ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Spread the love

ഹൂസ്റ്റൺ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026-ന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ, യൂത്ത് മിനിസ്റ്റർ റവ. ഫാ. ടോബി ജോൺ, കൺവീനർമാരായ സുബിൻ ജോൺ, മോൻസൺ പുന്നൂസ് എന്നിവർ അറിയിച്ചു. ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി പത്തു വരെ, ഷുഗർ ലാൻഡിലെ 9915 Belknap Rd, Sugar Land, TX 77498 എന്ന വിലാസത്തിലുള്ള ദേവാലയ അങ്കണത്തിലാണ് ആഘോഷം നടക്കുന്നത്.

കേരളത്തിന്റെ തനതായ രുചികളും കലയും വിനോദങ്ങളും ഒത്തുചേരുന്ന ആഘോഷത്തിനാണ് സംഘാടകർ വേദിയൊരുക്കുന്നത്. കുടുംബസമേതം എത്തുന്നവർക്ക് വൈവിധ്യമാർന്ന നാടൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനും കലാപരിപാടികളിലും വിനോദങ്ങളിലും പങ്കുചേരാനും അവസരമുണ്ടാകും.

ദോശ, കപ്പയും മീൻകറിയും, അപ്പവും താറാവുകറിയും, പൊറോട്ടയും ബീഫ് കറിയും ഉൾപ്പെടെയുള്ള വിഭവങ്ങളുമായി വിവിധ ഭക്ഷണശാലകൾ സജ്ജമാകുന്നു. മീൻ അച്ചാർ, ബീഫ് അച്ചാർ, നാടൻ പലഹാരങ്ങൾ, ബേക്കറി വിഭവങ്ങൾ, മധുരപലഹാരങ്ങൾ, ജ്യൂസുകൾ, മറ്റു ശീതളപാനീയങ്ങൾ എന്നിവയും ലഭ്യമാകും. നാടൻ പച്ചക്കറികളുടെ വിൽപ്പനയും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടും. കുട്ടികൾക്കും മുതിർന്നവർക്കുമായി ഗെയിമുകൾ, ബൗൺസ് ഹൗസ്, ഫെയ്‌സ് പെയിന്റിംഗ്, മൈലാഞ്ചിയിടൽ തുടങ്ങിയ വിനോദങ്ങളും ഒരുക്കുന്നുണ്ട്. ഭക്ഷണം, കലാപരിപാടികൾ, സൗഹൃദസംഗമം എന്നിവ ഒരുമിക്കുന്ന കുടുംബാഘോഷമായാണ് ഫെസ്റ്റിവൽ വിഭാവനം ചെയ്തിരിക്കുന്നത്.

സ്റ്റാഫോർഡ്, മിസോറി സിറ്റി എന്നിവിടങ്ങളിലെ മേയർമാർ, ജഡ്ജിമാർ, സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നു. ഇടവകയിലെ വിവിധ ആത്മീയ സംഘടനകളും കമ്മിറ്റികളും സന്നദ്ധപ്രവർത്തകരും ആഘോഷത്തിന്റെ വിജയത്തിനായി ഒരുക്കങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

ദേവാലയത്തിന്റെ പാർക്കിങ് സൗകര്യങ്ങളുടെ വിപുലീകരണത്തിനും വാട്ടർ ലൈൻ കണക്ഷൻ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്കും ധനസമാഹരണം നടത്തുക എന്നതാണ് ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം. ആഘോഷത്തിൽ പങ്കുചേരുന്നതിലൂടെ ഈ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും അവസരമുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ഹ്യൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ ഇടവകാംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഹാർവെസ്റ്റ് ഫെസ്റ്റിവലിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി വികാരിയും യൂത്ത് മിനിസ്റ്ററും കൺവീനർമാരും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *