അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് മിനിമം വേതനംഉറപ്പു വരുത്താൻ പുതിയ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിൽ : മന്ത്രി വി ശിവൻകുട്ടി

Spread the love

ശ്രീ. കെ.കെ. രാമചന്ദ്രന്‍, എം.എല്‍.എ. 13.10.2021ന് ഉന്നയിച്ചിട്ടുള്ള സബ്‍മിഷനുള്ള മറുപടി

30.03.2009ലെ 2287/09-ാം നമ്പർ റിട്ട് ഹർജിയിന്മേലുള്ള ബഹു. ഹൈക്കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ 14.02.2011 തീയതിയിലെ ജി.ഒ.(എം.എസ്)നം.36/11/പൊ.വി.വ പ്രകാരം സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയിലുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ട് ഉത്തരവാകുകയും അതനുസരിച്ച് ഹെഡ്‍മാസ്റ്റര്‍-7,000/- രൂപ, ഹൈസ്കൂള്‍ അസിസ്റ്റന്റ് -6,000/- രൂപ, പ്രൈമറി ടീച്ചര്‍-5,000/- രൂപ, ക്ലാര്‍ക്ക്-4,000/- രൂപ, പ്യൂണ്‍/ക്ലാസ്-IV-3,500/- രൂപ എന്നിങ്ങനെ മിനിമം വേതനം നിശ്ചയിക്കുകയുമുണ്ടായി. ഈ വിഷയത്തില്‍ ബഹു.കേരളാ ഹൈക്കോടതി തുടര്‍ന്ന് ഇടപെടുകയും ഹയര്‍സെക്കണ്ടറി, സെക്കണ്ടറി, പ്രൈമറി അദ്ധ്യാപകര്‍ക്ക് യഥാക്രമം രൂപ 20,000/-, 15,000/-, 10,000/- എന്നീ ക്രമത്തില്‍ പ്രതിമാസം വേതനം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു.

മേൽപറഞ്ഞ സർക്കാർ ഉത്തരവിന്റേയും ഹൈക്കോടതി വിധിയുടേയും അടിസ്ഥാനത്തില്‍, സ്കൂളുകളില്‍ പൊതുവില്‍ നടത്തുന്ന പരിശോധനകളില്‍ ജീവനക്കാർക്ക് ഇപ്രകാരം വേതനം അനുവദിക്കുന്നുണ്ടോ എന്ന കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലും നടപടി എടുത്തുവരുന്നു.

അൺ എയ്ഡഡ് സ്കൂളുകളിലെ അനദ്ധ്യാപകര്‍ക്ക് നല്‍കേണ്ടതായ മിനിമം വേതനവും സേവന വ്യവസ്ഥകളും നിശ്ചയിച്ചുകൊണ്ട് 11.2.2021ലെ ജി.ഒ.(പി) നം. 22/2021/എല്‍.ബി.ആര്‍ നമ്പരായി അന്തിമ വിജ്ഞാപനം തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ പ്രസ്തുത ഉത്തരവ് ബഹു. ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

1961-ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ എല്ലാ വ്യവസ്ഥകളും അണ്‍എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരടക്കമുള്ളവര്‍ക്ക് ബാധകമാക്കി 06.03.2020-ലെ ജി.ഒ.പി നം.35/2020/തൊഴില്‍ പ്രകാരം, വിജ്ഞാപനം തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിലെ പഴുവിൽ ശ്രീ. ഗോകുലം പബ്ലിക് സ്കൂളിലെ 35 അദ്ധ്യാപകരെ പിരിച്ചുവിട്ടത് സംബന്ധിച്ച് തൃശ്ശൂർ ജില്ലാ ലേബർ ഓഫീസർ മുഖേന നടത്തിയ അന്വേഷണത്തിൽ കോവിഡ് കാലഘട്ടത്തിൽ ഏകദേശം 35 അദ്ധ്യാപകരെ മുൻകൂർ നോട്ടീസോ അറിയിപ്പോ കൂടാതെ പിരിച്ചുവിട്ടിട്ടുള്ളതായും ഇവർക്ക് യാതൊരു ആനുകൂല്യങ്ങളും നൽകിയിട്ടില്ലെന്നും അറി‍ഞ്ഞിട്ടുണ്ട്. മേൽ സ്ഥാപനത്തിൽ നിന്നും അദ്ധ്യാപകേതര ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതിയൊന്നും തൃശ്ശൂർ ജില്ലാ ലേബർ ഓഫീസിൽ ലഭിച്ചിട്ടില്ല.

1947ലെ വ്യവസായ തർക്ക നിയമം വകുപ്പ് 2(എസ്) പ്രകാരമുള്ള തൊഴിലാളി എന്ന നിർവ്വചനത്തിൽ അദ്ധ്യാപകർ വരുന്നതല്ലായെന്നും ടി വിഷയത്തിന്മേൽ നടപടി സ്വീകരിക്കാൻ നിർവ്വാഹമില്ലാ എന്നും പരാതിക്കാരെ അറിയിട്ടുള്ളതായി തൃശ്ശൂർ ജില്ലാ ലേബ‍ർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ വ്യക്തമായ നിയമത്തിന്റെ അഭാവത്തില്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ട്. ആയതിനാല്‍ സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ നേരിടുന്ന തൊഴില്‍ ചൂഷണവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കുന്നതിനും അദ്ധ്യാപകര്‍ക്ക് മിനിമം വേതനമെങ്കിലും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയും ഒരു പുതിയ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *