മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കുമായി സംസ്ഥാന സർക്കാർ 7.20 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നാണ് ഈ തുക അനുവദിച്ചത്.
ദുരന്തത്തിൽ ജീവിതമാർഗ്ഗം അടയുകയും വ്യാപാര സ്ഥാപനങ്ങൾക്ക് കനത്ത നാശനഷ്ടം നേരിടുകയും ചെയ്തവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. പ്രകൃതിദുരന്തം കവർന്നെടുത്ത വയനാടിന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ചെറുകിട വ്യാപാര മേഖലയെയും തിരികെ പിടിക്കുന്നതിനും വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും തുക സഹായകരമാകും.