
പ്രതിപക്ഷ നേതാക്കള്‍ നിയമസഭ കവാടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (07/10/2025).
ശബരിമലയില്‍ നടന്നത് ഗുരുതര കളവും വില്‍പനയും; ഒര്‍ജിനല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പം ഉയര്‍ന്ന വിലയ്ക്ക് വിറ്റെന്നും ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോര്‍ഡ് വഞ്ചിച്ചെന്നുമുള്ള ഹൈക്കോടതി വിധി പ്രതിപക്ഷ ആരോപണം അടിവരയിടുന്നത്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചു വരുത്തിയത് അടുത്ത കളവിന് വേണ്ടി; ദ്വാരപാലക ശില്‍പം ഏത് കോടീശ്വരന്റെ വീട്ടിലാണെന്ന് സി.പി.എം വ്യക്തമാക്കണം; നിയമസഭയിലും പുറത്തും പ്രക്ഷോഭം തുടരും; പിണറായി വിജയന്റെ കൂലിപ്പട്ടാളമായി ചീഫ് ജസ്റ്റിസിനെ നാടുകടത്തിയ മന്ത്രിമാര്‍ പ്രതിപക്ഷത്തെ കോടതിയോടുള്ള ബഹുമാനം പഠിപ്പിക്കേണ്ട.

ഗുരുതരമായ കളവും വില്‍പനയുമാണ് ശബരിമലയില്‍ നടന്നതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് പുണ്യപരിപാവനമായ ശബരിമല അമ്പലത്തെ മാത്രമല്ല ലക്ഷക്കണക്കിന് വിശ്വാസികളെ കൂടിയാണ് വഞ്ചിച്ചിരിക്കുന്നതെന്നാണ് കോടതിയുടെ വിമര്‍ശനം. ചെന്നൈയില്‍ എത്തിച്ചത് ചെമ്പ് മാത്രമുള്ള മറ്റൊരു ദ്വാരപാലക ശില്‍പമായിരുന്നെന്നും തിരിച്ച് കൊണ്ടുവന്ന് സ്ഥാപിച്ചപ്പോള്‍ ഭാരത്തില്‍ ഉണ്ടായ ഭാരക്കുറവ് ദേവസ്വം ബോര്‍ഡ് കണ്ടില്ലെന്നു നടിച്ചതാണെന്ന ഞെട്ടിക്കുന്ന വെളിപ്പടുത്തലും ഉത്തരവിലുണ്ട്. ഒര്‍ജിനല്‍ സ്വര്‍ണം മൂടിയ ദ്വാരപാലക ശില്‍പം ഉയര്‍ന്ന നിരക്കില്‍ വില്‍പന നടത്തി. യഥാര്‍ത്ഥ ദ്വാരപാലക ശില്‍പം ശബരിമലയില്‍ നിന്നും എടുത്ത് ഉയര്‍ന്ന വിലയ്ക്ക് വിറ്റ് പകരമായി ചെമ്പ് മോള്‍ഡ് മാത്രമാണ് ചെന്നൈയില്‍ കൊണ്ടു പോയതെന്ന ഗുരുതര കണ്ടെത്തലാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ശബരിമല ധര്‍മ്മശാസ്താവിന്റെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരന്റെ വീട്ടിലേക്കാണ് വിറ്റിരിക്കുന്നതെന്നാണ് സി.പി.എമ്മിനോടും സര്‍ക്കാരിനോടും ചോദിക്കാനുള്ളത്. കോടികള്‍ മറിയുന്ന കച്ചവടമാണിത്. ശബരിമലയിലെ പവിത്രമായ ദ്വാരപാലക ശില്‍പം വിറ്റെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അപ്പോള്‍ എത്ര വലിയ കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്?

ഇങ്ങനെ ഒരു കളവ് നടന്നുവെന്ന് ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നു. എന്നിട്ടും മറച്ചുവച്ചു. അതിനു കാരണം കേസെടുത്താല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല പ്രതിയാകുക. അതിന് കൂട്ടു നിന്ന ദേവസ്വത്തിലെയും സര്‍ക്കാരിലെയും വമ്പന്മാര്‍ കൂടി കേസില്‍ അകപ്പെടും. അതുകൊണ്ടാണ് അറിഞ്ഞിട്ടും മൂടി വച്ചത്. ദ്വാരപാലക ശില്‍പം വിറ്റ് കാശാക്കിയെന്ന് അറിയാവുന്ന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അതേ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അടുത്ത കളവിനായി 2015-ല്‍ വീണ്ടും വിളിച്ചു വരുത്തി. അതുകൊണ്ടാണ് നിലവിലെ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത്.