തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത് (08/10/2025).
ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം; ശബരിമലയിലെ സ്വര്‍ണം ചെമ്പായി മാറിയത് കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത്; ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണെന്നത് കടകംപള്ളി പുറത്തു വിടട്ടെ.

വയാനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരായ പാവങ്ങള്‍ക്ക് പല തരത്തിലുള്ള വായ്പകളുണ്ട്. അത് അവര്‍ എങ്ങനെ അടയ്ക്കും. ഇത്തരം സാഹചര്യങ്ങളിലാണ് ലോണ്‍ എഴുതിത്തള്ളേണ്ടത്. അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. ലോണ്‍ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി അയച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മറ്റു പല സംസ്ഥാനങ്ങളിലേതും പോലെ കേരളത്തില്‍ തീരുമാനം എടുത്തില്ല. ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ അനുകൂലമായ തീരുമാനം എടുത്ത് വയനാട്ടിലെ പാവങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ഓരോ കുടുംബങ്ങളിലെയും പ്രയാസങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ടറിയാം. ഓരോരുത്തര്‍ക്കും പല സങ്കടങ്ങളാണ്. അവിടെ എന്ത് റിക്കവറി നടത്താനാണ്. ബാങ്കുകളും പ്രതിസന്ധിയിലാണ്. വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കാത്തത് തെറ്റാണ്.

വയനാട് പുനരധിവാസത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കി. നൂറു വീടുകള്‍ വീതം കോണ്‍ഗ്രസും മുസ്ലീംലീഗും വാഗ്ദാനം ചെയ്തു. കര്‍ണാടക സര്‍ക്കാരും നൂറ് വീട് പ്രഖ്യാപിച്ചു. മുന്നൂറു വീടുകളാണ് ഞങ്ങളുടെ ഭാഗത്ത് നിന്ന് മാത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ലീഗ് സ്ഥലം വാങ്ങി വീട് നിര്‍മ്മാണം ആരംഭിച്ചു. കര്‍ണാടക സര്‍ക്കാര്‍ പണം കൈമാറി. ഞങ്ങള്‍ വീട് നിര്‍മ്മിക്കുന്നതിനു വേണ്ടി വാങ്ങിയ സ്ഥലം രജിസ്‌ട്രേഷന്‍ ഘട്ടത്തിലാണ്. ഉടന്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും നാനൂറോ നാനൂറ്റി അന്‍പതോ വീടുകള്‍ വേണ്ടിടത്ത് പ്രതിപക്ഷത്ത് നില്‍ക്കുന്ന കോണ്‍ഗ്രസും ലീഗും മുന്‍കൈ എടുത്ത് മുന്നൂറു വീടുകളാണ് നിര്‍മ്മിക്കുന്നത്. പരമാവധി സഹായിക്കുകയാണ്. എം.എല്‍.എയുടെ നേതൃത്വത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തില്‍ ഞങ്ങള്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ല. സര്‍ക്കാര്‍ ചികിത്സാ ചെലവ് നല്‍കാതിരുന്നപ്പോള്‍ അക്കാര്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേരള സര്‍ക്കാരിന്റെ കയ്യിലുള്ള പണവും ചെലവഴിക്കണം. അതു ചെയ്യാതിരിക്കുമ്പോള്‍ പ്രതിപക്ഷം വിമര്‍ശിക്കും. വയനാട് പുനരധിവാസത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പമാണ്.

ചെന്നൈയിലേക്ക് കൊണ്ടു പോയത് ശബരിമലയില്‍ നിന്നുള്ള യാഥാര്‍ത്ഥ ദ്വാരപാലക ശില്‍പമല്ലെന്നും ചെമ്പ് മോള്‍ഡാണെന്നും ഹൈക്കോടതി തന്നെ കണ്ടെത്തിയിട്ടുണ്ട്. അതിനു വേണ്ടിയാണ് നാല്‍പത് ദിവസം വൈകിച്ചത്. ഇതെല്ലാം നടന്നത് കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ്. ദേവസ്വം ബോര്‍ഡ് കൊടുത്തുവിട്ട ദ്വാരപാലക ശില്‍പം 40 ദിവസം കഴിഞ്ഞാണ് ചെന്നൈയില്‍ എത്തിയത്. യഥാര്‍ത്ഥ സ്വര്‍ണ ദ്വാരപാലക ശില്‍പം വലിയൊരു തുകയ്ക്ക് മറിച്ചു വിറ്റെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അപ്പോള്‍ ഏതോ കോടീശ്വരന്റെ പക്കലാണ് ദ്വാരപാലക ശില്‍പം. അതില്‍ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ? ദേവസ്വം ബോര്‍ഡിനും ചെന്നൈയില്‍ എത്തിച്ചത് ചെമ്പാണെന്ന് അറിയാമായിരുന്നു എന്നാണ് 
കോടതി പറഞ്ഞത്. ദേവസ്വം മന്ത്രിയായി ഇരിക്കുമ്പോള്‍ അയ്യപ്പന്റെ ദ്വാരപാലക ശില്‍പം വിറ്റുവെന്ന് അറിഞ്ഞിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ എന്തുകൊണ്ടാണ് ക്രിമിനല്‍ നടപടി എടുക്കാതിരുന്നത്? അന്ന് എല്ലാവരും ചേര്‍ന്ന് അത് മൂടിവച്ചു. കതകും കട്ടിളയും വാതിലും കൊണ്ടുപോയ ശേഷമാണ് 2025-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചു വരുത്തിയത്. ഇനി അവിടെ അയ്യപ്പ വിഗ്രഹം മാത്രമെ ബാക്കിയുള്ളൂ. ദ്വാരപാലക ശില്‍പം വാങ്ങിയ കോടീശ്വരന്റെ പേര് ഞാന്‍ എന്തിനാണ് പുറത്തു വിടുന്നത്? അന്വേഷണം നടക്കുകയല്ലേ. ഞാന്‍ അല്ലല്ലോ അന്വേഷണം നടത്തുന്നത്. കോടതി വിധിയാണ് ഞാന്‍ പറഞ്ഞത്. കടകംപള്ളിയുടെ കാലത്താണ് ഇതൊക്കെ നടന്നത്. അപ്പോള്‍ അയാള്‍ക്ക് ഒരു ഉത്തരവാദിത്വവും ഇല്ലേ? ഇതെല്ലാം മൂടിവയ്ക്കാന്‍ കൂട്ടു നിന്ന ആളാണ് കടകംപള്ളി. കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും അടുത്ത ആളായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. അന്നത്തെ ദേവസ്വം മന്ത്രിക്കും ബോര്‍ഡിനും ഉണ്ണികൃഷ്ണന്‍ പോറ്റിക്കും എല്ലാം അറിയാം. സ്വര്‍ണം വിറ്റെന്നു പറഞ്ഞത് കോടതിയാണ്. അയ്യപ്പന്റെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്കും സി.പി.എമ്മിനും അറിയാം. അദ്ദേഹം പുറത്തു വിടട്ടെ അത് ആരാണെന്ന്.
