ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത് : മന്ത്രി വീണാ ജോര്‍ജ്

Spread the love

ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും.

മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കരുത്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കരുത്. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ബോധവത്ക്കരണവും ശക്തമാക്കും. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ ഡോസ് നിശ്ചയിക്കുന്നത്. അതിനാല്‍ ഒരു കുഞ്ഞിന് കുറിച്ച് നല്‍കിയ മരുന്ന് മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു പ്രശ്‌നവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവത്ക്കരണം നല്‍കും. ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഐഎപിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യന്‍മാര്‍ക്കും മറ്റ് ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും.

സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടന്നു വരുന്നു. കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ കേരളത്തിന് പുറത്ത് പ്രശ്‌നം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് ഒറീസ, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് ആ ബാച്ച് മരുന്നുകള്‍ വിതരണം ചെയ്തത്. രാജസ്ഥാനില്‍ മറ്റൊരു കമ്പനിയുടെ കഫ് സിറപ്പിലും പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ബാച്ചുകളുടെ മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് കണ്ടെത്തിയത്. കേരളത്തില്‍ 8 വിതരണക്കാര്‍ വഴിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ആയതിന്റെ വിതരണവും വില്‍പനയും നിര്‍ത്തിവയ്പ്പിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി പ്രസിഡന്റ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *