സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു

Spread the love

“സാർവത്രിക പാലിയേറ്റീവ് കെയർ” ആരോഗ്യ രംഗത്ത് കേരളത്തിന്റെ പുതിയ മാതൃക – മുഖ്യമന്ത്രിസാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കളമശ്ശേരി രാജഗിരി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ കിടപ്പുരോഗികൾക്കും ചികിത്സാ സേവനങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സാർവത്രിക പാലിയേറ്റീവ് കെയർ സംവിധാനം ആരോഗ്യ രംഗത്ത് കേരളത്തിന്റെ പുതിയൊരു മാതൃകയാണെന്ന് ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യ മേഖലയിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. ദീർഘകാല രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും കിടപ്പുരോഗികൾക്കും സാന്ത്വനം പകരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ സർക്കാർ ഇതര സംഘടനകളെ ഏകോപിപ്പിച്ച് ശക്തമായ ഒരു പാലിയേറ്റീവ് കെയർ സംവിധാനം ഒരുക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹോം കെയർ യൂണിറ്റുകളും, 1142 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകളും സജീവമാണ്. ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും ആഭിമുഖ്യത്തിലും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ശക്തമാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ 500ലധികം ഹോം കെയർ യൂണിറ്റുകളും വീടുകളിൽ എത്തി മെഡിക്കൽ കെയറും നഴ്സിംഗ് പരിചരണവും രോഗികൾക്ക് ഉറപ്പാക്കുന്നു. പാലിയേറ്റീവ് കെയർ രോഗികൾക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണ നൽകുന്ന 1000-ൽ അധികം ചാരിറ്റബിൾ, സോഷ്യൽ സംഘടനകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവയെല്ലാം ഒരു കുടക്കീഴിയിൽ കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യം.സാർവത്രിക പാലിയേറ്റീവ് കെയർ സംവിധാനം വഴി കിടപ്പിലായ ഓരോ രോഗിയെയും അവരുടെ തൊട്ടടുത്തുള്ള പാലിയേറ്റീവ് പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുമായി ബന്ധിപ്പിക്കും. ഓരോ വാർഡിലും സേവനത്തിനായി ആശാപ്രവർത്തകർ നേതൃത്വം നൽകുന്ന ടീം രൂപീകരിക്കും. ഓരോ ജനകീയ ആരോഗ്യ കേന്ദ്രങ്ങളും കിടപ്പിലല്ലാത്ത എന്നാൽ ദീർഘകാലമായി ഗുരുതര രോഗബാധിതരായ രോഗികളെ പരിശോധിച്ച് തുടർ ചികിത്സ ഉറപ്പാക്കണം. ഇതിനായി നഴ്സുമാർക്ക് പരിശീലനം നൽകും.

Author

Leave a Reply

Your email address will not be published. Required fields are marked *