നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞത് (06/10/2025)
ശബരിമലയിലെ സ്വര്‍ണ മോഷണം അറിഞ്ഞിട്ടും മറച്ചുവച്ചു: കള്ളക്കച്ചവടത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പങ്കാളികള്‍; ഹൈക്കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷിക്കണം; ദേവസ്വം മന്ത്രി രാജിവയ്ക്കണം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കാണം: യു.ഡി.എഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും.
വി.ഡി സതീശന് (പ്രതിപക്ഷ നേതാവ്)

ശബരിമല ധര്‍മ്മശാസ്താവിന്റെ സ്വര്‍ണമാണ് കവര്‍ന്നത്. 2019-ല്‍ നടന്ന സംഭവത്തെ കുറിച്ച് 2022-ല്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അറിവുണ്ടായിരുന്നു. ഇപ്പോള്‍ നടത്തിയ ഇടപെടലിലൂടെയാണ് ഹൈക്കോടതിക്ക് ഇക്കാര്യം മനസിലായത്. 2019-ലെയും 2022 ലെയും മഹസറുകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മാറ്റപ്പെട്ടെന്ന് ഹൈക്കോടതിക്ക് ബോധ്യമായത്. തെളിവുകളെല്ലാം മുന്നിലുള്ളപ്പോഴാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരു ക്രിമനല്‍ നടപടിക്രമങ്ങളും സ്വീകരിക്കാതെ സ്വര്‍ണ മോഷണം മറച്ചുവച്ചു. സര്‍ക്കാരും ദേവസ്വം ബോര്ഡിലുമുള്ളവര് കള്ളക്കച്ചവടത്തില്‍ പങ്കാളികളാണെന്നതാണ് അതിന്റെ അര്‍ത്ഥം. ഉണ്ണികൃഷ്ണന് പോറ്റി മാത്രമാണ് ഉത്തരവാദിയെങ്കില്‍ 2019-ലെയും 2022-ലെയും മഹസര്‍ അനുസരിച്ച് അയാള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? അപ്പോള്‍ ഉണ്ണികൃഷ്ണന് പോറ്റിയും ദേവസ്വം അധികൃതരും സര്‍ക്കാരിലെ ചിലരും കൂട്ടുകച്ചവടത്തില്‍ പങ്കാളികളാണ്. അതുമറച്ചുവച്ചു എന്നു മാത്രമല്ല, മഹസര്‍ അനുസരിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്തു എന്നു ബോധ്യമായിട്ടും അതേ സ്പോണ്‍സറെ തന്നെ 2025ല്‍ സ്വര്‍ണം പൂശുന്നതിനു വേണ്ടി വീണ്ടും വിളിച്ചു. എല്ലാം കൂട്ടുകച്ചവടമാണ്. വീണ്ടും പണം സമ്പാദിക്കുന്നതിനു വേണ്ടി അയ്യപ്പന്റെ സ്വര്‍ണം കവര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. യു.ബി ഗ്രൂപ്പിലെ വിജയ് മല്യ നല്കിയ 30 കിലോ സ്വര്‍ണത്തില്‍ നാലു കിലോ സ്വര്‍ണത്തിന്റെ കുറവ് കണ്ടെത്തിയിരിക്കുന്നത്. ബാക്കിയുള്ള സ്ഥലങ്ങളിലും സ്വര്‍ണത്തിന്റെ കുറവുണ്ട്. 30 കിലോയില്‍ അധികം യു.ബി ഗ്രൂപ്പ് നല്‍കിയതില്‍ എത്ര കിലോ സ്വര്‍ണം കാണാതെ പോയിട്ടുണ്ട്? നാലു കിലോ മാത്രമല്ല, അതില്‍ കൂടുതല്‍ കാണാതെ പോയിട്ടുണ്ട്.
ദേവസ്വം ബോര്‍ഡ് സ്വര്‍ണം പൂശാന്‍ ഏല്പ്പച്ച പാളി 40 ദിവസം കഴിഞ്ഞാണ് ചെന്നൈയില്‍ എത്തിച്ചത്. അത്രയും കാലം എവിടെയായിരുന്നു? ചെമ്പിന്റെ പുതിയ മോള്‍ഡ് ഉണ്ടാക്കുകയായിരുന്നോ? ചെമ്പ് പാളി മാത്രമെ പോയിട്ടുള്ളൂ എന്നാണ് രേഖ. അയ്യപ്പന്റെ സ്വര്‍ണം കവര്‍ച്ച ചെയ്തതില്‍ ഗുരുതരമായ വിഷയമുണ്ടായിട്ടുണ്ട്. ഇതെല്ലാം ഹൈക്കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ ദേവസ്വം മന്ത്രി രാജിവയ്ക്കണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കാണം. ഈ മൂന്ന് ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.
എന്തുകൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയല്ലെന്നാണ് മന്ത്രിമാര്‍ ചോദിച്ചത്. മന്ത്രിമാര്‍ പറുയന്നതു കേട്ടാല്‍ ചിരിച്ച് മണ്ണുകപ്പും. നോട്ടീസ് കൊടുത്തിരുന്നെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നാണ് പറയുന്നത്. ഇതേ വിഷയം കഴിഞ്ഞ മാസം 19-ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നോട്ടീസ് നല്‍കിയിട്ടും അവതരണാനുമതി പോലും നല്‍കാതെ തള്ളുകയായിരുന്നു. അതുകൊണ്ടാണ് ഇന്ന് ചോദ്യോത്തര വേള മുതല്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചത്. മന്ത്രിമാര്‍ പറയുന്നത് കേട്ടാല്‍ തോന്നും ചരിത്രത്തില്‍ ആദ്യമായാണ് ചോദ്യോത്തര വേള സ്തംഭിപ്പിക്കുന്നതെന്നാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആറു തവണയാണ് പ്രതിപക്ഷം ചോദ്യോത്തര വേള സ്തംഭിപ്പിച്ചത്. 17-06-2013, 14-06-2012, 17-06-2013, 12-12-2014, 15-12-2014, 23-03-2015. ചോദ്യോത്തര വേള സ്തംഭിപ്പിക്കുന്നത് മഹാപാതകമാണെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. ഇവര്‍ ഇതെല്ലാം ചെയ്തവരാണ്. ആറു തവണ സ്തംഭിപ്പിച്ചവരാണ് ഞങ്ങള്‍ക്ക് ക്ലാസെടുക്കുന്നത്. സമരം ചെയ്യുന്നതിന് മര്യാദ വേണമെന്നും എങ്ങനെയാണ് സമരം ചെയ്യുന്നതെന്ന് ഞാന്‍ വേണമെങ്കില്‍ കാണിച്ചു തരാമെന്നുമാണ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്. ദയവു ചെയ്ത് അദ്ദേഹം കാണിക്കരുത്. കേരളത്തിലെ ജനങ്ങള്‍ മുഴിവന്‍ പണ്ട് അദ്ദേഹത്തിന്റെ അടിവസ്ത്രം ഉള്‍പ്പെടെ കണ്ടതാണ്. എന്തൊരു തമാശയാണ് പറയുന്നത്.
ശബരിമല സംബന്ധിച്ച ഗൗരവതരമായ വിഷയം ഇന്നു ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയും നാളെ ചേരുന്ന യു.ഡി.എഫും ചര്‍ച്ച ചെയ്യും. പ്രതിപക്ഷം ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും.
