സോളാർ ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തുന്ന ശുപാർശകൾ റെഗുലേറ്ററി കമ്മീഷൻ അടിയന്തരമായി പിൻവലിക്കണം : രമേശ് ചെന്നിത്തല

Spread the love

സോളാർ ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തുന്ന ശുപാർശകൾ റെഗുലേറ്ററി കമ്മീഷൻ അടിയന്തരമായി പിൻവലിക്കണം, മണിയാർ പദ്ധതി തിരിച്ചെടുക്കണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്.

തിരുവനന്തപുരം : സംസ്ഥാനത്തെ സോളാർ ഉപഭോക്താക്കളെ സാമ്പത്തികമായി തകർക്കുന്ന ശുപാർശകൾ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ചത് പിൻവലിക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചു. ഇത്തരത്തിലുള്ള ശുപാർശ നടപ്പാക്കിയാൽ അത് സോളാർ ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനത്തിന്റെ ലംഘനവും ലോകമെമ്പാടും നടക്കുന്ന ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുനയൊടിക്കലും ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാർ – സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിച്ച് വൈദ്യുത ഉൽപാദനം നടത്തുകയും സ്വകാര്യ കമ്പനിയുടെ കാലാവധി കഴിയുകയും ചെയ്ത മണിയാർ പദ്ധതി കാർബൊറാണ്ടം യൂണിവേഴ്സൽ എന്ന കമ്പനിയിൽ നിന്ന് തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് അതിഭീമമായ നഷ്ടം വരുത്തിവെക്കുന്ന ഹ്രസ്വകാല വൈദ്യുത കരാറുകൾ അവസാനിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്ന ദീർഘകാല കരാറുകളിൽ ഏർപ്പെടണം – ചെന്നിത്തല നിർദേശിച്ചു.

കത്തിൻ്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി

കുറെ നാളുകളായി വൈദ്യുതി ഉപഭോക്താക്കളെ നിരന്തരമായ നിരക്ക് വർദ്ധനയിലൂടെ കൊള്ളയടിക്കാനും അതോടൊപ്പം കെ എസ് ഇ ബി ലിമിറ്റഡിനെ സാമ്പത്തികമായി തകർത്ത് സ്വകാര്യവത്കരിക്കാനുമുള്ള ഗൂഢനീക്കങ്ങളാണ് റെഗുലേറ്ററി കമ്മീഷനെ ഉപയോഗപ്പെടുത്തിയും സ്വകാര്യകമ്പനികളെ അതിരുവിട്ട് സഹായിച്ചും സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സോളാർ വൈദ്യുതി ഉദ്പാദനവും ഉപയോഗവുമായി ബന്ധപ്പെട്ട പുതിയ ശുപാർശകൾ. രാഷ്ട്രീയലാഭം മാത്രം ലക്ഷ്യമിട്ട് റെഗുലേറ്ററി കമ്മീഷനെ ചട്ടുകമാക്കി, 2015 ഇൽ യു ഡി എഫ് സർക്കാർ ഏർപ്പാടാക്കിയ കുറഞ്ഞവിലയ്ക്കുള്ള വൈദ്യുതിയുടെ ദീർഘകാലകരാർ റദ്ദാക്കുക വഴി ഒരുകോടിയിലധികം ഉപഭോക്താക്കൾക്കും കെ എസ് ഇ ബി ലിമിറ്റഡിനും ഏറ്റ കനത്ത ആഘാതം വിട്ടൊഴിയുന്നതിനുമുമ്പാണ് അടുത്ത പ്രഹരമാണ്
സോളാർ പ്രോസ്യൂ മേഴ്‌സ്സിനോട് കാണിക്കുന്ന കൊടിയ വിശ്വാസവഞ്ചന.

സോളാര്‍ ഉപഭോക്താവ് ഉൽപ്പാദിപ്പിച്ചു വൈദ്യുതി ബോർഡിന് കൊടുക്കുന്ന വൈദ്യുതിക്കു തുല്യമായ വൈദ്യുതി തിരികെ നല്‍കുന്ന നിലവിലെ സമ്പ്രദായത്തിന് പകരം ഉത്പാദിക്കുന്ന വൈദ്യുതിയ്ക്കു തുച്ഛ വിലനൽകി കെ എസ് ഇ ബി യുടെ വൈദ്യുതിക്ക് കൊള്ളവില ഈടാക്കാനുള്ള ശുപാർശകളാണ് റെഗുലേറ്ററി കമ്മീഷൻ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ലക്ഷങ്ങള്‍ മുടക്കി സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ച ഉപഭോക്താക്കളെ വഞ്ചിക്കുന്ന നടപടി ആണിത്. സോളാർ പ്ലാന്റുകൾ സ്ഥാപിച്ച സമയത്ത് നിലവിലുണ്ടായിരുന്നതിൽ നിന്ന് വിരുദ്ധമായി വലിയ സാമ്പത്തിക ബാധ്യത കറന്റ് ചാർജ് ഇനത്തിലും ഫിക്സഡ് ചാർജിനത്തിലും മാത്രമല്ല സ്വന്തം ഉടമസ്ഥതയിലുള്ള മറ്റു കണക്ഷനുകളിലെ വിവിധ ആവശ്യങ്ങൾക്കുള്ള ഉപയോഗത്തിന് അനുമതി നിഷേധിക്കുകപോലും ചെയ്തുകൊണ്ട് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

നിശ്ചിത കപ്പാസിറ്റിയിൽ കൂടുതലുള്ള പ്ലാന്റുകൾക്ക് ബാറ്ററി സ്റ്റോറേജ് നിർബന്ധിതമാക്കുന്ന കമ്മിഷന്‍ ശുപാര്‍ശകള്‍ ബാറ്ററി നിര്‍മ്മാതാക്കളെ സഹായിക്കാനുതകുന്നതും ഉപഭോക്താക്കൾക്ക് അധിക ബാധ്യത ഉണ്ടാക്കുന്നതുമാണ്.
ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ആഗോള താപനം കുറയ്ക്കുന്നതിന്റെ ഭാഗമായി സൗരോര്‍ജ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുമ്പോൾ, പദ്ധതിയുടെ അന്ത:സത്തയും വൈദ്യുതിയുടെ വൈവിധ്യപൂർണമായ ആവശ്യകതയും ഉൾക്കൊള്ളാത്ത നടപടികൾക്കു പിന്നിൽ സൗരോര്‍ജ പദ്ധതികള്‍ മുടക്കി കൃത്രിമ ഊർജ്ജപ്രതിസന്ധി സൃഷ്ടിച്ച് കമ്പോള വൈദ്യുതി വാങ്ങുവാനുള്ള ദുരുദ്ദേശ്യവും അഭിനിവേശവുമാണ് ഉള്ളത്.
ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഈ ശുപാര്‍ശകള്‍, അടുത്ത മൂന്നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത് അതിഭീകരമായ ഊര്‍ജ പ്രതിസന്ധിയും വന്‍തോതില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാചചര്യവും വരുത്തി വയ്ക്കും.

*മണിയാർ പദ്ധതി അടിയന്തിരമായി ഏറ്റെടുക്കാൻ കെ എസ് ഇ ബി ലിമിറ്റഡിന് നിർദ്ദേശം നൽകണം.*

സി. പി പി (ക്യാപ്റ്റീവ് പവർ പ്രൊജക്റ്റ്‌ ) പദ്ധതി പ്രകാരം ബൂട്ട് (BOOT – BUILD OWN OPERATE TRANSFER) അടിസ്ഥാനത്തിൽ സർക്കാർ വിട്ടുകൊടുത്ത മണിയാര്‍ പദ്ധതിയുടെ കാലാവധി 2024 ഡിസംബര്‍ 30 ന് കഴിഞ്ഞതാണ്. കഴിഞ്ഞ ആറുമാസമായി കാര്‍ബോറാണ്ടം എന്ന ഒരു സ്വകാര്യകമ്പനി സര്‍ക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ജലവൈദ്യൂത പദ്ധതിയില്‍ നിന്നും നിസ്സാര ചിലവിൽ വൈദ്യുതി ഉണ്ടാക്കി സര്‍ക്കാരിനു തന്നെ ഭീമമായ നിരക്കിൽ വിറ്റ് കോടികള്‍ തട്ടുകയാണ്. ഞാന്‍ ഈ വിഷയം മുമ്പ് പല തവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ല. കോടികളുടെ അഴിമതിഇടപാടുകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്നത്.
കരാർ പ്രകാരമുള്ള കാലാവധി കഴിഞ്ഞും മണിയാർ പദ്ധതി കൈവശം വച്ച് വൈദ്യുതി ഉത്‌പാദനം നടത്തി വിൽക്കുന്ന കാർബോറാണ്ടം യൂണിവേഴ്‌സൽ കമ്പനിക്ക് അടിയന്തിരമായി സ്റ്റോപ്പ്‌ മെമ്മൊ നൽകി നഷ്ടപരിഹാരം ഈടാക്കുവാൻ നടപടികൾ കൈക്കൊള്ളണം. 18/1/95 ലെ കരാർ വ്യവസ്ഥകൾ പ്രകാരം അതിന്റെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളോടും കൂടി കാർബൊറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡ്, 30/12/2024 ന് കെ എസ് ഇ ബി ലിമിറ്റഡിന് കൈമാറേണ്ടതും ആയത് 31/12/24 മുതൽ കെ എസ് ഇ ബി ലിമിറ്റഡിന്റെ കൈവശം വരേണ്ടതുംആണ്. എന്നാൽ കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാർബൊറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡ് അനധികൃതമായി പദ്ധതി കൈവശം വച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു വിൽപ്പന നടത്തുകയാണ്. കെ എസ് ഇ ബി ലിമിറ്റഡ് വ്യവസ്ഥപ്രകാരമുള്ള നോട്ടിസ് നൽകിയിട്ടും സ്വകാര്യകമ്പനി പദ്ധതി സർക്കാരിന് കൈമാറാത്തത് ഗുരുതരമായ നിയമലംഘനമാണ്. കെ എസ് ഇ ബി ലിമിറ്റഡിന് അതിഭീമമായ സാമ്പത്തിക നഷ്ടം വരുത്തി തീർക്കുന്നതും സങ്കീർണ്ണമായ നിയമപ്രശ്നങ്ങൾക്ക്‌ വഴിവെയ്ക്കുന്നതുമായ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാത്തത് കമ്പനിയ്ക്ക് കൈവശാവകാശം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയുള്ള ഒത്താശയുടെ ഭാഗമാണ്.

*പൂർത്തീകരിച്ച ജലവൈദ്യുതപദ്ധതികൾ പ്രവർത്തനക്ഷമമാക്കണം, ജലവിനിയോഗത്തിലെ അപാകതകൾ പരിഹരിക്കണം.*

ഒരു വശത്ത് ജലവൈദ്യുത പദ്ധ തികളുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുമ്പോൾ മറുവശത്ത് പൂർത്തീകരിച്ച വൈദ്യുതപദ്ധതികൾ പ്രവർത്തനക്ഷമമാക്കുന്നില്ല. ഭൂതത്താൻ കെട്ട്, പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതികൾ പൂർത്തീകരിച്ചിട്ടും ഉത്പാദനക്ഷമമായിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ ധാരാളം മഴ ലഭിച്ചിട്ടും പൂർണ്ണതോതിൽ പ്രയോജനപെടുത്താൻ കഴിയാത്തുമൂലം വലിയ തോതിൽ പാഴായി പോയ സന്ദർഭങ്ങൾ നിരവധിയാണ്. മൂഴിയാർ പവ്വർ ഹൗസിൽ 50 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ജനറേറ്റർ നിസ്സാരമായി പരിഹരിക്കാവുന്ന കേടുപാടുകളുടെ പേരിൽ നാലു വർഷമായി നിർത്തിയിട്ടതുമൂലം 200കോടിയിലധികം രൂപയുടെ നഷ്ടം കെ എസ് ഇ ബി യ്ക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ മാർഗരേഖകൾക്ക് വിരുദ്ധമായി ആവശ്യത്തിലധികം ജലം, സംഭരണികളിൽ നിലനിർത്തി ആഭ്യന്തര ഉത്പാദനം കുറച്ചതുമൂലം ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നതും കെ എസ് ഇ ബി യ്ക്ക് കനത്ത സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കിയത്.

മേൽപ്പറഞ്ഞവയെല്ലാം കേരളത്തിന്റെ വൈദ്യുതി മേഖലയെ പൊതുവെയും ഉപഭോക്താക്കളെയും കെ എസ് ഇ ബി ലിമിറ്റഡിനെയും പ്രത്യേകമായും ഗുരുതരമായി ബാധിക്കുന്ന അടിയന്തിര വിഷയങ്ങളാണ്. അർഹിക്കുന്ന ഗൗരവത്തോടെയും അവധാനതയോടെയും ഇക്കാര്യങ്ങളിൽ ഇടപെട്ട് സത്വര പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

രമേശ് ചെന്നിത്തല

 

Author

Leave a Reply

Your email address will not be published. Required fields are marked *