
നവ കേരളസദസ്സിനിടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസിലെ മര്‍ദ്ദക വീരന്മാര്‍ ഇരുമ്പ് ദണ്ഡുകൊണ്ടും ചെടിച്ചട്ടിയും ഹെല്‍മെറ്റും കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെ ജീവന്‍ രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കാതെ മൗനത്തിന്റെ മഹാമാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കസ്റ്റഡയില്‍ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ക്രിമിനല്‍ കേസെടുത്ത് ജയിലിലടക്കുകയും ചെയ്യുക, സുജിത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുന്നില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
കേരളത്തിലെ പോലീസിനെ ജനമൈത്രി പോലീസെന്നല്ല, ജന മര്‍ദ്ദക പോലീസെന്നാണ് വിളിക്കേണ്ടത്. അടിയന്തരാവസ്ഥ കാലത്ത് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന്റെ കഥ നിയമസഭയില്‍ പറയുകയും ചോരപുരണ്ട തന്റെ കുപ്പായം ഉയര്‍ത്തിക്കാണിക്കുകയും ചെയ്ത പിണറായി വിജയന്‍ അതിന്റെ പ്രതികാരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിക്കാന്‍ മൗനാനുവാദം നല്‍കി. അതാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം തുടര്‍ച്ചയായി ഇത്തരം അക്രമങ്ങളുണ്ടാകുന്നത്, പോകുന്ന പോക്കില്‍ രാഷ്ട്രീയ പ്രതികാരം യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ നടത്തിയ ശേഷം ആത്മനിര്‍വൃതിയോടെ അധികാരം വിട്ടൊഴിയാനാണെന്ന് സംശിക്കേണ്ടിരിക്കുന്നു. പോലീസ് സേനയില്‍ 828 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് രണ്ടുവര്‍ഷം മുന്‍പ് സഭയില്‍ വ്യക്തമാക്കിയ മുഖ്യമന്ത്രി അത്തരക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കാതെ അവരെ രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാന്‍ ഉപയോഗിക്കുകയായിരുന്നു. കുന്നംകുളത്തെ പോലീസ് ക്രിമിനലുകളെ ഇത്രയും കാലം സംരക്ഷിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നടപടിയെ മുഖ്യമന്ത്രി തിരുത്താതും ദുരൂഹമാണ്. സുജിത്തിനെ മര്‍ദ്ദിച്ച പോലീസ് ക്രിമിനലുകളെ സര്‍വീസില്‍ നിന്ന് പുറത്താക്കി കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ കോണ്‍ഗ്രസിന്റെ പ്രക്ഷോഭം തുടരുമെന്നും ഹസന്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അമ്പ്രോസ്,ബ്ലോക്ക് പ്രസിഡന്റ് കരിങ്കുളം ജയകുമാര്‍ ഡിസിസി ഭാരവാഹികളായ അഭിലാഷ് , ആഗ്‌നസ് റാണി എന്നിവര്‍ പ്രസംഗിച്ചു