കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ട്വിൻ ടവർ ഐ.ടി സമുച്ചയം നാടിനു സമർപ്പിച്ചുനാടിന്റെ വികസന കാര്യങ്ങളിൽ ഏവരുടെയും സഹകരണമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ട്വിൻ ടവർ ഐ.ടി സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങളിൽ ഭരണ പ്രതിപക്ഷം എന്ന പ്രശ്നമില്ല. വികസന രംഗത്ത് എല്ലാവരും ഒരുപോലെ സഹകരിക്കുക, പിന്തുണ നൽകുക എന്നതാണ് സർക്കാർ ആഗ്രഹിക്കുന്നതും ഇപ്പോൾ നടന്നുവരുന്നതും.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.ടി സമുച്ചയമായാണ് ലുലു ട്വിൻ ടവർ മാറുന്നത്. ആകെ മുപ്പത് നിലകളിലായി 1500 ലേറെ കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഈ സമുച്ചയം വഴി 30,000 ന് മുകളിൽ ആളുകൾക്ക് തൊഴിൽ ലഭിക്കും. ഇതിന് നേതൃത്വം നൽകുന്ന എം.എ യൂസഫലിയെ പ്രത്യേകം അഭിനന്ദിക്കുന്നു.പുതിയ വ്യവസായങ്ങളെയും സംരംഭകരെയും സ്വാഗതം ചെയ്യുന്ന നമ്മുടെ സംസ്ഥാനത്തിനും സർക്കാരിനും ഇത്തരമൊരു പദ്ധതി ഇവിടെ യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ട്. കേരളീയരായ തൊഴിൽ അന്വേഷകർക്ക് വലിയ സഹായമാണ് ലുലുവിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നത്.ഇൻഫോ പാർക്ക് ഫേസ് ടുവിൽ 500 കോടിയുടെ പുതിയ ഐ.ടി സമുച്ചയം കൂടി നിർമ്മിക്കാൻ ലുലു ഗ്രൂപ്പ് തയ്യറാവുകയാണ്. മൂന്നര ഏക്കർ സ്ഥലത്ത് ഒമ്പതര ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന സമുച്ചയത്തിലൂടെ 7500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. പദ്ധതിയ്ക്ക് എല്ലാവിധ പിന്തുണയും സർക്കാർ നൽകുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ നിക്ഷേപങ്ങൾ സർക്കാർ ഇനിയും പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ എം.പി, ഉമാ തോമസ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, തൃക്കാക്കര നഗരസഭ്യക്ഷ രാധാമണി പിള്ള, വാർഡ് കൗൺസിലർ അബ്ദു ഷാന, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി, വ്യവസായ രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.