സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Spread the love

സംസ്ഥാന സര്‍ക്കാരിന്‍റെ 2023 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറല്‍ റിപ്പോര്‍ട്ടിംഗില്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ നിലീന അത്തോളിക്കാണ് അവാര്‍ഡ്. ‘രക്ഷയില്ലല്ലോ ലക്ഷദ്വീപിന്’ എന്ന വാര്‍ത്താ പരമ്പരക്കാണ് അവാര്‍ഡ്. ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജഷീന എം തയ്യാറാക്കിയ ‘തോല്‍ക്കുന്ന മരുന്നും ജയിക്കുന്ന രോഗവും’ എന്ന വാര്‍ത്താ പരമ്പരക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗില്‍ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ വര്‍ഗീസ് സി തോമസിനാണ് അവാര്‍ഡ്. ‘അപ്പര്‍ കുട്ടനാട് ഉയരെ ദുരിതം’ എന്ന വാര്‍ത്താ പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്.ഫോട്ടോഗ്രഫി വിഭാഗത്തില്‍ മലയാള മനോരമയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിനാണ് അവാര്‍ഡ്. കേരള കൗമുദിയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ശ്രീകുമാര്‍ ആലപ്രയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ സിറാജിലെ കെ ടി അബ്ദുല്‍ അനീസിനാണ് അവാര്‍ഡ്. ടെലിവിഷന്‍ വിഭാഗത്തിലെ ടിവി ന്യൂസ് റിപ്പോര്‍ട്ടിംഗില്‍ 24 ന്യൂസിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ വി എ ഗിരീഷിനാണ് അവാര്‍ഡ്. ‘അംഗീകാരമില്ലാത്ത അന്യസംസ്ഥാന നഴ്‌സിംഗ് കോളേജ് തട്ടിപ്പുകളെ’ കുറിച്ചുള്ള വാര്‍ത്തക്കാണ് അവാര്‍ഡ്. ടിവി സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിംഗില്‍ മനോരമ ന്യൂസിലെ സീനിയര്‍ കറസ്‌പോണ്ടന്റ് ബി എല്‍ അരുണിനാണ് അവാര്‍ഡ്. നാടിനാകെ ശ്രേയസ്സായി ഗ്രേയ്‌സ് സ്‌പോര്‍ടസ് അക്കാദമി എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്.ടിവി അഭിമുഖത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ അനൂപ് ബി എസിനാണ് അവാര്‍ഡ്. സാഹസിക നാവികന്‍ അഭിലാഷ് ടോമിയുമായുള്ള അഭിമുഖം ‘സംവാദ്’ ആണ് അവാര്‍ഡ് നേടിക്കൊടുത്തത്. 24 ന്യൂസിലെ ഉന്‍മേഷ് ശിവരാമനാണ് ടിവി ന്യൂസ് പ്രസന്റർ അവാര്‍ഡ്. ടിവി ന്യൂസ് ക്യാമറയ്ക്ക് മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ എസ് ശരത്തിനാണ് അവാര്‍ഡ്. 24 ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ അഭിലാഷ് വി. ജൂറി പ്രത്യേക പരാമര്‍ശം നേടി. ടിവി ന്യൂസ് എഡിറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ വീഡിയോ എഡിറ്റര്‍ ആര്‍ സതീഷ് ചന്ദ്രനും അവാര്‍ഡിന് അര്‍ഹനായി. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായവര്‍ക്കു 15,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും സമ്മാനിക്കും. ജൂൺ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യുമെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി. വി. സുഭാഷ് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *