എളങ്കുന്നപ്പുഴ സ്കൂളിൽ വർണക്കൂടാരം – സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതികൾക്ക് തുടക്കമായി.
എളങ്കുന്നപ്പുഴ ഗവ. ന്യൂ എൽ.പി സ്കൂളിൽ വർണക്കൂടാരം പദ്ധതിക്കും ഹയർ സെക്കൻഡറി സ്കൂളിൽ സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതിക്കും തുടക്കമായി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
പ്രീപ്രൈമറി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ സമഗ്രശിക്ഷ കേരളം നടപ്പാക്കുന്ന സ്റ്റാർസിന്റെ (ടീച്ചിംഗ് ലേണിംഗ് ആന്റ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ്) പദ്ധതിയാണ് വർണകൂടാരമെന്ന് അദ്ദേഹം പറഞ്ഞു. ശിശുസൗഹൃദ ഫർണീച്ചറുകൾ, ഔട്ട്‌ഡോർ പ്ലേ മെറ്റീരിയൽസ്, ആകർഷക ചുവർ ചിത്രങ്ങൾ തുടങ്ങിയ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് വേണ്ട ഘടകങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ് വർണക്കൂടാരം തയാറാക്കിയിട്ടുള്ളത്. കുട്ടികളുടെ വികാസ മേഖലകളിൽ കഴിവ് ഉറപ്പാക്കാൻ പര്യാപ്തമായ 13 പ്രവർത്തന ഇടങ്ങളാണ് വർണക്കൂടാരം പദ്ധതിയിലുളളത്.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് അടിത്തറ പാകുന്ന പദ്ധതിയാണ് സ്ട്രീം ഇക്കോസിസ്റ്റം. സമഗ്രശിക്ഷ കേരളം തന്നെയാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമായ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി ചേർന്ന് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രത്തിന്റെ നവനിർമാണത്തിന് പുതിയ തലമുറയെ ശാക്തീകരിക്കാനുതകുന്ന രാജ്യത്തെ ആദ്യ പദ്ധതിയായി സ്ട്രീം ഇക്കോസിസ്റ്റം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെൻ്റ് അഫയേഴ്സിൽ മികവു കാട്ടിയ പ്ലസ് ടൂ വിദ്യാർത്ഥിനി ടാൽ ആൻ്റണിയെ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ. രസികല അധ്യക്ഷയായ പരിപാടിയിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സരിത സനൽ മുഖ്യാതിഥിയായി. വർണക്കൂടാരം ശിൽപ്പികളെ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ജെ ഡോണോ മാസ്റ്റർ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എം സിനോജ് കുമാർ, ബ്ലോക്ക് അംഗം ജോസി വൈപ്പിൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
തെരേസ വോൾഗ, റസിയ ജമാൽ, അഡ്വ. ലിഗീഷ് സേവ്യർ, മേരി പീറ്റർ, സർവ്വ ശിക്ഷാ കേരള ജില്ലാ
പ്രോഗ്രാം ഓഫീസർ വി.ജി ജോളി, വൈപ്പിൻ എ.ഇ.ഒ എസ്.എ ഷൈനമോൾ, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ പ്രീത കമ്മത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ ആൻ്റണി,അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു