അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയ്ക്ക് അനുവദിച്ച സബ്മിഷനുളള ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടിയുടെ മറുപടി*
2020 മാര്‍ച്ച് മൂന്നാം തീയതി കൂടിയ നാഷണല്‍ കൗണ്‍സില്‍ ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ (എന്‍.സി.റ്റി.ഇ) 385-ാംമത് സതേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ (എസ്.ആര്.സി) മീറ്റിംഗില്‍ എന്‍.സി.റ്റി.ഇ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാത്ത സംസ്ഥാനത്തെ ഇരുപത് ഗവണ്മെന്റ്/ എയ്ഡഡ് ടി.ടി.ഐ.കളിലെ ഡി.എല്‍.എഡ് കോഴ്സിന്‍െറ അഡ്മിഷന് ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ എന്‍.സി.റ്റി.ഇ ആവശ്യപ്പെട്ടതായി എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ അറിയിച്ചിരുന്നു.
എന്നാല്‍ എന്‍.സി.റ്റി.ഇ അഡ്മിഷന് നടപടികള്‍ നടത്തരുതെന്ന് കണ്ടെത്തിയിട്ടുള്ള സംസ്ഥാനത്തെ ഇരുപത് ടി.ടി.ഐ.കളില്‍ കോവിഡ് 19 രോഗവ്യാപനം മൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് അഡ്മിഷന് നടപടികള്‍ നിലവിലുള്ളതുപോലെ തുടരുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ അദ്ധ്യയനവര്‍ഷം നിര്‍ദേശം നല്‍കിയിരുന്നു.
എന്‍.സി.റ്റി.ഇ അംഗീകാരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങള്‍ക്ക് എന്‍.സി.റ്റി.ഇ.യില്‍ നിന്നും യാതൊരുവിധ അറിയിപ്പും ഔദ്യോഗികമായി ലഭിച്ചിട്ടില്ലാത്തതിനാല്‍ ഈ ആവശ്യത്തിനായി സ്ഥാപന മേധാവികള്‍ ഒന്നും തന്നെ എന്‍.സി.റ്റി.ഇ.യുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. അംഗീകാരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്.ടി നടത്തിയ മീറ്റിംഗിലാണ് ഇരുപത് റ്റി.റ്റി.ഐകള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ട വിവരം സ്ഥാപന മേധാവികള്‍ അറിയുന്നത്. കൊല്ലം ഐ.എച്ച്.എം ടീച്ചര്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനെതിരെ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന് ഫയല്‍ ചെയ്യുകയും അംഗീകാരം റദ്ദ് ചെയ്ത നടപടിക്കെതിരെ സ്റ്റേ വാങ്ങുകയും ചെയ്തു.
എന്‍.സി.റ്റി.ഇ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ അഡ്മിഷന് നടത്തുന്നത് നിയമവിരുദ്ധമാണെന്നും എന്‍.സി.റ്റി.ഇ ആക്ടില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്നും എസ്.സി.ഇ.ആര്.ടി അറിയിച്ചിട്ടുണ്ട്.
എന്‍.സി.റ്റി.ഇ ആക്ട് 1993 പ്രകാരം അധ്യാപക വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താനുള്ള അംഗീകാരവും അനുമതിയും നല്കാന് എന്‍.സി.റ്റി.ഇ.ക്ക് മാത്രമാണ് അധികാരമുള്ളത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്‍.ഒ.സി. നല്കാന് മാത്രമേ സാധിക്കുകയുള്ളൂ.
ഇതുമായി ബന്ധപ്പെട്ട് റ്റി.റ്റി.ഐ.യിലെ അധ്യാപകരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ എന്‍.സി.റ്റി.ഇ നിര്‍ദേശിച്ച പ്രകാരം മാറ്റുന്നതിനും സ്കൂളുകളില്‍ ആവശ്യമായ യോഗ്യതയുള്ള നിലവിലുള്ള അധ്യാപകരെ പുനര്‍വിന്യസിച്ച് നിയമിക്കുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.
ഈ അദ്ധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍, എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ എന്നിവരുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ ഒരു ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിനുള്ള വ്യക്തമായ നിര്‍ദേശങ്ങളും ശുപാര്‍ശയും സഹിതം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള നിര്‍ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയിരുന്നു.
ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ. എന്‍.സി.റ്റി.ഇ അംഗീകാരമില്ലാതെ റ്റി.റ്റി.ഐ. കോഴ്സ് നടത്തിയാല്‍ അത് വിദ്യാർത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കരുതലോടെ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ.