പിണറായി പോലീസ് സ്റ്റേഷൻ കെട്ടിട്ടത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തി.
കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതാണ് കേരള പോലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.സാങ്കേതികവിദ്യയുടെ പുരോഗതി ഉപയോഗിച്ച് സൈബർ കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിന് മികച്ച സൈബർ പോലീസ് വിഭാഗമാണ് കേരള പോലീസിനുള്ളത്. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിലാണ് കേരള പോലീസ് പ്രവർത്തിക്കുന്നത്. കൂടാതെ നാടിന്റെ സമാധാനന്തരീക്ഷം നിലനിർത്തുന്നതിൽ പോലീസിന്റെ ഇടപെടൽ സ്തുത്യർഹമാണ്. വർഗീയ സംഘർഷങ്ങൾ ഇല്ലാതെ നാടിന്റെ ക്രമസമാധാനം ഭദ്രമാണ്. പോലീസിന്റെ ഫലപ്രദമായ ഇടപെടൽ മൂലമാണ് വർഗീയ സംഘർഷങ്ങൾ ഇല്ലാതെ സംസ്ഥാനത്ത് സമാധാനം നിലനിൽക്കുന്നത്. രാജ്യത്തെ വർഗീയശക്തികൾ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരം വർഗീയശക്തികൾക്ക് ഒരുവിധ പ്രവർത്തനത്തിനുമുള്ള സാഹചര്യമല്ല ഇവിടെയുള്ളത്. കേരള പോലീസിന്റെ മുഖം നോക്കാതെയുള്ള നടപടികളാണ് ഇത്തരം സാഹചര്യമില്ലാതാക്കുന്നത്.
മൂന്ന് നിലകളിലായി മൂന്ന് കോടി രൂപ ചെലവിലാണ് പോലീസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. പിണറായി പഞ്ചായത്താണ് ഇതിനായി 25 സെന്റ് സ്ഥലം നൽകിയത്. ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, നോർത്ത് സോൺ ഐ ജി പി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗീത, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് എന്നിവർ സംസാരിച്ചു.