കണ്ണൂരിൽ മേഖലാതല അവലോകന യോഗം സംഘടിപ്പിച്ചു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത് കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗം സംഘടിപ്പിച്ചു.ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാൻ വേണ്ടി കഴിയണം എന്നതാണ് ഉദ്യോഗസ്ഥർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമെന്ന് യോഗത്തിന്റെ സമാപനം കുറിച്ച് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നമ്മുടെ തലത്തിൽ എടുക്കാൻ കഴിയുന്ന തീരുമാനം മറ്റേതെങ്കിലും തലത്തിലേക്ക് തട്ടിവിടൽ സാധാരണ രീതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനം അതത് തലത്തിൽ എടുത്ത് പോവണം. ആ തീരുമാനം സർക്കാറിന് വേണ്ടിയുള്ളതാണ്. നിലവിലുള്ള നിയമവും ചട്ടവും പ്രകാരം എടുക്കുന്ന തീരുമാനമാണ്. അത്തരം തീരുമാനം എടുക്കുന്നതിന് കൃത്യമായ പരിരക്ഷയും സർക്കാറിൽനിന്നുണ്ടാവും. ആരും അതിൽ ശങ്കിച്ചുനിൽക്കാൻ പാടില്ല.തെള്ളായിരത്തോളം സേവനങ്ങളാണ് ഓൺലൈനാക്കിയത്. നല്ല വേഗത ഇതിലുണ്ടായിട്ടുണ്ട്. താലൂക്ക് തല അദാലത്തിൽ പല കാര്യങ്ങളിലും തീരുമാനം ഉണ്ടായിട്ടുണ്ട്. വിവിധ തലത്തിൽ ജനങ്ങളുമായുള്ള സംവേദനം നാം നടത്തി. നവകേരള സദസ്സ് അതിന്റെ ഭാഗമായിരുന്നു. നാലാം വാർഷികത്തിന്റെ ഭാഗമായി മന്ത്രിമാരെല്ലാം പങ്കെടുത്ത ചർച്ചയും പ്രഭാതയോഗവും നടന്നു. നല്ല ഫലം ചെയ്ത കാര്യമാണത്. വേഗതയിൽ കാര്യങ്ങൾ നിർവഹിക്കുക. തെറ്റായ രീതിയിൽ ചിത്രീകരിക്കപ്പെടാം. ആ ചിത്രീകരണം വന്നോട്ടെ. പക്ഷേ, നല്ല ദിശാബോധത്തോടെയാണ് നാം നീങ്ങുന്നത്. ഓരോ മേഖലയിലും കാര്യങ്ങൾ നിർവഹിക്കുന്നതിലൂടെ അതിന്റേതായ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞു.
നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം
കേരളത്തിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയ്ക്ക് നല്ല പ്രവർത്തനം നടക്കുന്ന, ആരും അംഗീകരിക്കുന്ന ചില മേഖലകൾ ഉണ്ട്. അടുത്ത കാലത്തെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും, എങ്ങനെയാണ് ആ കാര്യങ്ങളെ മാറ്റി മാറിക്കാൻ ശ്രമിക്കുകയെന്ന്. നല്ലത് അതേ നിലയ്ക്ക് നിൽക്കാൻ പാടില്ലെന്ന് സമൂഹത്തിൽ ചിലർക്ക് താൽപര്യമുണ്ട്. നിർഭാഗ്യവശാൽ, വാർത്തകൾ കൊടുക്കേണ്ട മാധ്യമങ്ങളാണ് ഇപ്പോൾ അതിന് മുൻകൈ എടുക്കുന്നത്. മാധ്യമങ്ങൾക്ക് ന്യൂസ് അവതരിപ്പിക്കാനല്ല, അവരുടേതായ വ്യൂസ് അവതരിപ്പിക്കാനാണ് താൽപര്യം.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ഖ്യാതി നേടുന്നതിന് നമ്മുടെ സംസ്ഥാനത്തിനായിട്ടുണ്ട്. എല്ലാ മേഖലയിലും കൂടിയാണത് വന്നിട്ടുള്ളത്. എന്നാൽ അഴിമതി തീരെ ഇല്ലാതായി എന്ന് നമുക്കാർക്കും ഇപ്പോൾ പറയാൻ കഴിയില്ല. അഴിമതി പൂർണമായി ഇല്ലാതാക്കാനുള്ള കൂട്ടായ ശ്രമമാണ് നടക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻ കുട്ടി, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, ഒ ആർ കേളു, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കോഴിക്കോട് കലക്ടർ സ്‌നേഹിൽകുമാർ സിംഗ്, വയനാട് കലക്ടർ ഡി.ആർ മേഘശ്രീ, കാസർകോട് കലക്ടർ കെ. ഇൻപശേഖരൻ, നാല് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ യോഗം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഡിജിപി രവാഡാ ചന്ദ്രശേഖർ പങ്കെടുത്ത് പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.