കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ സര്‍,മാഡം ഒഴിവാക്കും : കെ സുധാകരന്‍

Spread the love

ജീവനക്കാരെയും ഭരണസമിതി അംഗങ്ങളേയും സര്‍,മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും ആദ്യഘട്ടത്തില്‍ നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

സംസ്ഥാനത്ത് ആകെമാനം ഈ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. അതിന് നേതൃത്വം നല്‍കാന്‍ ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അധികാരവികേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം.
കാലോചിതമായ ഇടപെടലുകളിലൂടെ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള കെ.പി.സി.സിയുടെ ശ്രമങ്ങള്‍ക്ക് മാത്തൂര്‍ പഞ്ചായത്ത് ഒരു തുടക്കമാണ്.ജനാധിപത്യവും പൗരാവകാശവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാടെ വിസ്മരിക്കുകയും പോലീസ് അനുദിനം സാധാരണ പൗരന്റെ അന്തസ്സിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഇക്കാലത്ത് രാജ്യത്തിനാകെ മാതൃകയാണ് മാത്തൂര്‍ പഞ്ചായത്തിന്റെ പുതിയ ചുവടുവെയ്‌പ്പെന്നും സുധാകരന്‍ പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പോലീസിലും സര്‍,മാഡം വിളി ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.ഏകാധിപത്യസ്വഭാവമുള്ള സര്‍ക്കാരുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ്, 73-ന്നാം ഭരണഘടനാഭേദഗതിയിലൂടെ കൊണ്ടുവന്നത് കോണ്‍ഗ്രസ്സാണ്. ആധുനികജനാധിപത്യ സങ്കല്പങ്ങള്‍ക്കനുസരിച്ച് ഗ്രാമസ്വരാജിനെ വീണ്ടും പുനര്‍വിഭാവനം ചെയ്യാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുകയാണ്. അതിനായി നിയമനിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ജനാധിപത്യത്തെ വീണ്ടെടുക്കുവാനും സംരക്ഷിക്കുവാനുമുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മുന്നില്‍ തന്നെ കോണ്‍ഗ്രസ്സുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ജനപ്രതിനിധികളും ജനസേവകരാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ശേഷിപ്പുകളായ സര്‍,മാഡം അഭിസംബോധന ജനാധിപത്യ വിരുദ്ധമാണ്. അതിനാലാണ് യു.ഡി.എഫ് ഭരിക്കുന്ന മാത്തൂര്‍ ഗ്രാമപഞ്ചായത്ത് വിപ്ലവകരമായ ഈ തിരുമാനം നടപ്പിലാക്കിയത്. ഇതിന് നേതൃത്വം കൊടുത്ത പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരന്‍, വൈസ് പ്രസിഡന്റ് പി.ആര്‍ പ്രസാദ്, ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവരെയും ഇതിനായി നിരന്തരം ക്യാമ്പയിന്‍ നടത്തുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്തയേയും ഹൃദയം നിറഞ്ഞ അഭിനന്ദിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *