കൊല്ലത്ത് ആവേശപ്പെരുമഴയായി ചെന്നിത്തലയുടെ ലഹരി വിരുദ്ധ വാക്കത്തോൺ

Spread the love

‘പ്രൗഡ് കേരള’യുടെ ആഭിമുഖ്യത്തിൽ ഇന്നലെ കൊല്ലത്ത് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ മയക്കുമരുന്ന്- ലഹരി വിരുദ്ധ മഹാപദയാത്ര (വോക്ക് എ​ഗൻസ്റ്റ് ഡ്ര​ഗ്സ്).

കൊല്ലം: കാലവർഷത്തിന്റെ കറുത്ത മേഘപാളികളെപ്പോലും തടഞ്ഞു നിർത്തി ‘പ്രൗഡ് കേരള’യുടെ നേതൃത്വത്തിൽ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നയിച്ച മയക്കുമരുന്ന്- ലഹരി വിരുദ്ധ മഹാപദയാത്ര (വോക്ക് എ​ഗൻസ്റ്റ് ഡ്ര​ഗ്സ്) ദേശിം​ഗനാടിന്റെ രാജവീഥികളിലൂടെ ആവേശപ്പെരുമഴയായി ഇന്നലെ പെയ്തിറങ്ങി. രാവിലെ ആറിനു തുടങ്ങാനിരുന്ന പദയാത്രയിൽ പങ്കെടുക്കാൻ പുലർച്ചെ അഞ്ചു മണി മുതൽ മുതൽ തന്നെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ, സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട ആയിരങ്ങൾ ആശ്രാമം മൈതാനയിലേക്ക് ഒഴുകിയെത്തി. കലാകായിക താരങ്ങൾ, വിദ്യാർഥികൾ, യുവാക്കൾ, വിവിധ മത നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ പദയാത്രയിൽ പങ്കാളികളായി.
കൊല്ലത്തിനു പുറമേ കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രൗഡ് കേരള ലഹരി വിരുദ്ധ പദയാത്രകൾ ഇതിനു മുൻപേ നടത്തിയിരുന്നു. കേരളത്തിലെ മറ്റ് ജില്ലകളിലും ഇത്തരം പദയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളിൽപെട്ടവരും ലഹരി വിരുദ്ധ പോരാട്ടത്തിൽ ഒരുമിയ്ക്കണമെന്നു ജാഥ നയിച്ചെത്തിയ ​രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.
ഇപ്പോഴുള്ള അവസ്ഥയിൽ പോയാൽ സംസ്ഥാനം അതിവേ​ഗം ലഹരി മാഫിയയുടെ വരുതിയിലാവുന്ന സ്ഥിതിയാണ് . ഈ വിപത്തിൽ നിന്ന് നമ്മുടെ നാടിനെയും വിദ്യാർ‌ഥികളെയും യുവാക്കളെയും മോചിതമാക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. നിയമവിരുദ്ധ ലഹരി വസ്തുക്കളോട് “നോ ” പറയാൻ എല്ലാവരും

തയാറാകണം. പാർട്ടിയോ പദവിയോ ജാതി-മത വൈജാത്യങ്ങളോ നോക്കാതെ എല്ലാവരും ഈ വിപത്തിനെതിരേ ബോധവൽക്കരണം നടത്തണം. ‘പ്രൗഡ് കേരള’യിലൂടെ നൽകുന്നത് ഈ സന്ദേശമാണ്. രാഷ്ട്രീയമോ ജാതി മതങ്ങളോ മറ്റ് ഭേദങ്ങളോ ഇല്ലാതെ എല്ലാ വിഭാ​ഗം ജനങ്ങളെയും അണിനിരത്തിയുള്ള ലഹരി വിരുദ്ധ മഹാ പദയാത്ര ഒരു പോരാട്ടത്തിൻ്റെ തുടക്കമാണ്. വലിയ ജനപങ്കാളിത്തം ഈ പ്രവർത്തനത്തിനുള്ള ജന പിന്തുണയാണ് സൂചിപ്പിക്കുന്നത്. രാസലഹരിക്കെതിരെ സമൂഹമനസ്സ് ഉണർന്നുകഴിഞ്ഞെന്ന് ചെന്നിത്തല അവകാശപ്പെട്ടു.
രാവിലെ ആറിന് ആശ്രാമം മൈതാനത്തു നിന്നു തുടങ്ങിയ മയക്കു മരുന്ന്- ലഹരി വിരുദ്ധ മഹാപദയാത്ര കെഎസ്ആർ‌ടിസി ജംക്ഷൻ, ആശുപത്രി ജംക്ഷൻ, പാർവതി കോട്ടൺ മിൽ വഴി ചിന്നക്കടയിൽ സമാപിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റ് പി. സി വിഷ്ണുനാഥ് എംഎൽഎ, സി.ആർ. മഹേഷ് എംഎൽഎ, സന്തോഷ് ട്രോഫി വിന്നേഴ്സ് ടീം മുൻ ക്യാപ്റ്റൻ കുരികേശ് മാത്യു, ചലച്ചിത്ര സംവിധായകൻ അഖിൽ മാരാർ, ചലച്ചിത്രതാരം അമ്പിളീ ദേവി, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.പി മുഹമ്മദ് ഹാജി, പി. രാജന്ദ്രപ്രസാദ് , കെ.സി. രാജൻ, അഡ്വ. ബിന്ദു കൃഷ്ണ, പഴകുളം മധു, എം.എം നസീർ,ജ്യോതികുമാർ ചാമക്കാല, എ.കെ.ഹഫീസ്, സൈമൺ അലക്സ്, അഡ്വ.കെ ബേബി സൺ, അഡ്വ. പി. ജർമിയാസ്, സൂരജ് രവി, അപർണ റ്റീച്ചർ, ആർ. അരുൺ രാജ്, ദിനേശ് ബാബു, സായി ഭാസ്കർ, സി.വി. അനിൽകുമാർ, എ എസ് നോൾഡ്, എൽ കെ ശ്രീദേവി, കുരുവിള ജോസഫ്, റിയാസ് ചിതറ, വിഷ്ണു സുനിൽ, ഫൈസൽ കുളപ്പാടം, ഡി. ഗീതാ കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചിന്നക്കടയിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാഥാ ക്യാപ്റ്റൻ രമേശ് ചെന്നിത്തല മുഖ്യസന്ദേശം നൽകി.

 

Author

Leave a Reply

Your email address will not be published. Required fields are marked *