വിജയത്തിന്റെ ക്രെഡിറ്റ് ടീം യു.ഡി.എഫിന്; വോട്ടര്‍മാര്‍ക്ക് നന്ദി; ആര്യാടന്‍ ഷൗക്കത്തിനെ ഉജ്ജ്വല ഭൂരിപക്ഷത്തിന് വിജയിപ്പിച്ചാല്‍ നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന വാക്ക് പാലിക്കാന്‍ യു.ഡി.എഫ് പ്രതിജ്ഞാബദ്ധം; സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചു നിന്നിട്ടും സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധത്തെ മറികടക്കാനായില്ല; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ യു.ഡി.എഫിനെതിരെ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ചില മാധ്യമങ്ങള്‍ വിലയിരുത്തണം.
………………………………………………………………………………………………………….
കൊച്ചി : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നു. നിലമ്പൂരിലെ ജനങ്ങള്‍ കേരളത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്താണ് വോട്ട് ചെയ്തത്. കേരളത്തില്‍ 9 വര്‍ഷമായി അധികാരത്തില്‍ ഇരിക്കുന്ന പിണറായി സര്‍ക്കാരിനെ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കുന്നതെന്നാണ് യു.ഡി.എഫ് നേരത്തെ പ്രഖ്യാപിച്ചത്. ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ ഈ സര്‍ക്കാരിനെ വിചാരണ ചെയ്ത് 2700 വോട്ടിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട സീറ്റ് പന്ത്രണ്ടായിരത്തോളം വോട്ടിന്റെ
വ്യത്യാസത്തിനാണ് യു.ഡി.എഫ് തിരിച്ചു പിടിച്ചത്. തൃക്കാക്കരയില്‍ പി.ടി തോമസ് വിജയിച്ചതിന്റെ ഇരട്ടി വോട്ടിനാണ് ഉമാ തോമസ് വിജയിച്ചത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചതിന്റെ നാലിരട്ടി വോട്ടിനാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. പാലക്കാട് ഷാഫി പറമ്പില്‍ വിജയിച്ചതിന്റെ അഞ്ചിരട്ടി വോട്ടിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. എല്‍.ഡി.എഫിന് നാല്‍പ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ചേരക്കരയില്‍ അത് പന്തീരായിരമാക്കി കുറച്ചു. ഇപ്പോഴും ഞങ്ങളുടെ വോട്ട് നഷ്ടമായിട്ടില്ല. ഞങ്ങളുടെ രാഷ്ട്രീയ വോട്ടുകള്‍ അതുപോലെ തന്നെയുണ്ട്. പതിനാറായിരം വോട്ടാണ് എല്‍.ഡി.എഫിന് നഷ്ടമായത്. നിലമ്പൂരിലേത് ടീം യു.ഡി.എഫിന്റെ വിജയമാണ്. ഒരു പാര്‍ട്ടിയെ പോലെയാണ് യു.ഡി.എഫ് പ്രവര്‍ത്തിച്ചത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ അതിശക്തമായ മുന്നണിയായി യു.ഡി.എഫ് മാറി എന്നതിന്റെ തെളിവാണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം.
മുതിര്‍ന്ന നേതാക്കള്‍ മുതല്‍ എല്ലാവരും ഒരേ മനസോടെയാണ് പ്രവര്‍ത്തിച്ചത്. ആര്യാടന്‍ ഷൗക്കത്തിനെ ഉജ്ജ്വല ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് കൊടുങ്കാറ്റു പോലെ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന വാക്കാണ് യു.ഡി.എഫ് ജനങ്ങള്‍ക്ക് നല്‍കിയത്. ആ വാക്ക് പാലിക്കാന്‍ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. അതിനു വേണ്ടി യു.ഡി.എഫ് കഠിനാദ്ധ്വാനം ചെയ്യും. സര്‍ക്കാരിനെ ജനങ്ങള്‍ എത്രത്തോളം വെറുക്കുന്നു എന്നതിന്റെ ആഴം വ്യക്തമാക്കുന്നതാണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം. ഡീലിമിറ്റേഷന്‍ വന്നതിനു ശേഷം യു.ഡി.എഫിന് എളുപ്പമുള്ള സീറ്റല്ല നിലമ്പൂര്‍. യു.ഡി.എഫിന്
ഭൂരിപക്ഷം കിട്ടുന്ന രണ്ടു പഞ്ചായത്തുകള്‍ വണ്ടൂര്‍ നിയോജക മണ്ഡലത്തിലേക്കും ഒരു പഞ്ചായത്ത് ഏറനാട്ടിലേക്കും പോയി. 2011-ല്‍ ആര്യാടന്‍ മുഹമ്മദ് ജയിച്ചത് 5500 വോട്ടിനാണ്. അതിന്റെയെല്ലാം പലിശയടക്കമുള്ള ഭൂരിപക്ഷമാണ് ജനങ്ങള്‍ നല്‍കിയത്. ജനങ്ങള്‍ നല്‍കിയ വിശ്വാസം യു.ഡി.എഫ് കാത്തുസൂക്ഷിക്കും.
വന്യജീവി ആക്രമണങ്ങളില്‍ നിന്നും രൂക്ഷമായ വിലക്കയറ്റത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനും തകര്‍ന്നു പോയ കേരളത്തെ തിരിച്ചു കൊണ്ടുവരാനും യു.ഡി.എഫ് ഉണ്ടാകുമെന്ന വാക്കാണ് തിരഞ്ഞെടുപ്പില്‍ നല്‍കിയത്. ആ വാക്ക് പാലിക്കാനുള്ള ശ്രമമാകും യു.ഡി.എഫ് ഇനി മുതല്‍ നടത്തുന്നത്. 2026-ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ തിരിച്ചു വരവിനുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങള്‍ നല്‍കിയത്.
ഒരു തീരുമാനങ്ങളും ആരെങ്കിലും ഒറ്റയ്ക്ക് എടുക്കുന്നതല്ല. എല്ലാ തീരുമാനങ്ങളും എന്റെ തലയിലേക്ക് വച്ചത് മാധ്യമങ്ങളാണ്. ഞാന്‍ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ല. തീരുമാനം എടുത്തത് കൊണ്ടാണ് ജയിച്ചത് എന്നതിന്റെ ക്രെഡിറ്റും എനിക്ക് വേണ്ട. ഞാന്‍ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ല. അതാണ് യു.ഡി.എഫിന്റെ പ്രത്യേകതയെന്ന് ചില മാധ്യമങ്ങള്‍ മനസിലാക്കാതെ പോയി. യു.ഡി.എഫിന്റെ മാറ്റം മനസിലാക്കാന്‍ ചില മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. വി.ഡി സതീശനല്ല, യു.ഡി.എഫാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. യു.ഡി.എഫിന്റെ തീരുമാനങ്ങള്‍ ശരിയായിരുന്നു എന്നാണ് നിലമ്പൂരിലെ ജനങ്ങള്‍ അടിവരയിടുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ചില മാധ്യമങ്ങള്‍ വിലയിരുത്തണം. മുഖ്യമന്ത്രി ഉദ്ഘാടനം
ചെയ്തിന്റെ മൂന്നിരട്ടി വലിയ കണ്‍വെന്‍ഷനാണ് യു.ഡി.എഫ് സംഘടിപ്പിച്ചത്. അതിന്റെ ശോഭ കളയുന്നതിനു വേണ്ടിയാണ് ഹജ്ജിന് പോയ പാണക്കാട് തങ്ങള്‍ കണ്‍വെന്‍ഷന്‍ ബഹിഷ്‌ക്കരിച്ചെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പാണക്കാട് തങ്ങള്‍ ബഹിഷ്‌ക്കരിച്ചാല്‍ ഏതെങ്കിലും ഒരു ലീഗ് നേതാവ് ആ വേദിയില്‍ ഉണ്ടാകുമായിരുന്നോ. ചില മാധ്യമങ്ങള്‍ യു.ഡി.എഫിനെ ദ്രോഹിക്കുന്നതിനു വേണ്ടിയാണ് വാര്‍ത്ത നല്‍കിയത്. പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള വിചാരണയായിരുന്നു. ഈ വാര്‍ത്തകളൊക്കെ ചെയ്യിപ്പിച്ചവര്‍ ഈ വാര്‍ത്തകളൊക്കെ ഒന്ന് കാണണം. പാലക്കാടും ഇതു തന്നെയാണ് ചെയ്തത്. യാഥാര്‍ത്ഥ്യത്തിനും വളരെ അകലെയുള്ള ചര്‍ച്ചകളും വിശകലനങ്ങളുമാണ് ചിലര്‍ നടത്തിയത്. എല്ലാവരും എന്തിനു വേണ്ടിയാണ് കാത്തിരുന്നതെന്നും അറിയാം.
കൂടിയാലോചനകളാണ് യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും വിജയം. ഈ വിജയത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലാണ് ഏകകണ്ഠമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. അതിനും എന്തെല്ലാം പഴി കേട്ടു. പിന്നീടുള്ള ഓരോ തീരുമാനങ്ങളും ചര്‍ച്ച നടത്തിയാണ് സ്വീകരിച്ചത്. ടീ യു.ഡി.എഫ് എന്നെ പോലും വിസ്മയിപ്പിച്ചു. ടീം യു.ഡി.എഫ് തരുന്ന ആത്മവിശ്വാസവും കരുത്തും വളരെ വലുതാണ്.
സംഘടനാപരമായ കൃത്യതയാണ് വിജയത്തിന് പിന്നില്‍. വരച്ചു വച്ചതു പോലെയാണ് നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചത്. യു.ഡി.എഫ് എടുത്ത തീരുമാനം നേതാക്കളും പ്രവര്‍ത്തകരും നടപ്പാക്കി. ഏതു കേഡര്‍ പാര്‍ട്ടിയെയും പരാജയപ്പെടുത്താനുള്ള ശേഷി യു.ഡി.എഫിനുണ്ട്. അത് അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭംഗിയായി കാണിച്ചു തരും. സര്‍ക്കാരിനെതിരെ ജങ്ങള്‍ക്കിടയിലുള്ള വെറുപ്പ് മാധ്യമങ്ങള്‍ക്ക് മനസിലായില്ല. പക്ഷെ കുടുംബ യോഗങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്തപ്പോള്‍ ഞങ്ങള്‍ക്ക് അത് ബോധ്യമായി. എല്ലാ വീടുകളിലും സര്‍ക്കാരിന്റെ ഇരകളായ ഒരാളെങ്കിലുമുണ്ട്. ജനങ്ങളുടെ പ്രതിഷേധത്തിന്റെയും അമര്‍ഷത്തിന്റെയും വോട്ടാണിത്.
യു.ഡി.എഫിന്റെ രാഷ്ട്രീയ വോട്ടില്‍ ആര്‍ക്കും തൊടാനായിട്ടില്ല. അവസാനത്തെ കണക്കെടുത്ത് നോക്കുമ്പോള്‍ അത് മനസിലാകും. അപ്പോള്‍ യു.ഡി.എഫിന്റെ തീരുമാനം ശരിയാണെന്നു മനസിലാകും. അസ്വസ്ഥത ഉണ്ടായിരുന്നത് എല്‍.ഡി.എഫിലാണ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും രണ്ട് അഭിപ്രായം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. സി.പി.ഐക്കും വ്യത്യസ്ത അഭിപ്രായമായിരുന്നു. അതൊന്നും മാധ്യമങ്ങള്‍ ആഘോഷിച്ചില്ല. കാരണം ചിലര്‍ മൈക്രോ സ്‌കോപ്പുമായി യു.ഡി.എഫിന് പിന്നാലെ നടക്കുകയായിരുന്നു. നീതി പൂര്‍വകമായ സമീപനമല്ല ചില മാധ്യമങ്ങള്‍ കാട്ടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി എങ്ങനെ വന്നുവെന്ന് പോലും അന്വേഷിച്ചില്ല. ആദ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്നാണ് ബി.ജെ.പിയും സി.പി.എമ്മും തീരുമാനിച്ചത്. പിന്നീട് ആരോപണം ഉയര്‍ന്നപ്പോള്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. യു.ഡി.എഫ് വോട്ടുകള്‍ കുറച്ചെങ്കിലും ഭിന്നിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ അവിഹിതമായ ഒരു ബാന്ധവമുണ്ട്. പ്രണയത്തില്‍ നിന്നും അകന്നു പോയ പ്രണയിനിയോടുള്ള പ്രണയാര്‍ദ്രമായ അപേക്ഷയും ഓര്‍മ്മപ്പെടുത്തലുമാണ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം എം.വി ഗോവിന്ദന്‍ നടത്തിയത്. എന്നാല്‍ അത് പാളിപ്പോയി. വെറുതെ ഒന്നും പറയുന്ന ആളല്ല എം.വി ഗോവിന്ദന്‍. അവര്‍ ഒന്നിച്ചു നിന്നാലും സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധത്തെ മറികടക്കാനാകില്ല. അതുകൊണ്ടാണ് തിളക്കമാര്‍ന്ന വിജയം നേടിയത്.
പതിനഞ്ചോളം തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ നേരത്തെ നേടിയതിന്റെ ഇരട്ടിയിലധികം സീറ്റുകളാണ് യുഡി.എഫ് നേടിയത്. ഇതൊക്കെ ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ്. ഈ വിജയം കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കി മാറ്റുന്നു. ആശ സമരം ഉള്‍പ്പെടെയുള്ളവ യു.ഡി.എഫിനെ സഹായിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മുതലാളിത്ത മനോഭാവവും വലതുപക്ഷ ചീന്താഗതിയും തുറന്നു കാട്ടുന്നതായിരുന്നു ആശ സമരം. ഇനിയെങ്കിലും സര്‍ക്കാര്‍ ഇത്തരം മനോഭാവം മാറ്റണം. വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കിയ പിന്തുണയെ പുതിയ സംഭവം പോലെ വിവാദമാക്കി മറ്റു സമുദായങ്ങളില്‍ നിന്നും വോട്ട് അടര്‍ത്തിയെടുക്കാമെന്ന് പലരും വിചാരിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ പിന്തുണ നല്‍കിയപ്പോള്‍ ഉണ്ടാകാത്ത വിവാദമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയപ്പോള്‍ ഉണ്ടാക്കിയത്. ജാതീയമായി ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘ്പരിവാര്‍ നറേറ്റീവാണ് സി.പി.എം പുറത്തെടുത്തത്. ഒരു ഭാഗത്ത് പി.ഡി.പിയെയും മറു ഭാഗത്ത് സ്വാമിയെയും പിടിച്ചാണ് സി.പി.എം മതേതര വാദികളെന്ന് പറഞ്ഞത്. ജനങ്ങളെ സി.പി.എം തെറ്റിദ്ധരിക്കരുത്. എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും യു.ഡി.എഫ് ലീഡ് ചെയ്തു. എല്ലാ വിഭാഗം ജനങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്തു. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടന്നത്.