പുതുയുഗ വനിതാനയം മാർച്ച് എട്ടിന് പ്രഖ്യാപിക്കും.
ബജറ്റിൽ പ്രഖ്യാപിച്ച ‘മകൾക്കൊപ്പം; പദ്ധതിയുടെ ഭാഗമായി ‘പുതുയുഗ വനിതാ നയം- ഹെർ സമ്മിറ്റ് 2026’ എന്ന പേരിൽ വനിതാനയ സമ്മിറ്റ് നവംബർ രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ സംഘടിപ്പിക്കുമെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ പുതുയുഗ വനിതാനയം മാർച്ച് എട്ടിന് പ്രഖ്യാപിക്കാനാണ് ലക്ഷ്യമെന്നും പിആർ ചേംബറിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണം ഉറപ്പാക്കി സമത്വാധിഷ്ഠിതവും സുരക്ഷിതവും പുരോഗമനപരവുമായ കേരളം സൃഷ്ടിക്കുകയാണ് വനിതാനയത്തിന്റെ ലക്ഷ്യം. നിലവിലെ നയങ്ങളും അവയുടെ നിർവഹണവും വിലയിരുത്തി കാലോചിതമായ പരിഷ്കാരങ്ങൾക്കും ഇടപെടലുകൾക്കുമുള്ള നിർദേശങ്ങൾ രൂപപ്പെടുത്തും.
തൊഴിൽ സാമ്പത്തിക ശാക്തീകരണവും സംരംഭകത്വവും, രാഷ്ട്രീയ പ്രാതിനിധ്യവും നേതൃത്വവും, വിദ്യാഭ്യാസം-ആരോഗ്യം-മാനസികക്ഷേമം, സ്ത്രീ സുരക്ഷയും നീതിന്യായവും, സൈബർ സുരക്ഷ എന്നിവയാണ് ശില്പശാലയിലെ പ്രധാന ചർച്ചാവിഷയങ്ങൾ. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർധിപ്പിക്കുക, തുല്യവേതനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക, വനിതാ സംരംഭകത്വവും ഡിജിറ്റൽ തൊഴിൽസാധ്യതയും പ്രോത്സാഹിപ്പിക്കുക, രാഷ്ട്രീയ നേതൃത്വത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകും. ആരോഗ്യ-വിദ്യാഭ്യാസ അവകാശങ്ങൾ, മാനസികക്ഷേമം, അതിക്രമങ്ങൾക്കെതിരായ നിയമസംരക്ഷണം, സൈബർ കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയ മേഖലകളിലും പ്രായോഗിക നിർദേശങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യും.
വിവിധ മേഖലകളിലെ വിഷയവിദഗ്ധർ, സർക്കാർ പ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, അക്കാദമികഗവേഷണ മേഖല, സിവിൽ സമൂഹം, യുവജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ തുടർചർച്ചകളും സംഘടിപ്പിക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ച് നയരൂപീകരണം കൂടുതൽ ജനകീയവും സമഗ്രവുമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.