പത്തനംതിട്ട: ശബരിമല റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം ഇന്ന്( ഞായറാഴ്ച) പത്തനംതിട്ടയില്‍ നടക്കും. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് യോഗം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
കാലവര്‍ഷക്കെടുതി മൂലം ശബരിമല റോഡുകള്‍ക്ക് ഉണ്ടായ നാശനഷ്ടവും ശബരിമല റോഡുകളുടെ പ്രവൃത്തി നിര്‍മാണപുരോഗതിയും പരിശോധിച്ച ഉന്നതതല സംഘത്തിന്റെ വിലയിരുത്തലും യോഗത്തില്‍ ചര്‍ച്ചയാകും. പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് റോഡ് നിര്‍മാണം വിലയിരുത്തിയത്. മൂന്ന് ചീഫ് എന്‍ജിനിയര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന ടീം പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. അപ്രതീക്ഷിത മഴ തുടരുന്ന സാഹചര്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള നടപടികളും ചര്‍ച്ചയാകും.