കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ ആസ്ഥാന മന്ദിര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലീഡര്‍ കെ.കരുണാകരന്റെ ജന്മദിനമായ ജൂലൈ 5ന് തുടക്കം കുറിക്കുമെന്ന് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിം കുട്ടി കല്ലാര്‍ അറിയിച്ചു.
നന്ദാവനം ബിഷപ്പ് പെരേരാ ഹാളിന് സമീപം രാവിലെ 10.30ന് ഫൗണ്ടേഷന്റെ സ്ഥലത്ത് പെഗ് മാര്‍ക്കിംഗ് ആന്റ് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി നടക്കും. അതിന്റെ മുന്നോടിയായി ജൂലൈ നാലിന് വൈകുന്നേരം 3.30ന് വഴുതക്കാട് കാര്‍മ്മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍ദ്ദിഷ്ട കെട്ടിടത്തിന്റെ ഡിജിറ്റല്‍ വാക്ക് ത്രൂ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പ്രകാശനം ചെയ്യും.
ജൂലൈ 5ന് നടക്കുന്ന പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിക്കും. മുന്‍ കെപിസിസി പ്രസിഡന്റും കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ കെ.മുരളീധരന്‍ മുഖ്യാതിഥിയായിരിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് ചടങ്ങില്‍ പങ്കെടുക്കും. ലീഡര്‍ കെ.കരുണാകരന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും.