കോട്ടയം സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്റർ ഉദ്ഘാടനം — സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പർശിയായ സംഗമം

Spread the love

ഹൂസ്റ്റൺ : കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ചരിത്രപ്രസിദ്ധമായ കോട്ടയം സിഎംഎസ് കോളേജിന്റെ പൂർവവിദ്യാർത്ഥികളും മുൻ അധ്യാപകരും ഒരുമിച്ചുകൂടിയ അലുമ്നി സംഗമം സൗഹൃദത്തിന്റെയും ഓർമ്മകളുടെയും മനോഹര വേദിയായി മാറി.

മെയ് 12-ന് വൈകുന്നേരം 6.30-ന് ഗ്രേറ്റർ ഹൂസ്റ്റണിലെ സെന്റ് തോമസ് ചർച്ച് ഫെല്ലോഷിപ്പ് ഹാളിൽ നടന്ന സമ്മേളനത്തിലാണ് സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

റവ. ദീബു എബി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ CMS കോളേജിന്റെ മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. റോയ് സാം ഡാനിയേൽ മുഖ്യാതിഥിയായി പങ്കെടുത്തു.

CMS കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ മുൻ പ്രൊഫസറായ പ്രൊഫ. സക്കറിയ ഉമ്മൻ സ്വാഗതം ആശംസിച്ചു. മുൻ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും വീണ്ടും ഒരുമിപ്പിച്ച് പഴയ സൗഹൃദങ്ങൾ പുതുക്കുകയും കോളജ് ജീവിതത്തിലെ മധുരസ്മരണകൾ പങ്കിടുന്നതിനുള്ള വേദിയാകുകയുമാണ് ഈ അലുമ്നി സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

റവ. ദീബു എബി ജോൺ, പ്രൊഫ. ഡോ. റോയ് സാം ഡാനിയേൽ, റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, വി. വി. ബാബുക്കുട്ടി, ജോൺ ചാക്കോ (ജോസ് കോട്ടയം) എന്നിവർ ആശംസകൾ നേർന്നു. പരിപാടിയുടെ ഭാഗമായി ജെയിംസ് മാത്യു അവതരിപ്പിച്ച ഗാനസന്ധ്യയും ശ്രദ്ധേയമായി.

സന്ധ്യയിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങളിലൊന്നായി കോളേജിന്റെ മുൻ പ്രിൻസിപ്പലായിരുന്ന പരേതനായ റവ. എം. സി. ജോണിനെ അനുസ്മരിച്ച് ടിറ്റി മാത്യു അവതരിപ്പിച്ച ആദരാഞ്ജലി മാറി. പങ്കെടുത്തവർ കോളജ് ജീവിതത്തിലെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചത് സംഗമത്തിന് കൂടുതൽ ആത്മീയതയും ഉല്ലാസവും പകർന്നു.
തുടർന്ന് നടന്ന ബിസിനസ് സെഷനിൽ ഹൂസ്റ്റൺ ചാപ്റ്ററിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രൊഫ. സക്കറിയ ഉമ്മനെ രക്ഷാധികാരിയായും ടിറ്റി മാത്യുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പ്രൊഫ. ടോം തോമസ്, വി. വി. ബാബുക്കുട്ടി, ഡോ. ജാൻസി ജേക്കബ്, ശ്രീമതി ഷൈനി ഒമ്മൻ, സുഗു ഫിലിപ്പ് എന്നിവർ ബോർഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ മുൻ പ്രൊഫസറായ പ്രൊഫ. ടോം തോമസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് എല്ലാവരും പങ്കെടുത്ത സൗഹൃദ വിരുന്നോടെ സമ്മേളനം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *