രമേശ് ചെന്നിത്തല കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്.
യുഡിഎഫിന് ഉജ്ജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണ്.
ഇതോടെ പിണറായി വിജയന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലാതായിരിക്കുന്നു.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകൾ ഒക്കെ ഞങ്ങളുടെ സീറ്റ് ഞങ്ങൾ നിലനിർത്തുമായിരുന്നെങ്കിൽ, നിലമ്പൂരിലെ സീറ്റ് ഞങ്ങൾ തിരിച്ചുപിടിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ രണ്ടുതവണയും എൽഡിഎഫ് വിജയിച്ച സീറ്റ് ആയിരുന്നു നിലമ്പൂർ.
ആ നിലമ്പൂർ സീറ്റാണ് ആര്യാടൻ ഷൗക്കത്ത് യുഡിഎഫിന് വേണ്ടി തിരിച്ചുപിടിച്ചിട്ടുള്ളത്.
ഇത് ശക്തമായ ഭരണവിരുദ്ധ വികാരമാണ്. നിലമ്പൂരിൽ തുടക്കം മുതൽ തന്നെ ഞങ്ങൾക്ക് ബോധ്യമായ ഒരു കാര്യമാണ് ഇത്.
കേരളത്തിലെ ഇടതുമുന്നണി ഗവൺമെന്റിനെതിരായുള്ള അതിശക്തമായ ജനവികാരത്തിൻ്റെ കുത്തൊഴുക്കാണ് അവിടെ നമുക്ക് കാണാൻ സാധിച്ചത്.
ഇടതുമുന്നണി ഗവൺമെൻ്റ് കേവലം ഒരു കാവൽ മന്ത്രിസഭയായി മാറിയിരിക്കുന്നു എന്നുള്ളതാണ് സത്യം.
ജനങ്ങൾ ഈ ഗവൺമെൻ്റിനെ പരിപൂർണ്ണമായി തിരസ്കരിച്ചിരിക്കുകയാണ്.
ഇത് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പാണ്.
ഇത് സെമി ഫൈനൽ ആയിരുന്നു. ഈ സെമി ഫൈനലിൽ യുഡിഎഫ് വിജയിച്ചു.
ഫൈനലിൽ ഞങ്ങൾ വിജയത്തിലേക്ക് കുതിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഇവിടെ കോൺഗ്രസിന്റെയും ലീഗിന്റെയും യുഡിഎഫിന്റെയും മുഴുവൻ പ്രവർത്തകൻമാർക്കും ഞാൻ ഒരു ബിഗ് സല്യൂട്ട് നൽകുകയാണ്.
നേതാക്കളും പ്രവർത്തകരും എല്ലാവരും ഒരു മനസ്സോടെ പ്രവർത്തിച്ചതിന്റെ വിജയമാണ് നിലമ്പൂരിൽ ഉണ്ടായിരിക്കുന്നത്.
ഈ വിജയം ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും വിജയമാണ്.
കേരള രാഷ്ട്രീയത്തിൽ ബിജെപി ഒരു എടുക്കാച്ചരക്കാണ് എന്ന് കൂടി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
ബിജെപിക്ക് ഒരു സ്ഥാനവും കേരള രാഷ്ട്രീയത്തിൽ ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ്.
അൻവർ പിടിച്ച വോട്ടും ഭരണവിരുദ്ധ വികാരത്തിൻ്റെ വോട്ട് തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ ഞാൻ നേരത്തെ പറഞ്ഞ, 25,000-ത്തോളം വോട്ടിൻ്റെ ഭൂരിപക്ഷത്തിൻ്റെ അന്തരീക്ഷം ഉണ്ടെന്ന് പറഞ്ഞത് ശരിയാണ്. അൻവറിന് ലഭിച്ച വോട്ടും ഭരണവിരുദ്ധ വികാരത്തിൻ്റെ വോട്ട് തന്നെയാണ്. ആ കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഈ ഗവൺമെൻ്റ് എത്രമാത്രം അൺപോപ്പുലർ ആണ് എന്നാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുന്നത്.
അൻവറിന്റെ യുഡിഎഫ് പ്രവേശന കാര്യമൊക്കെ യുഡിഎഫ് കൂടി തീരുമാനിക്കേണ്ടതാണ്. ഞാൻ അൻവറെ കൂടെ കൂട്ടാൻ വേണ്ടി എല്ലാ ശ്രമവും നടത്തിയ ഒരാളാണ്. കുഞ്ഞാലിക്കുട്ടിയും ഞാനും അതിനുവേണ്ടി അവസാനം വരെ, കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവുമായി… അവരുമായി സംസാരിച്ച് ശ്രമം നടത്തി. കാരണം, യുഡിഎഫ് എല്ലാ കാലത്തും സിപിഎമ്മിനെതിരെ നിലപാട് സ്വീകരിച്ചവരെ കൂടെ കൂട്ടിയിട്ടുണ്ട്. പക്ഷേ അത് നടന്നില്ല. അത് നടക്കാതെ പോയി. മറ്റുള്ള കാര്യങ്ങൾ ഇനി യുഡിഎഫ് കൂടി തീരുമാനിക്കേണ്ട കാര്യമാണ്.
ഇന്ന് ഈ ഗവൺമെൻ്റിനെതിരെ ചിന്തിക്കുന്ന മുഴുവൻ ആളുകളെയും കൂടെ നിർത്തണം എന്നുള്ളതാണ് എല്ലാ കാലത്തെയും യുഡിഎഫിൻ്റെ നയം. അപ്പൊ ആ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ സംസാരിച്ചത്. ഏതായാലും ഇനിയുള്ള കാര്യങ്ങൾ യുഡിഎഫ് നേതൃത്വം കൂടി തീരുമാനിക്കേണ്ട കാര്യമാണ്, ഒറ്റയ്ക്ക് പറയേണ്ട ഒരു കാര്യമല്ല.