സ്‌കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി എക്സിബിഷൻ നടത്തും : മന്ത്രി വി. ശിവൻകുട്ടി

Spread the love

ലഹരിവിരുദ്ധ ക്യാമ്പയിൻ: സ്കൂൾ കുട്ടികൾക്കായുള്ള പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പുസ്തക വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്സിബിഷൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

പുസ്തക വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പോലീസ് തുടങ്ങി സമൂഹത്തിലെ വിവിധ ഘടകങ്ങളേയും വകുപ്പുകളെയും കൂട്ടിച്ചേർത്ത് ഒരു സമഗ്ര പരിപാടി തയ്യാറാക്കിയിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകങ്ങൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമായ ബോധവൽക്കരണപുസ്തകങ്ങളാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്‌കരിച്ചപ്പോൾ ലഹരിക്കെതിരായ ബോധവൽക്കരണ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അധ്യയന വർഷത്തിന്റെ പ്രാരംഭത്തിൽ തന്നെ പൗരബോധം ഉളവാക്കുന്ന വിഷയങ്ങളെ മുൻനിർത്തി ദിവസവും ഓരോ മണിക്കൂർ എന്ന നിലയിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ നൽകിവരുന്നുണ്ട്. അവധിക്കാല അധ്യാപക പരിശീലനം, മോഡ്യൂളുകൾ, ​എസ്.ഒ.പി എന്നിവ പരിഗണിച്ച് പ്രാഥമിക കൗൺസിലർമാരായി അധ്യാപകർക്ക് പരിശീലനം നൽകി. രക്ഷിതാക്കൾക്കും പ്രത്യേക കൈപുസ്തകങ്ങളും പരിശീലനവും നൽകി ബന്ധം ശക്തമാക്കിയിട്ടുണ്ട്.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഡോ. അരുൺ ബി. നായരുടെ ‘മനസ്സും ആസക്തികളും’ സി. രാമസ്വാമി ചെട്ടിയാരുടെ ‘ലഹരിയിൽ നിന്നും കുട്ടികളെ മോചിപ്പിക്കാം’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. പൊതുവിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് ഡയറക്ടർ സുജ ചന്ദ്ര പുസ്തകം പരിചയപ്പെടുത്തി. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ റെജി ലൂക്കോസ് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ ഫാ. നെൽസൺ പി. സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ദീപ്തി കെ.ആർ. നന്ദിയും അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *