കഴിഞ്ഞ 75 വർഷമായി സംഘടിപ്പിച്ചുവരുന്ന സഹകരണ വാരാഘോഷം കേന്ദ്രസർക്കാർ നിർത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ പറഞ്ഞു

Spread the love

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് നാഷണൽ കോർപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ 75 വർഷമായി സംഘടിപ്പിച്ചുവരുന്ന സഹകരണ വാരാഘോഷം കേന്ദ്രസർക്കാർ നിർത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ പറഞ്ഞു.

നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവനെ നെഹ്റു സ്മാരകത്തിൽനിന്ന് പ്രധാനമന്ത്രിമാരുടെ സംയുക്ത സ്മാരകമാക്കി മാറ്റിയതും നെഹ്റുവിന്റെ പേരിലുള്ള സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും പേരുകൾ മാറ്റാനുള്ള നീക്കങ്ങളും ഇതേ രാഷ്ട്രീയ ലക്ഷ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ചരിത്രത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പുനർനിർവചിക്കാനും രാജ്യത്തിന്റെ ചരിത്രനിർമാണത്തിൽ നിർണായക പങ്കുവഹിച്ച നേതാക്കളുടെ സംഭാവനകളെ നമസ്കരിക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല.

സഹകരണ പ്രസ്ഥാനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കീഴിൽ പ്രത്യേക മന്ത്രാലയമായി പുനഃസംഘടിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടിയും ഗൗരവമായി പരിശോധിക്കേണ്ടതാണ്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽപ്പെട്ട സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടൽ വർധിപ്പിക്കുന്നത് ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. സഹകരണ പ്രസ്ഥാനത്തെ രാഷ്ട്രീയമായി നിയന്ത്രിക്കാനും അതിന്റെ സ്വതന്ത്ര സ്വഭാവത്തെ ദുർബലപ്പെടുത്താനും ഈ നീക്കങ്ങൾ ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്.

സഹകരണം ജനങ്ങളുടെ കൂട്ടായ്മയുടെയും പരസ്പര വിശ്വാസത്തിന്റെയും സാമ്പത്തിക സ്വയംപര്യാപ്തതയുടെയും അടിസ്ഥാനത്തിലുള്ള പ്രസ്ഥാനമാണ്. കർഷകർ, തൊഴിലാളികൾ, സാധാരണക്കാർ, ഗ്രാമീണ ജനത എന്നിവരുടെ സാമ്പത്തിക ഉന്നമനത്തിൽ സഹകരണ സ്ഥാപനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. ഈ മേഖലയെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനു പകരം സംസ്ഥാനങ്ങളുടെ അധികാരവും സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണവും സംരക്ഷിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. സഹകരണ പ്രസ്ഥാനത്തിന് നെഹ്റു നൽകിയ സംഭാവനകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും സഹകരണ മേഖലയുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനുമായി സഹകരണ വകുപ്പും സംസ്ഥാനത്തെ സഹകാരികളും പ്രത്യേക താൽപര്യമെടുത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിക്കണമെന്നും എം.എം. ഹസ്സൻ ആവശ്യപ്പെട്ടു.

നെഹ്റുവിന്റെ സ്മരണകളെയും അദ്ദേഹം മുന്നോട്ടുവച്ച ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് ആശയങ്ങളെയും സംരക്ഷിക്കാനുള്ള പോരാട്ടം രാജ്യത്തെ ജനാധിപത്യ വിശ്വാസികളും സഹകാരികളും ഒരുമിച്ച് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *