വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതി
ഹയർസെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള സംസ്ഥാനതല പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ തൈക്കാട് ഗവ മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു .പൊതുവിദ്യാലയങ്ങളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയ്ക്കും തുടക്കമാവുകയാണ്.. ചരിത്രദൗത്യമായ ഈ ബൃഹത്തായ പദ്ധതിയിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിഗത വളർച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും.നമ്മുടെ പൊതുവിദ്യാലയങ്ങൾ വെറും പാഠപുസ്തക അറിവ് നൽകുന്ന ഇടങ്ങൾ മാത്രമല്ല. സാമൂഹികമായും വൈകാരികമായും ബുദ്ധിപരമായും കുട്ടികളെ വളർത്തുന്ന ഇടങ്ങളാകണം. സന്തോഷത്തിന്റെയും കരുതലിന്റെയും അന്തരീക്ഷം വിദ്യാലയങ്ങളിൽ ഓരോ ദിവസവും ഉണ്ടാകണം. ഓരോ കുട്ടിയും സുരക്ഷിതരാണെന്നും അവരെ പിന്തുണയ്ക്കാൻ ഒരു വലിയ സമൂഹം കൂടെയുണ്ടെന്നും അവർക്ക് തോന്നണം.