മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. (03/07/2025).

തകര്‍ന്നു വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച മന്ത്രി രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി; മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം.

തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. രക്ഷാപ്രവര്‍ത്തനം നടന്നില്ലെന്നതാണ് ഏറ്റവും സങ്കടകരം. ആരോഗ്യ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്നതാണെന്നും അതിനകത്ത് ആരും ഇല്ലെന്നും ഒദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാ പ്രവര്‍ത്തനം നടക്കാതെ പോയത്. ഇന്ന് രാവിലെയും ആ കെട്ടിടത്തില്‍ നിരവധി

പേര്‍ പോകുകയും ശുചിമുറി ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്തിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നുണ്ട്. എന്നിട്ടും എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും അതിനകത്ത് ആരും ഇല്ലെന്നും മന്ത്രിമാര്‍ പറഞ്ഞത്? മന്ത്രിമാരുടെ ഒറ്റ പ്രഖ്യാപനം കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതും ഒരു കുടുംബത്തിന് അവരുടെ അമ്മയെ നഷ്ടമായതും. ഒരു ജീവനാണ് നഷ്ടപ്പെട്ടത്. അതിന്റെ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്.

ആരെങ്കിലും തയാറാക്കി നല്‍കുന്ന നറേറ്റീവ് പറയുക എന്നതു മാത്രമാണ് ആരോഗ്യമന്ത്രിയുടെ ജോലി. അത്യാസന്നമായ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും മന്ത്രിയുടെ നിലപാട് കൊണ്ട് കഴിഞ്ഞില്ല. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം. മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ആവശ്യത്തിന് ജീവനക്കാരും ഇല്ലാതെ ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണിത്. ആരോഗ്യരംഗം അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുക്കണം. എന്നിട്ടാണ് 15 വര്‍ഷം മുന്‍പുള്ള കാര്യങ്ങള്‍ മന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗുരുതരമായ തെറ്റാണ് മന്ത്രിയുടെ

ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പി.ആര്‍ പ്രൊപ്പഗന്‍ഡ തയാറാക്കി ആരോഗ്യരംഗത്തെ കുറിച്ച് ഇല്ലാക്കഥകളാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. ആരോഗ്യരംഗത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ജനങ്ങള്‍ക്കറിയാം. സ്വകാര്യ മേഖലയിലെ ചികിത്സാ ചെലവ് കൂടിയതിനാലാണ് മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നേരത്തെയുണ്ടായിരുന്ന എല്ലാ സൗകര്യങ്ങളും ഇപ്പോള്‍

ഇല്ലാതായി. കാരുണ്യ പദ്ധതിയും ജെ.എസ്.എസ്.കെയും ഹൃദ്യം പദ്ധതിയുമൊക്കെ എവിടെ പോയി? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പാവങ്ങളെ സഹായിക്കാന്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളും തകര്‍ത്തു. കാരുണ്യാ പദ്ധതിയുടെ പണം കൊടുക്കേണ്ടി വരുന്നതിനാല്‍ എച്ച്.ഡി.സികളില്‍ പോലും ഫണ്ടില്ല. ആരോഗ്യരംഗത്തെ ദയനീയമായ അവസ്ഥയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് പുറത്തു പോകണം.

ഉദ്യോഗസ്ഥര്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുകയാണോ ഒരു മന്ത്രി ചെയ്യേണ്ടത്? അപകടത്തില്‍പ്പെട്ട കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്നല്ലേ ആദ്യം പരിശോധിക്കേണ്ടത്. സാമാന്യബുദ്ധിയുള്ള ആരും അങ്ങനെയെ ചെയ്യൂ. രാവിലെയും ആ കെട്ടിടത്തില്‍ ശുചിമുറികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എത്രയോ പേര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരും ഇല്ലെന്ന് മന്ത്രി പറഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്താതിരുന്നത്. കെട്ടിടം പൂട്ടിയിട്ടിരിക്കുകയായിരുന്നെങ്കില്‍ ആ സ്ത്രീ എങ്ങനെയാണ് അതിനുള്ളില്‍ കയറിയത്? തെറ്റായ വിവരം പറഞ്ഞ ആരോഗ്യമന്ത്രിയാണ് രക്ഷാപ്രവര്‍ത്തനം ഇല്ലാതാക്കിയത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിനുള്ളില്‍ ആരും ഇല്ലെന്ന് മന്ത്രി പ്രഖ്യാപിച്ചത്? ഒരു കാരണവശാവും ന്യായീകരിക്കാനാകാത്ത ഗുരുതര തെറ്റാണ് മന്ത്രി ചെയ്തത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *