ന്യൂറോ ഇന്റര്‍വെന്‍ഷന്‍ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

Spread the love

രാജ്യത്ത് അപൂര്‍വമായി ചെയ്യുന്ന ചികിത്സകള്‍ വിജയം.

സ്‌ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനം.

തിരുവനന്തപുരം: നൂതന സ്‌ട്രോക്ക് ചികിത്സയായ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം. ഈ സര്‍ക്കാരിന്റെ കാലത്ത് ന്യൂറോളജി വിഭാഗത്തിന്റെ കീഴില്‍ രാജ്യത്ത് ആദ്യമായി ആരംഭിച്ച ന്യൂറോ കാത്ത് ലാബ് വഴി 320 ഡയഗ്നോസ്റ്റിക് സെറിബ്രല്‍ ആന്‍ജിയോഗ്രാഫിയും 55 തെറാപ്യൂട്ടിക് ഇന്റര്‍വെന്‍ഷന്‍ പ്രൊസീജിയറും ഉള്‍പ്പെടെ 375 ന്യൂറോ ഇന്റര്‍വെന്‍ഷന്‍ പ്രൊസിസീജറുകള്‍ നടത്തി. അതില്‍ തന്നെ രാജ്യത്ത് അപൂര്‍വമായി ചെയ്യുന്ന ഇന്റര്‍വെന്‍ഷന്‍ ചികിത്സകളും ഉള്‍പ്പെടുന്നു. നൂതന ചികിത്സയിലൂടെ അനേകം രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ന്യൂറോളജി വിഭാഗത്തിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

2023 ജൂണ്‍ മാസം മുതലാണ് മെഡിക്കല്‍ കോളേജില്‍ ആദ്യമായി ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ചികിത്സ ആരംഭിച്ചത്. വളരെ അപൂര്‍വമായി കാണുന്ന പ്രയാസമേറിയ അന്യൂറിസം പോലും മികച്ച രീതിയില്‍ ചികിത്സിക്കാന്‍ സാധിച്ചു. തലച്ചോറിനുള്ളിലെ വളരെ നേര്‍ത്ത രക്തക്കുഴലില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി. ഇത്തരം സങ്കീര്‍ണമായ പ്രൊസീജിയര്‍ നടത്തുന്ന രാജ്യത്തെ വളരെ കുറച്ച് സ്ഥാപനങ്ങളിലൊന്നായി മെഡിക്കല്‍ കോളേജ് മാറി. വളരെ അസാധാരണമായ ഡ്യൂറല്‍ എവി ഫിസ്റ്റുല, കരോട്ടികോ കവേണസ് ഫിസ്റ്റുല, എവിഎം എന്നീ അസുഖങ്ങള്‍ക്കുള്ള എംബളൈസേഷനും വിജയകരമായി നല്‍കി വരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവുള്ള നൂതന ചികിത്സകള്‍ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായോ കുറഞ്ഞ ചെലവിലോ ചെയ്യാന്‍ സാധിക്കുന്നു. 90 വയസ് പ്രായമുള്ള ആളുകളില്‍ പോലും മെക്കാനിക്കല്‍ ത്രോംബക്ടമി ചെയ്ത് വിജയിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. വായ്ക്കുള്ള കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌ട്രോക്ക് ചികിത്സയ്ക്കായി സമഗ്ര സ്‌ട്രോക്ക് സെന്ററാണ് സജ്ജമാക്കിയിരിക്കുന്നത്. സിടി ആന്‍ജിയോഗ്രാം, സ്‌ട്രോക്ക് കാത്ത് ലാബ്, സ്‌ട്രോക്ക് ഐസിയു തുടങ്ങിയ വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സ്‌ട്രോക്ക് ഹെല്‍പ് ലൈനും പ്രവര്‍ത്തിക്കുന്നു. സ്‌ട്രോക്ക് വന്നതായി സംശയമുണ്ടെങ്കില്‍ ഒട്ടും സമയം വൈകാതെ സ്‌ട്രോക്ക് സെന്ററിന്റെ ഹൈല്‍പ് ലൈനായ 9946332963 എന്ന നമ്പരിലേക്ക് വിളിക്കുക. രോഗിക്ക് ആവശ്യമായ നിര്‍ദേശങ്ങളും ചികിത്സയും ഉറപ്പാക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുസജ്ജമായ മെഡിക്കല്‍ സംഘമാണ് സ്‌ട്രോക്ക് സെന്ററിലുള്ളത്.

Author

Leave a Reply

Your email address will not be published. Required fields are marked *