തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും : മുഖ്യമന്ത്രി

Spread the love

പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുതദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ വൈദ്യത്തെയും കൃഷിയെയും വിത്തിനങ്ങളെയും കണ്ണാടി, പായ പോലുള്ള ഉൽപ്പന്നങ്ങളെയുമൊക്കെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലിയുടെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ഉദ്ഘാടനവും കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവർഗ വിദ്യാർത്ഥികൾക്കായി പുതുതായി ആരംഭിക്കുന്ന സ്മാർട്ട് പഠനമുറി പദ്ധതിയുടെ പ്രഖ്യാപനവും ഉന്നതികളിലെ ദുരന്ത നിവാരണ മാർഗരേഖ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

1957 ൽ അധികാരത്തിൽ വന്ന പുരോഗമന സർക്കാരുകൾ പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തുവരുന്നുണ്ടെന്നും അതിന്റെ തുടർച്ച ഉറപ്പാക്കാൻ കഴിഞ്ഞ 9 വർഷക്കാലത്തെ എൽ ഡി എഫ് ഭരണത്തിന് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള പദ്ധതി വിഹിതം നീക്കിവെക്കുന്നതിൽ തന്നെ ഈ കരുതൽ കാണാനാവും. കേരള ജനസംഖ്യയുടെ 1.45 ശതമാനമാണ് പട്ടികവർഗക്കാർ. ഇവരുടെ ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ വാർഷിക പദ്ധതി അടങ്കലിന്റെ 2.83 ശതമാനമാണ് ബജറ്റിൽ നീക്കിവെക്കുന്നത്. ദേശീയതലത്തിൽ ജനസംഖ്യയുടെ 8.06 ശതമാനം വരുന്ന പട്ടികവർഗക്കാർക്കായി കേന്ദ്ര സർക്കാർ ബജറ്റിൽ 3.08 ശതമാനം മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് സർക്കാർ പട്ടികവിഭാഗക്കാർക്കായി പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്നത്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തെക്കാളും ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിൽ ജീവിക്കാൻ കേരളത്തിലെ പട്ടിക വിഭാഗക്കാർക്ക് കഴിയുന്നുണ്ട്. ഒരുതരത്തിലുള്ള വേർതിരിവുമില്ലാതെ, ജാതിയുടെ പേരിലുള്ള ആക്രമണങ്ങളോ ഉച്ചനീചത്വങ്ങളോ ഇല്ലാതെ സാമൂഹ്യ തുല്യതയോടെ സമാധാനപൂർണ്ണമായി ജീവിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ ഇതല്ല സ്ഥിതിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വി കെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, എംഎൽഎമാരായ ആന്റണി രാജു, ഡി കെ മുരളി, ജി സ്റ്റീഫൻ, ഒ എസ് അംബിക, കെ ആൻസലൻ, സി കെ ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, കിർടാഡ്സ് ഡയറക്ടർ ബിന്ദു എസ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ അരുൺ ജെ ഒ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ്, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം ബി വിദ്യാധരൻ കാണി തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് കേരളത്തിലെ വിവിധ ഗോത്ര സമൂഹങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. യൂണിവേഴ്‌സിറ്റി കോളേജിന്റെ പരിസരത്ത് നിന്നും തദ്ദേശ ജനതയുടെ ഘോഷയാത്രയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *