നാന്‍സി പെലോസിയുടെ മേശയില്‍ കാല്‍ കയറ്റിവച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന്

Spread the love

Picture

വാഷിംഗ്ടണ്‍ ഡി.സി : ജനുവരി 6ന് യുഎസ് കാപ്പിറ്റോളില്‍ നടന്ന റാലിയോടനുബന്ധിച്ചു കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചു കയറി, ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ കോണ്‍ഫറന്‍സ് റൂമില്‍ കിടന്നിരുന്ന കസേരയില്‍ ഇരുന്നു മേശയില്‍ കാല്‍ കയറ്റിവച്ച സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്നു സെപ്റ്റംബര്‍ 23 വ്യാഴാഴ്ച വാഷിങ്ടന്‍ ഡി.സി ഫെഡറല്‍ കോടതി കണ്ടെത്തി.

ആറുമാസത്തെ ജയില്‍ ശിക്ഷയും 5000 ഡോളര്‍ പിഴയുമാണ് ഈ കേസില്‍ സാധാരണ ശിക്ഷയായി ലഭിക്കുക.

കസേരയില്‍ കയറിയിരുന്ന്, മേശയില്‍ കാല്‍ കയറ്റിവയ്ക്കുന്നത് സെല്‍ഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതു ഗുരുതര ക്രിമിനല്‍ കുറ്റമാണെന്നാണു കോടതി വിധി. പെലോസിയുടെ റൂമിലുണ്ടായിരുന്ന മിനി റഫ്രിജറേറ്ററില്‍ നിന്നും ബിയര്‍ എടുത്തതും ഇയാള്‍ സെല്‍ഫിയില്‍ കാണിച്ചിരുന്നു.

സെല്‍ഫി ഫോട്ടോ കോടതി തെളിവായി സ്വീകരിച്ചു. 1.4 മില്യണ്‍ ഡോളറോളം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ കേസില്‍ ഒക്ലഹോമയില്‍ നിന്നു പ്രതിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയ എറിക്‌സണ്‍.

നിയമവിരുദ്ധമായി കാപ്പിറ്റോള്‍ ബില്‍ഡിങ്ങില്‍ പ്രകടനം നടത്തിയതും ഇയാള്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നു.

ഡിസംബര്‍10നാണു കേസ് വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്നത്. പരിപാവനമായി സൂക്ഷിക്കേണ്ട കാപ്പിറ്റോള്‍ മന്ദിരത്തില്‍ കയറി അക്രമം പ്രവര്‍ത്തിക്കുകയും അവിടെയുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നതു ജനാധിപത്യ വിശ്വാസികളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാവൂ എന്നാണ് ഇതിനെക്കുറിച്ചു വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

Author

Leave a Reply

Your email address will not be published. Required fields are marked *