന്ന മുന്‍ പ്രസ്താവനയില്‍ വിജയരാഘവന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ? നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രിയങ്കഗാന്ധിക്ക് വേണ്ടി വോട്ട് ചെയത്
തൊണ്ണൂറ്റി അയ്യായിരത്തോളം പേര്‍ തീവ്രവാദികളാണോ? ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞേ മതിയാകൂ. മലപ്പുറത്തെ കുറിച്ചും ലീഗ് നേതാക്കളെ കുറിച്ചും സാദിഖലി തങ്ങളെ കുറിച്ചും വിജയരാഘവന്‍ നിരവധി മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഹൈവേക്കെതിരെ സമരം ചെയ്തവരും മലപ്പുറത്ത് എത്തുമ്പോള്‍ വിജയരാഘവന് തീവ്രവാദികളാണ്. മുസ്ലീം തീവ്രവാദികളെന്നും മലപ്പുറത്തെ തീവ്രവാദികളെന്നും സി.പി.എം നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞ അതേ കാര്യങ്ങളാണ് വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളും പറഞ്ഞത്. മലപ്പുറം മുഴുവന്‍ തീവ്രവാദികളാണെന്നും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നുമുള്ള നിലപാടില്‍ സി.പി.എം ഇപ്പോഴും
ഉറച്ചു നില്‍ക്കുന്നുണ്ടോ? പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എം ഉള്‍പ്പെടെ എല്ലാ എല്‍.ഡി.എഫ് ഘടകകക്ഷികളുടെയും വോട്ട് പ്രിയങ്കഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് നേരത്തെ കിട്ടിയിരുന്നത് തീവ്രവാദികളുടെ വോട്ടാണോ? യുക്തിരഹിതമായ വര്‍ത്തമാനമാണ് സി.പി.എം പറയുന്നത്. സംഘ്പരിവാറും സി.പി.എമ്മും ഒരേ തോണിയില്‍ യാത്ര ചെയ്യുകയാണ്. ഈ അവിശുദ്ധ ബാന്ധവം ഉള്ളതു കൊണ്ടാണ് സ്ഥാനാര്‍ത്ഥി വേണ്ടെന്ന് ബി.ജെ.പി ആദ്യം തീരുമാനിച്ചത്. നേതൃത്വത്തിന് എതിരെ പ്രതിഷേധം ഉണ്ടായപ്പോഴാണ് ബി.ജെ.പിക്കാര്‍ക്ക് പോലും അറിയാത്ത ഏതോ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിച്ചത്. സി.പി.എം- ബി.ജെ.പി ബാന്ധവത്തെ പരാജയപ്പെടുത്തി ഉജ്ജ്വല ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിലമ്പൂരില്‍ വിജയിക്കും.
കോപ്പി അടിച്ചാണ് മലപ്പുറത്തെ കുട്ടികള്‍ ജയിക്കുന്നതെന്നാണ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. ഇപ്പോഴും ആരാണ് മലപ്പുറത്തെ കോര്‍ണര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. മലപ്പുറത്തെ കുറിച്ച് ഇത്രയും മോശമായ ക്യാപയില്‍ വര്‍ഷങ്ങളായി സി.പി.എം തുടങ്ങിയത്. അത് എല്ലാവര്‍ക്കും അറിയാം. ഇത്രയും മതസൗഹാര്‍ദത്തോടെ ജീവിക്കുന്ന ജനത ഒരു ജില്ലയിലും ഉണ്ടാകില്ല. ഒരു ജില്ലയെ വര്‍ഗീയമാക്കി അധിക്ഷേപിച്ച നാണംകെട്ട പ്രസ്ഥാനത്തിന്റെ ആളിനെയാണ് തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വര്‍ഗീയ പ്രചരണം നടത്തിയ ആളാണ് വിജയരാഘവന്‍. മലപ്പുറം വിരുദ്ധ പ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് നേതൃത്വം നല്‍കുന്നത്. ഡല്‍ഹിയിലെ യജമാനന്‍മാരെ സന്തോഷിപ്പിക്കാനാണ് സംഘ്പരിവാര്‍ നറേറ്റീവ് സി.പി.എം നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.
ദേശീയപാത നിര്‍മ്മാണത്തില്‍ ഗുരുതരമായ എന്‍ജീനീയറിങ് പിഴവുകളും കോടികളുടെ അഴിമതിയുമാണ് നടന്നത്. കൂരിയാണ് ഉള്‍പ്പെടെ എല്ലായിടത്തും ദേശീയപാത നിര്‍മ്മിതികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയാണ്. ഈ ക്രമക്കേടുകളില്‍ കേരള സര്‍ക്കാരിന് ഒരു പരാതിയും ഇല്ലേ? പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ അന്നത്തെ മന്ത്രിക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇപ്പോള്‍ ദേശീയ പാതയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഗുരുതര അഴിമതിയില്‍ ഒരു പരാതിയുമില്ല. പരാതിപ്പെടാന്‍ ഭയമാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ മോദിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നില്‍ക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു പരാതിയും ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. റോഡിന്റെ പേരില്‍ അവകാശവാദം ഉന്നയിച്ച് നടന്നവരെയും ഇപ്പോള്‍ കാണാനില്ല. ദേശീയപാത നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണം. നിര്‍മ്മാണ കമ്പനികളുമായി ആരൊക്കെയാണ് ബന്ധപ്പെട്ടതെന്ന് അന്വേഷിക്കണം. ഇതില്‍ സംസ്ഥാന സര്‍ക്കാരിലെ ചില ആളുകളും ഉണ്ടെന്നതിന്റെ സൂചന കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ഇവര്‍ക്ക് പരാതി ഇല്ലാത്തത്.
ആറേഴു മാസം പെന്‍ഷന്‍ നല്‍കാതിരുന്നവര്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് നല്‍കുന്നത്. അത് ശരിയായ രീതിയല്ല. അതാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. അതില്‍ ഉറച്ചു നില്‍ക്കുന്നു. കുടിശിക വരുത്തിയിട്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒന്നിച്ചു നല്‍കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. ഇത് സി.പി.എമ്മിന്റെ സ്ഥിരം പരിപാടിയാണ്. ഒന്നിച്ച് പെന്‍ഷന്‍ പണം നല്‍കുമ്പോള്‍ അതിനെ എതിര്‍ക്കാനാകില്ല. പാവങ്ങള്‍ പട്ടിണിയും പരിവട്ടവുമായി നില്‍ക്കുകയാണ്. കൊടുക്കരുതെന്ന് ഒരു പൊതുപ്രവര്‍ത്തകനും പറയാനാകില്ല. എന്നാല്‍ പാവങ്ങളുടെ കഷ്ടപ്പാടിനെ മുതലെടുക്കുന്നതിനെ കുറിച്ച് പറയും. കെട്ടിട നിര്‍മ്മാണ് തൊഴിലാളികള്‍ക്ക് അവരുടെ ക്ഷേമനിധി പെന്‍ഷന്‍ പോലും നല്‍കുന്നില്ല. 25000 കോടിയാണ് ക്ഷേമനിധികളില്‍ നിന്നും എടുത്തത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ക്ഷേമനിധി പെന്‍ഷനും സാമൂഹിക സുരക്ഷാ പെന്‍ഷനും ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ഒന്നും കിട്ടാത്ത അവസ്ഥയാണ്. പെന്‍ഷന്‍ കൊണ്ട് ഒരു കോടി ആളുകളാണ് ജീവിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പെന്‍ഷന്‍ കുടിശിക നല്‍കുന്നതിലൂടെ പാവങ്ങളുടെ ദൈന്യതയെ
സര്‍ക്കാര്‍ മുതലെടുക്കുകയാണ്. കേരളത്തില്‍ ധനപ്രതിസന്ധി ഇല്ലെന്നു പറയുന്ന മുഖ്യമന്ത്രി ഒന്നര ലക്ഷം കോടി രൂപയാണ് നല്‍കാനുള്ളത്. സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല. കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്ന് കമ്പനികള്‍ 30 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒറ്റ ഉത്തരവില്‍ രണ്ടു തവണ വൈദ്യുതി ചാര്‍ജ് കൂട്ടിയത്. അതുംപോരാഞ്ഞ് ഒരു യൂണിറ്റിന് 32 പൈസ കൂടി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റെഗുലേറ്ററി ബോര്‍ഡിന് രഹസ്യമായി കത്ത് നല്‍കിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്
ഉണ്ടാക്കിയ വൈദ്യുത കരാര്‍ അദാനിക്ക് വേണ്ടി റദ്ദാക്കിയതാണ് കെ.എസ്.ഇ.ബിയിലെ പ്രതിസന്ധിക്ക് കാരണം. 4 രൂപ 29 പൈസക്ക് കിട്ടിക്കൊണ്ടിരുന്ന കരാര്‍ റദ്ദാക്കിയവര്‍ ഇപ്പോള്‍ 8 മുതല്‍ 12 രൂപ നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ ദിവസേന 20 കോടിയുടെ കടമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടാക്കിയതിലൂടെ എത്ര രൂപ കമ്മീഷന്‍ കിട്ടിയെന്ന് സര്‍ക്കാര്‍ പറയണം. 25 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി കരാര്‍ ഉണ്ടാക്കിയത് ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരുന്ന കാലത്താണ്.
യു.ഡി.എഫിന്റെ തീരുമാനമാണ് യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ പ്രഖ്യാപിച്ചത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ ഏറ്റെടുക്കുന്നു. നിലമ്പൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ്. അതിനും അപ്പുറത്തേക്ക് കൊണ്ടു പോകാന്‍ ആരും ശ്രമിക്കേണ്ട. ആര് ശ്രമിച്ചാലും അതിന് അപ്പുറത്തേക്ക് ഞങ്ങള്‍ പോകില്ല. യു.ഡി.എഫിന് കിട്ടേണ്ട ഒരു വോട്ടും പുറത്തു പോകില്ല. ഞങ്ങളുടെ രാഷ്ട്രീയ വോട്ടും സര്‍ക്കാരിന് എതിരായ വോട്ടും യു.ഡി.എഫിന് കിട്ടും. സര്‍ക്കാരിനോടുള്ള പ്രതിഷേധ വോട്ട് യു.ഡി.എഫിന് തന്നെ കിട്ടും. ബി.ജെ.പി പോലും മത്സരരംഗത്തില്ല. യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ രാഷ്ട്രീയപോരാട്ടം നടക്കുമ്പോള്‍ സര്‍ക്കാരിന് എതിരായ വോട്ട് യു.ഡി.എഫിന് അല്ലാതെ മറ്റാര്‍ക്കെങ്കിലും ചെയ്യുമോ? നല്ല രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ് നിലമ്പൂരിലെ വോട്ടര്‍മാര്‍. ഭൂരിപക്ഷം കാണുമ്പോള്‍ എല്ലാ സംശയവും തീരും.
സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരോടും സര്‍ക്കാര്‍ വീണ്ടും ക്രൂരത കാട്ടുകയാണ്. സമരം ആരംഭിച്ചപ്പോള്‍ ഇന്‍സെന്റീവ് കുറയുന്ന പത്ത് നിബന്ധനകള്‍ പിന്‍വിച്ചെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പുതിയ നിബന്ധനകള്‍ വന്നപ്പോള്‍ പഴയ പത്ത് നിബന്ധനകളും മറ്റൊരു രീതിയില്‍ കൂട്ടിച്ചേര്‍ത്തു. 7000 കിട്ടേണ്ട സ്ഥാനത്ത് നിരവധി പേര്‍ക്ക് 3500 രൂപ മാത്രമാണ് ഓണറേറിയം കിട്ടിയത്. സ്‌കൂള്‍ തുറക്കുന്ന കാലത്താണ് ഒരു ദിവസം മുഴുവന്‍ ജോലിയെടുക്കുന്നവര്‍ക്ക് 3500 രൂപ നല്‍കിയിരിക്കുന്നത്. ആശ പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തെയും പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമിക്കുന്ന ക്രൂരമായ മനസിന്റെ ഉടമകളാണ് ഈ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. സര്‍ക്കാരിന് എതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രേഹികളാണെന്ന് പറയുന്ന നരേന്ദ്രമേദി സര്‍ക്കാരിന്റെ മനോഭാവമാണ് പിണറായി വിജയനും. സമരം ചെയ്തു എന്നതിന്റെ പോരില്‍ ആശ വര്‍ക്കര്‍മാരോടും അവരുടെ കുടുംബത്തോടും ചെയ്യുന്ന ക്രൂരത ഈ സര്‍ക്കാര്‍ അവസാനിപ്പിക്കണം. നിങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലേ? മുതാലാളിത്ത മനോഭാവത്തോടെ സമരം ചെയ്യുന്നവരെ നോക്കിക്കാണരുത്.
സര്‍ക്കാരിനെ ഒരുപാട് പേര്‍ വിമര്‍ശിക്കുന്നുണ്ട്. എല്‍.ഡി.എഫിലുള്ളവര്‍ പോലും വിമര്‍ശിക്കുന്നുണ്ട്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ പോലും ആശ സമരത്തില്‍ യു.ഡി.എഫിന്റെ അഭിപ്രായമാണ് പറഞ്ഞത്. ഇടത് സഹയാത്രികരെല്ലാം ഈ സര്‍ക്കാരിന് എതിരാണ്. ഇവരൊക്കെ ഇത്തവണ യു.ഡി.എഫിന് കിട്ടും. ആ വോട്ട് പാലക്കാടും യു.ഡി.എഫിന് കിട്ടി. ആശ സമരത്തിനൊപ്പം പ്രതിപക്ഷമുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ ഇന്‍സെന്റീവ് കൊടുക്കാന്‍ തീരുമാനിച്ചതിനും സര്‍ക്കാര്‍ പാരവയ്ക്കുകയാണ്. എന്നിട്ടാണ് ഓണറേറിയം കുറച്ച് അവരെ പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമിക്കുന്നത്. കേരള ചരിത്രത്തില്‍ ഇതുവരെ ഒരു സര്‍ക്കാരും സമരം ചെയ്യുന്നവരോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടില്ല. തീവ്രവലതുപക്ഷ സര്‍ക്കാരാണിത്. അതുകൊണ്ട് തന്നെ ഇടത് മനസുള്ള ആരും എല്‍.ഡി.എഫിന് വോട്ട് ചെയ്യില്ല.
ഒരു കാലത്തും കണ്ടിട്ടില്ലാത്ത തിരഞ്ഞെടുപ്പ് പ്രചരണമാണ് യു.ഡി.എഫ് നിലമ്പൂരില്‍ നടത്തുന്നത്. എന്തെങ്കില്‍ വീണു കിട്ടിയാല്‍ അതിനെ ആയുധമാക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഹജ്ജിന് പോയ തങ്ങള്‍ എങ്ങനെയാണ് യു.ഡി.എഫ് യോഗം ബഹിഷ്‌ക്കരിക്കുന്നത്? അങ്ങനെ വാര്‍ത്ത നല്‍കിയ ആളുകളാണ് നിങ്ങള്‍. പിറ്റേ ദിവസത്തെ പര്യടനം ഉദ്ഘാടനം ചെയ്യുന്നത് അബ്ബാസലി തങ്ങളാണെന്ന് അറിഞ്ഞിട്ടും അത് മറച്ചുവച്ചു. മുഖ്യമന്ത്രി പങ്കെടുത്തതിനേക്കാള്‍ മഹത്തായ കണ്‍വെന്‍ഷനാണ് നടന്നത്. അതിന്റെ വൈബ് എന്തായിരുന്നെന്ന് നിങ്ങളും കണ്ടതാണ്. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്രയും വൈബുള്ള ഒരു
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കണ്ടിട്ടില്ല. ആ കണ്‍വെഷന്റെ ശോഭ കെടുത്താന്‍ മനപൂര്‍വമായി ഉണ്ടാക്കിയ വാര്‍ത്തയാണ് തങ്ങള്‍ കുടുംബം ബഹിഷ്‌ക്കരിച്ചു എന്നത്. തങ്ങള്‍ കുടുംബം ബഹിഷ്‌ക്കരിച്ചാല്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ആരും വേദിയില്‍ ഉണ്ടാകില്ലെന്നു മനസിലാക്കാനുള്ള സാമാന്യബുദ്ധി ഈ വര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാള്‍ക്ക് ഇല്ലേ? എല്ലാവരെയുമല്ല പറയുന്നത്. നിങ്ങള്‍ ആര് ഇതുപോലുള്ള വര്‍ത്ത നല്‍കിയാലും പേരെടുത്ത് തന്നെ പറയും. മനപൂര്‍വമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. പാലക്കാടും ഇത് കണ്ടതാണ്. പരസ്യത്തിനോ അല്ലാതെയോ കൊടുക്കാന്‍ ഞങ്ങളുടെ കയ്യില്‍ പണമില്ല. എന്നാലും എനിക്ക് ഫ്രീയായി എയര്‍ ടൈം കിട്ടുന്നുണ്ട്. എത്ര തവണയാണ് എന്റെ പേര് പറയുന്നത്. അതില്‍ സന്തോഷമുണ്ട്. ഇത് പാലക്കാടും കിട്ടിയതാണ്. എന്നിട്ടും ഒന്നും സംഭവിച്ചില്ലല്ലോ? ഞങ്ങള്‍ പറഞ്ഞയിടത്ത് തന്നെയല്ലേ ചെന്നു നിന്നത്. ഞങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കിക്കോ. എങ്കിലും വാര്‍ത്തയുടെ ഔചിത്യം പരിശോധിച്ചിട്ടെങ്കിലും നല്‍കണം. ഇത് അഭ്യര്‍ത്ഥനയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊട്ടിത്തെറിച്ചു എന്ന് വാര്‍ത്ത കൊടുക്കരുത്.