നിലമ്പൂരിൽ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍വെച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ നടത്തിയ വാര്‍ത്താസമ്മേളനം.
നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പെട്ടി പരിശോധിച്ചത് മനപൂര്‍വ്വ അവഹേളനമാണെന്നും ഇതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. നിലമ്പൂരിൽ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കേരളം അറിയുന്ന ജനപ്രതിനിധികളാണ്. അവരുടെ വാഹനം ആണെന്ന് അറിഞ്ഞുകൊണ്ടാണ് തടഞ്ഞത്. പാലക്കാട് പയറ്റിയ പെട്ടി പരിശോധനയുടെ തനിയാവര്‍ത്തനമാണിത്. അന്ന് പുരുഷ പോലീസ് വനിതാ നേതാക്കളുടെ മുറികളില്‍ പരിശോധിച്ചത് നാം കണ്ടതാണ്. അതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ കേസെടുത്തു. അവിടത്തെ പോലെ നിലമ്പൂരും ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായിട്ടാണ് പെരുമാറിയത്. എംപിയുടെ മുഖത്ത്
ലൈറ്റടിക്കുകയും ആംഗ്യഭാഷയില്‍ പെട്ടിയെടുക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തത് യുഡിഎഫിന്റെ ജനപ്രതിനിധികളെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. എല്‍ഡിഎഫിന്റെ ജനപ്രതിനിധികളെ ഒഴിവാക്കി ഏകപക്ഷീയമായിട്ടാണ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധന. വാഹന പരിശോധന വിവാദമായപ്പോള്‍ ഒത്തുതീര്‍പ്പ് അഭ്യാസമാണ് എല്‍ഡിഎഫിന്റെ ജനപ്രതിനിധിയുടെ വാഹനം പരിശോധിച്ചെന്ന് പറയുന്നത്. ഇതേ നാടകത്തിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രിയുടെ വാഹനം പരിശോധിച്ചെന്നും വരാമെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
പരിശോധനയ്ക്ക് യുഡിഎഫ് എതിരല്ല.പക്ഷെ, ഏകപക്ഷീയമാകരുത്. വാഹനം പരിശോധിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നത് രേഖമൂലം എഴുതി നല്‍കാനാണ് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടത്. പ്രകോപനം സൃഷ്ടിച്ചത് ഉദ്യോഗസ്ഥരാണ്. സ്വാഭാവിക പ്രതികരണം മാത്രമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്നും ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപക്കണമോയെന്നത് യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിലമ്പൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ തമ്പടിച്ച് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അധികാരം ദുരുപയോഗം നടത്തി വാഗ്ദാനങ്ങള്‍ നല്‍കുന്നു.മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതൃത്വവും യുഡിഎഫ് ഉന്നയിച്ച ജനകീയ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുന്നില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നി പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നു. സപ്ലൈകോയില്‍ 13 ഇന നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ കഴിയാതെ സര്‍ക്കാര്‍ നിര്‍ജ്ജീവമാണ്. കാര്‍ഷിക മേഖല തകര്‍ന്നു. റബ്ബര്‍ കര്‍ഷകര്‍ക്ക് കുറെ വാഗ്ദാനം നല്‍കി വഞ്ചിച്ചു.നിലമ്പൂരിലെ കര്‍ഷകരായ വോട്ടര്‍മാര്‍ അതിനെതിരായ അവരുടെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
വന്യമൃഗ ആക്രമണം ഗുരുതര ഭീഷണി ഉയര്‍ത്തുമ്പോള്‍ അത് പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാനും തയ്യാറാകാത്ത സര്‍ക്കാരിന്റെ നിഷ്‌ക്രിയ നിലപാടിനെ സണ്ണി ജോസഫ് വിമര്‍ശിച്ചു. വൈദ്യുതി വേലിയില്‍ തട്ടി നിലമ്പൂരില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ച ദാരുണ സംഭവത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍ ഇതില്‍ യുഡിഎഫിന്റെ ഗൂഢാലോചനയുണ്ടെന്ന് വാദിക്കാനാണ് വനം മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും എംവി ഗോവിന്ദനും കഠിനപരിശ്രമം നടത്തിയതെന്നും ചൂണ്ടിക്കാട്ടി. ആരോപണം തെളിയിക്കാന്‍ കോണ്‍ഗ്രസ് വെല്ലുവിളിച്ചെങ്കിലും അതേറ്റടുത്തില്ല. അല്ലാത്തപക്ഷം, മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. അതിനുള്ള രാഷ്ട്രീയമര്യാദ കാണിക്കാനും തയ്യാറായില്ല.പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഫോണ്‍ കോള്‍ പരിശോധിക്കണമെന്ന സപിഎം നേതാക്കളുടെ ആവശ്യത്തെയും യുഡിഎഫ് സ്വാഗതം ചെയ്തു. ഒടുവില്‍ ഒന്നുമില്ലെന്ന് മനസിലാക്കിയ വനം മന്ത്രി വിവാദ ആരോപണം പിന്‍വലിച്ചിട്ടും മാപ്പുപറഞ്ഞില്ല. സിപിഎം സംസ്ഥാന സെക്രട്ടറി ഈ വിഷയം തന്നെ മറന്നതുപോലെയാണ് ഇപ്പോള്‍ അഭിനയിക്കുന്നതെന്നും ഈ വിഷയത്തില്‍ അവരുടെ പ്രതികരണം അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
വന്യമൃഗശല്യം പരിഹരിക്കുന്നതിന് ആത്മാര്‍ത്ഥമായ നിലപാടാണ് നിയമസഭയിലും പുറത്തും പ്രതിപക്ഷം സ്വീകരിച്ചത്.യുഡിഎഫ് നാലുതവണ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതിതേടി. താന്‍ രണ്ടു തവണയും ടി.സിദ്ധിഖ്, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ ഓരോ തവണയും. പക്ഷെ സര്‍ക്കാര്‍ പ്രമേയത്തിന് അവതരാണാനുമതി നല്‍കിയില്ല. ആയിരത്തിലധികം പേരുടെ ജീവന്‍ നഷ്ടപ്പെട്ട ഈ വിഷയത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥയില്ല. സഭയില്‍ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്താന്‍ പോലും തയ്യാറാകുന്നില്ല. ജനപ്രതിനിധികളുടെ യോഗം ഈ വിഷയത്തില്‍ വിളിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ട് പോലും ചെയ്തില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
ദേശീയപാത തകര്‍ന്ന ഇടങ്ങള്‍ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും നിലപാടിനെയും സണ്ണി ജോസഫ് വിമര്‍ശിച്ചു.ലോക്‌സഭ പിഎസി ചെയര്‍മാന്‍,കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ് ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ ദേശിപാത തകര്‍ന്ന കൂരിയാട് ഉള്‍പ്പെടെയുള്ള പ്രദേശം സന്ദര്‍ശിച്ചു. എന്നാല്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇവിടം സന്ദര്‍ശിച്ചില്ല. ദേശീയപാത തകര്‍ന്നതില്‍ പോലും അവര്‍ക്ക് പരാതിയില്ല. അതിലെ കോടികളുടെ അഴിമതി, നിര്‍മ്മാണത്തിലെ കെടുകാര്യസ്ഥത,അശാസ്ത്രീയത, അപാകത എന്നിവ അന്വേഷണ വിധേയമാക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ല. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ആ വിഷയത്തില്‍ ഒത്തുതീര്‍പ്പും ഒത്തുകളിയുമാണ് നടത്തിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പി.ആര്‍. ജോലിക്കുള്ളവരുടെ ശമ്പളം 5 ശതമാനം വര്‍ധിപ്പിച്ചിട്ടും നാലുമാസത്തിലേറെയായി സമരം തുടരുന്ന ആശാപ്രവര്‍ത്തകരുടെ രോദനം കേള്‍ക്കാത്ത സര്‍ക്കാര്‍ നിലപാടിനെയും സണ്ണി ജോസഫ് വിമര്‍ശിച്ചു. അതിജീവന സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരെ സര്‍ക്കാര്‍ അവഹേളിക്കുകയാണ്. അവര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന അനൂകൂല്യം വെട്ടിക്കുറച്ച് പ്രതികാര നടപടിയെടുത്തു. പിഎസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം നാലുലക്ഷമായും സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് രണ്ടര ലക്ഷമായും ശമ്പളം വര്‍ധിപ്പിച്ചു. പക്ഷെ, 232 രൂപ ദിവസവേതനത്തിന് ജോലിനോക്കുന്ന ആശാപ്രവര്‍ത്തകരെ കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
മലപ്പുറം ജില്ലയെ ആവര്‍ത്തിച്ച കളിയാക്കിയ വ്യക്തിയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. മലപ്പുറം ജില്ലയേയും ജനങ്ങളെയും അടച്ചാക്ഷേപിച്ചതില്‍ മറുപടി പറയാനോ,ഖേദം പ്രകടിപ്പിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. സിപിഎമ്മിന്റെ പി.ബി അംഗം മലപ്പുറത്തെ ജനത്തെക്കൂട്ടിക്കെട്ടി പ്രിയങ്കാ ഗാന്ധിയുടെ വിജയത്തെ വര്‍ഗീയവത്കരിക്കാനാണ് ശ്രമിച്ചത്. സിപിഎം നേതാക്കളുടെ ഈ നിലപാടിനെതിരെ നിലമ്പൂരിലെ വോട്ടര്‍മാര്‍ മല്ലപ്പുറം ജനങ്ങള്‍ക്ക് വേണ്ടി ബാലറ്റിലൂടെ മറുപടി പറയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കെട്ടിട നികുതി, ഭൂനികുതി, വൈദ്യുതി ചര്‍ജ്ജ്,വെള്ളക്കരം, ബസ്സ് ചാര്‍ജ്ജ്, കോര്‍ട്ട് ഫീസ് സ്റ്റാമ്പ് എന്നിവ ഉള്‍പ്പെടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിച്ച് ജനങ്ങളെ പരമാവധി ദ്രോഹിക്കുകയാണ്.എല്ലാ മേഖലയിലും ഭരണസ്തംഭനമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളാണ് യുഡിഎഫ് ഉന്നയിക്കുന്നത്.അതിന് മറുപടിപറയാന്‍ സര്‍ക്കാരും മന്ത്രിമാരും തയ്യാറാകുന്നില്ല.സ്‌കൂളുകളുടെ സമയക്രമ മാറ്റം സംബന്ധിച്ച തീരുമാനം എടുക്കുമ്പോള്‍ അധ്യാപക സംഘടനകള്‍,വിദ്യാര്‍ത്ഥികള്‍, മാനേജ്‌മെന്റുകള്‍,രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുമായി ആലോചിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകസമാധാനമാണ് കോണ്‍ഗ്രസിന്റെ പാത.നെഹ്‌റു മുതലുള്ള എല്ലാ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും ആഗ്രഹിച്ചതും പരിശ്രമിച്ചതും അതുതന്നെയാണ്. ചേരിചേരാനയത്തില്‍ നിന്ന് കൊണ്ട് യുദ്ധത്തിനും അക്രമത്തിനും കോണ്‍ഗ്രസ് എന്നും എതിരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.