കീം 2025 പരീക്ഷാഫലം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 86549 വിദ്യാർഥികളിൽ 76230 പേർ യോഗ്യത നേടി. ഫാർമസി എൻട്രൻസ് വിഭാഗത്തിൽ 33,425 പേർ പരീക്ഷ എഴുതി. 27,841പേര് റാങ്ക് ലിസ്റ്റിലുണ്ട്.23.04.2025 മുതൽ 29.04.2025 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു, ദുബായ് എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് കംപ്യൂട്ടർ അധിഷ്ടിത പ്രവേശന പരീക്ഷ നടന്നു. ആകെ 86,549 പേർ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. അതിൽ 76,230 പേർ യോഗ്യത നേടി. യഥാസമയം മാർക്ക് വിവരങ്ങൾ സമർപ്പിച്ചവരെ ഉൾപ്പെടുത്തി 67,505 പേരുടെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കി. ആകെ 33,425 പേർ ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. അതിൽ 27,841 പേർ ഫാർമസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.14.05.2025 ന് എഞ്ചിനീയിറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ നോർമലൈസ്ഡ് സ്കോർ പ്രസിദ്ധപ്പെടുത്തി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനായി യോഗ്യതാ പരീക്ഷാ മാർക്ക് ഓൺലൈനായി സമർപ്പിക്കുന്നതിന് 28.06.2025 വരെ വിദ്യാർത്ഥികൾക്ക് അവസരം നൽകി.എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നിലവിലുണ്ടായിരുന്ന സ്റ്റാൻഡർഡൈസഷൻ പ്രകിയ സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ, മാർക്ക് ഏകീകരിക്കുന്നതിനുള്ള വിവിധ ശാസ്ത്രീയ മാർഗ്ഗങ്ങൾ വിശദമായി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും അനുയോജ്യമായ മാർഗ്ഗം പരിഗണിച്ച് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആഗസ്റ്റ് 14 നുള്ളിൽ ബി ടെക് പ്രവേശന നടപടികൾ പൂർത്തികരിക്കാൻ ആണ് നിർദേശം. കമ്മീഷ്ണർ ഫോർ എൻട്രൻസ് എക്സാമിനേഷൻ ഡോ. അരുൺ എസ് നായർ, ജോയിൻ്റ് കമ്മീഷണർ ഡോ. ആർ. മനോജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.