ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരും കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന ഉത്തരവിന്റെ കാലാവധി ഒക്ടോബര്‍ 27 തിങ്കളാഴ്ച അവസാനിക്കുന്നു.
രോഗികളെ സംരക്ഷിക്കുക എന്നതിന് മുഖ്യ പരിഗണന നല്‍കി അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ഫുഡ് സര്‍വീസസ്, ക്ലിനേഴ്‌സ് തുടങ്ങി എല്ലാവരും രണ്ടു ഡോസ് വാക്‌സിനേഷന്‍ ഒക്ടോബര്‍ 27ന് മുന്‍പു സ്വീകരിക്കണമെന്ന നിര്‍ദേശം നേരത്തെ തന്നെ നല്‍കിയിരുന്നു.
ആയിരക്കണക്കിനു ഹെല്‍ത്ത് സര്‍വീസ് ജീവനക്കാര്‍ ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടില്ല. ഇവര്‍ ജോലിയില്‍ നിന്നു സ്വയം ഒഴിഞ്ഞുപോകുകയോ പുറത്താക്കപ്പെടുകയോ ചെയ്യാം.
തിങ്കളാഴ്ച കഴിയുന്നതോടെ ന്യൂയോര്‍ക്ക് ആരോഗ്യ സുരക്ഷാ രംഗത്ത് ആവശ്യമായ സ്റ്റാഫിനെ ലഭിക്കാത്ത സാഹചര്യത്തില്‍ നാഷനല്‍ ഗാര്‍ഡിനെ രംഗത്തിറക്കാന്‍ ന്യൂയോര്‍ക്ക് സംസ്ഥാന അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന കോവിഡ് 19 വാക്‌സീന്‍ മാന്‍ഡേറ്റ് ഡെഡ്‌ലൈന്‍ അവസാനിക്കുമ്പോള്‍ ന്യൂയോര്‍ക്ക് ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലും കൂടുതല്‍ വര്‍ക്ക് ഫോഴ്‌സിനെ രംഗത്തിറക്കണമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹൗച്ചര്‍ പറഞ്ഞു. ആവശ്യമായാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആരോഗ്യവകുപ്പ് ജീവനക്കാരെ കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.