കൊട്ടാരക്കരയില്‍ ഐ.ടി ക്യാമ്പസ്; ജൂലൈ രണ്ടിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും സോഹോ ക്യാമ്പസ് സന്ദര്‍ശിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍

Spread the love

രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ റസിഡന്‍ഷ്യല്‍ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ജൂലൈ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ക്യാമ്പസ് സന്ദര്‍ശിച്ച് അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
പ്രാദേശികതലത്തില്‍ യുവതയുടെ തൊഴില്‍നൈപുണ്യം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പറേഷന്റെ കേരളത്തിലെ ആദ്യ ഐ.ടി കേന്ദ്രമാണിത്. ഒന്നര വര്‍ഷം മുന്‍പ് കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് ക്യാമ്പസ്. ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കും. വന്‍നഗരങ്ങള്‍ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴില്‍നൈപുണ്യമുള്ളവരുടെ സേവനം ഐ.ടി മേഖലയില്‍ ഉറപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ നടപ്പാക്കുക സര്‍ക്കാരിന്റെ ലക്ഷ്യമാണ്. റോബോട്ടിക്‌സ്, എ ഐ, പ്രോഡക്റ്റ് ഡെവലപ്മന്റ് മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുകയെന്നും മറ്റ് പ്രദേശങ്ങള്‍ക്ക് അനുകരണീയ മാതൃകയാണ് ഐ.ടി കേന്ദ്രമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ല പഞ്ചായത്ത് അംഗം വി സുമലാല്‍, നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി, സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, സോഹോ കോര്‍പറേഷന്‍ പ്രോഗ്രാം മാനേജര്‍ മഹേഷ് ബാല എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *