ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ പോര്‍മുഖം തല്‍ക്കാലത്തേക്കുള്ള അഡ്ജസ്റ്റ്‌മെന്റാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇപ്പോള്‍ നടക്കുന്നതെല്ലാം ഒരു നാടകമാണ്. പ്രശ്‌നം താന്‍ ഉണ്ടാക്കി തരാം നിങ്ങള്‍ എതിര്‍ത്തോളുയെന്ന സമീപനമാണ് ഗവര്‍ണ്ണറുടേത്. ഗവര്‍ണ്ണര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കുമായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
ഗവര്‍ണ്ണര്‍ക്കെതിരായ പരാതിയില്‍ മേല്‍ അദ്ദേഹത്തിന് തന്നെ പ്രേമലേഖനം എഴുതുകയാണ് മുഖ്യമന്ത്രി. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ സുപ്രീംകോടതിയില്‍ ഗവര്‍ണ്ണര്‍ക്കെതിരെ നടത്തുന്നത് പോലുള്ള ആത്മാര്‍ത്ഥമായ നടപടി കേരളത്തിലെ പിണറായി സര്‍ക്കാരിനില്ല. ഗവര്‍ണ്ണറുടെ ഭരണഘടനാ വിരുദ്ധവും ത്രിവര്‍ണ്ണ പതാകയെ അപമാനിക്കുന്നതിനെതിരെയും ശക്തമായ നിലപാടാണ് കോണ്‍ഗ്രസിന്റെത്. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് താന്‍ രാഷ്ട്രപതിക്ക് കത്തുനല്‍കിയിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഭാരതാംബ വിഷയത്തില്‍ ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആ പദവിക്ക് ചേരാത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അശാന്തിയുണ്ടാക്കുന്ന കരുനീക്കമാണ് ഗവര്‍ണ്ണറുടേത്.രാജ്ഭവനെ ഗവര്‍ണ്ണര്‍ അന്തര്‍ധാരയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണ്. ഇതേ ഗവര്‍ണ്ണറല്ലെ മുഖ്യമന്ത്രിയെ കൊണ്ട് കേന്ദ്രധനമന്ത്രിയുമായി പ്രാതല്‍ കഴിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇത്തരം നാടകം പതിവാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തല്ലെ മുഖ്യമന്ത്രിക്കെതിരെ ഇഡി,സിബി ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അതിന്റെ അവസ്ഥ നാം കണ്ടതല്ലെയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.