രാജ്യത്തെ പ്രമുഖ നിർമ്മാണക്കമ്പനികൾ കേരളത്തിൽ നിന്നും എൻജിനിയർമാരെ തേടുന്നു

Spread the love

കേരളത്തിലെ നൈപുണ്യ വികസനത്തിനുള്ള അംഗീകാരം.

രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനികളിൽ കേരളത്തിലെ നൈപുണ്യമാർജ്ജിച്ച എൻജിനീയറിങ് ബിരുദധാരികൾക്ക് പ്രിയമേറുന്നു. പുറത്തുള്ള സ്വകാര്യ കമ്പനികൾ കേരളത്തിലെ വിദ്യാർത്ഥികളെ നേരിട്ടു നിയമിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഒപ്പം മികച്ച പ്രായോഗികപരിചയവും നേടിയവരെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. സാങ്കേതികവിദഗ്ദ്ധരെയും ആവശ്യമുണ്ട്.

ഒഡിഷ ആസ്ഥാനമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ബഹുരാഷ്ട്രകമ്പനിയായ റെഞ്ച് സൊലൂഷൻ, ബംഗളൂരു ആസ്ഥാനമായ സാൽമൺ ലീപ്പ് തുടങ്ങിയ പ്രമുഖകമ്പനികളാണ് കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികളിൽ താത്പര്യം കാണിച്ചു വന്നിരിക്കുന്നത്. 200-ൽപ്പരം എൻജിനീയർമാരെയും 2000-ലധികം ടെക്‌നീഷ്യന്മാരെയുമാണ് ആദ്യഘട്ടത്തിൽ വേണ്ടിവരിക. കേരളത്തിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്കു കൈവന്നിരിക്കുന്ന അംഗീകാരത്തിന്റെ സാക്ഷ്യമാണിത്.

സംസ്ഥാന തൊഴിൽവകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനെയാണ് (IIIC) ഇവർ സമീപിച്ചത്. എൻജിനീയർമാർക്കു തൊഴിൽലഭ്യതാക്ഷമത (employability) വളർത്താൻ അവിടെ നല്കുന്ന പരിശീലനത്തിന്റെ മികവു മനസിലാക്കിയാണിത്. എൻജിനീയർമാരെയും ടെക്‌നീഷ്യന്മാരെയും തെരഞ്ഞെടുക്കാനും അവർക്കു നിയമനത്തിന്റെ ഭാഗമായി പരിശീലനം നല്കാനുമുള്ള ചുമതല ഐഐഐസിയെ തന്നെയാണ് ഈ കമ്പനികൾ ഏല്പിച്ചിട്ടുള്ളത്.

ഐഐഐസിയിലെ ‘ഹയർ ട്രെയിൻ ഡിപ്ലോയ് പരിശീലന’ത്തിൽ രജിസ്റ്റർ ചെയ്യുന്ന സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ബിരുദധാരികൾക്കും ബി ആർക്ക് പാസ്സായവർക്കും അപേക്ഷിക്കാം. ഐഐഐസി നടത്തുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് പരീക്ഷ (ATEiiic), ഗ്രൂപ് ഡിസ്‌കഷൻ, അഭിമുഖം എന്നിവ വിജയിക്കുന്ന ഇരുനൂറുപേർക്ക് കമ്പനികളിൽ ജോലിക്കുള്ള ക്ഷണം ലഭിക്കും. ഇവർ ആറു മാസത്തെയോ ഒരു വർഷത്തെയോ പരിശീലനം ഐഐഐസിയിൽ പൂർത്തീകരിക്കണം. പരിശീല ഫീസ് കമ്പനികൾ വഹിക്കും. പരിശീലനകാലത്ത് 15,000 രൂപയിൽ കുറയാത്ത തുക സ്‌റ്റൈപ്പെൻഡ് ലഭിക്കും. തുടർന്ന് കമ്പനിയുടെ തൊഴിലിടങ്ങളിൽ വിന്യസിക്കും.
ടെക്‌നീഷ്യൻ വിഭാഗത്തിൽ സൂപ്പർവൈസർ, കാർപ്പെന്റർ, സ്റ്റീൽ ഫിറ്റർ, മേസൺ, സ്‌കഫോൾഡർ, സ്‌കഫോൾഡർ ഇൻസ്‌പെക്ടർക്ടർ, ഫാബ്രിക്കേറ്റർ, സ്ട്രക്ചറൽ ഫിറ്റർ, എംഐജി/എസ്എംഎഡബ്ലിയു വെൽഡർമാർ, ഇലക്ട്രീഷ്യൻ, ഗ്യാസ് കട്ടർ, ഗ്രൈൻഡർ എന്നുതുടങ്ങി ഹെൽപ്പർ വരെയുള്ളവരെയാണ് ആവശ്യം. വരും നാളുകളിൽ ഈ പ്രവണത വളരുമെന്നാണു പ്രതീക്ഷിക്കുന്നത്. വിവരങ്ങൾക്കും അപേക്ഷിക്കാനും www.iiic.ac.in.

 

Author

Leave a Reply

Your email address will not be published. Required fields are marked *