ലഹരിമുക്ത കേരളം: സംസ്ഥാനതല കർമ്മപദ്ധതി ‘ബോധ പൂർണിമ’ ഉദ്ഘാടനം ചെയ്തു

Spread the love

* ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു; സമ്പൂർണ ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി
* സമ്പൂർണ ലഹരിമുക്ത ക്യാമ്പസുകൾക്കായി ഊർജിത പ്രവർത്തനങ്ങൾ: മന്ത്രി ഡോ. ആർ. ബിന്ദു

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി ഉപയോഗത്തിനെതിരെയുള്ള കർമ പദ്ധതിയായ ബോധ പൂർണിമയുടെ ഉദ്ഘാടനവും ഏകദിന ശിൽപ്പശാലയുടെ ഉദ്ഘാടനവും സമ്പൂർണ ഹരിത ക്യാമ്പസ് പ്രഖ്യാപനവും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കേരളത്തിലെ മുഴുവൻ ക്യാമ്പസുകളെയും സമ്പൂർണമായി ലഹരിമുക്തമാക്കുന്നതിനുള്ള ഊർജിത പ്രവർത്തനങ്ങളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സമകാലിക സാമൂഹിക സാഹചര്യങ്ങളിൽ വലിയ വെല്ലുവിളികൾ ഉയർത്തുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു മാരക വിപത്താണ് ലഹരി. ഈ വിപത്തിനെതിരെ ഒരു സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്തെ സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 26ന് ലഹരി വിരുദ്ധ ദിനത്തിൽ മുഖ്യമന്ത്രി നിർവഹിക്കും. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘ലഹരി വിമുക്ത കേരളത്തിനായി’ എന്ന സമഗ്രമായ പ്രവർത്തനങ്ങൾക്ക് നമ്മൾ നേരത്തെ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ‘ബോധ പൂർണിമ’ എന്ന പേരിൽ ലഹരിമുക്ത മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് ക്യാമ്പസുകളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നമ്മൾ സംഘടിപ്പിച്ചു വരികയാണ്. നാളെ ലഹരി വിരുദ്ധ ദിനത്തിൽ തന്നെ, എല്ലാ ക്യാമ്പസുകളിലും ഒരു മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ഈ സന്ദർഭത്തിൽ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം.

കൂടാതെ, സംഭാഷണങ്ങളിലൂടെ കുട്ടികളുടെ മനസ്സിലുള്ള മാലിന്യങ്ങളെയും വിഷാദത്തെയും നീക്കം ചെയ്യാൻ നമുക്ക് സാധിക്കണം. ഫ്‌ലാഷ് മോബുകൾ, പോസ്റ്റർ ക്യാമ്പയിനുകൾ തുടങ്ങിയ നൂതന ആശയങ്ങളിലൂടെ ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കണം. നമ്മുടെ ക്യാമ്പസുകൾ ലഹരി വിമുക്തമാക്കുക എന്ന ഈ ദൗത്യം വിജയിപ്പിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ജയപ്രകാശ് പി. അധ്യക്ഷത വഹിച്ചു. സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം സ്വാഗതം ആശംസിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നോഡൽ ഓഫീസർ ജയൻ പി. വിജയൻ, എസ്.എഫ്.പി.യു ഡയറക്ടർ ഡോ. സേവ്യർ ജെ.എസ്., സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. അൻസർ ആർ.എൻ, റീജിയണൽ ഡയറക്ടർ യുപിൻ വൈ.എം, ഡപ്യൂട്ടി ഡയറക്ടർ (അക്കാദമിക്) ഷിബു ആർ.എസ് തുടങ്ങിയവർ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *