പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർപേഴ്സൺമാരുടെ അഖിലേന്ത്യ കോൺഫറൻസ് നവംബർ മൂന്ന്, നാല് തീയതികളിൽ

Spread the love

പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർപേഴ്സൺമാരുടെയും അംഗങ്ങളുടെയും അഖിലേന്ത്യ കോൺഫറൻസ് നവംബർ മൂന്ന്, നാല് തീയതികളിൽ കേരളം നിയമസഭയിൽ നടക്കും. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഇത്തരമൊരു കോൺഫറൻസിന് ആദ്യമായാണ് സംസ്ഥാനം വേദി ആകുന്നതെന്ന് വാർത്താസമ്മേളനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നവംബർ മൂന്ന് രാവിലെ 11.30 ന് ലോകസഭ സ്പീക്കർ ഓം ബിർള ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. തുടർന്ന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ലോകസഭ സ്പീക്കർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വി. ഡി. സതീശൻ, രാജ്യസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിവംശ് നാരായൺ സിംഗ്, പാർലമെന്റിലെ പി.എ.സി. അധ്യക്ഷൻ കെ.സി. വേണുഗോപാൽ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, സംസ്ഥാന പി.എ.സി. അധ്യക്ഷൻ കെ.എൻ. ബാലഗോപാൽ എന്നിവർ സംസാരിക്കും. കോൺഫറൻസിൽ പ്രതിനിധികളും ഉദ്യോസ്ഥരും ഉൾപ്പെടെ 26 സംസ്ഥാനങ്ങളിൽ നിന്ന് 262 അംഗങ്ങൾ പങ്കെടുക്കും.

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 151(2) പ്രകാരം സംസ്ഥാന ഗവർണർക്ക് സമർപ്പിക്കുന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സമർപ്പിക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകളുടെ പരിശോധനയാണ് പി.എ.സി.കളുടെ പ്രധാന ചുമതല. 1933 ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ആണ് ആദ്യമായി പി.എ.സി. രൂപീകൃതമായത്. പ്രതിപക്ഷ അംഗത്തെ പി.എ.സി.യുടെ ചെയർപേഴ്സൺ ആക്കുന്ന കീഴ്വഴക്കം ആദ്യമായി നടപ്പിലാക്കിയത് 1957 ൽ കേരള നിയമസഭയിലാണെന്ന് സ്പീക്കർ പറഞ്ഞു. കഴിഞ്ഞ 70 വർഷത്തിനിടയിൽ കേരള പി.എ.സി 1257 റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്. കേരള നിയമസഭയിൽ ഏറ്റവും അധികം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ള നിയമസഭാ കമ്മിറ്റി പി.എ.സി ആണ്.

Leave a Reply

Your email address will not be published. Required fields are marked *