എൻ കെ പ്രേമചന്ദ്രൻ എം പി ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ കോൺഫറൻസിൽ പങ്കെടുക്കുന്നു – അനിൽ മറ്റത്തികുന്നേൽ

Spread the love

Picture

ചിക്കാഗോ: ഈ വ്യാഴാഴ്ച മുതൽ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയാ കോൺഫ്രൻസിൽ ബഹുമാന്യനായ കൊല്ലം എം പി ശ്രീ, എൻ കെ പ്രേമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഇതിനകം തന്നെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞിരിക്കുന്ന മീഡിയാ കോൺഫ്രൻസിൽ എൻ കെ പ്രേമചന്ദ്രന്റെ സാന്നിധ്യം പരിപാടികൾക്ക് ഊർജം പകരും. 2014 മുതൽ കൊല്ലം പാർലമെൻറ് മണ്ഡലത്തിൽ നിന്നുള്ള ലോക സഭാംഗവും മുൻ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും രാജ്യസഭ അംഗവുമായിന്നു. കേരളത്തിൽ നിന്നുള്ള ആർ.എസ്.പി നേതാവാണ് എൻ.കെ. പ്രേമചന്ദ്രൻ.

എൻ.കെ. പ്രേമചന്ദ്രൻ കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജിൽ നിയമ പഠനത്തിന് ചേരുകയും, 1985-ൽ കേരള സർവ്വകലാശാലയിലെ ഒന്നാം റാങ്കോടെ നിയമബിരുദം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ആർ.എസ്.പിയുടെ വിദ്യാർത്ഥി വിഭാഗമായ ഓൾ ഇന്ത്യ പ്രോഗ്രസ്സീവ് സ്റ്റുഡൻ്റ്സ് യൂണിയൻ (എ.ഐ.പി.എസ്.യു) വഴിയാണ് പൊതുരംഗ പ്രവേശനം. ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ പ്രേമചന്ദ്രൻ ആർ.എസ്.പിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്.

1996 ൽ കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1998-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെൻറ് മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2000 മുതൽ 2006 വരെ രാജ്യസഭ അംഗമായും പ്രവർത്തിച്ചു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ ആർ.എസ്.പി (ബി)യുടെ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എ-യുമായിരുന്ന ഷിബു ബേബി ജോണിനെ തോല്പിച്ച് വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായി. ആ കാലയളവിൽ മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ മേൽക്കൈയെടുത്തത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് കൊല്ലത്ത് നിന്ന് മത്സരിച്ചത്. ആ മത്സരത്തിൽ സി.പി.എമ്മിൻ്റെ പൊളിറ്റ്ബ്യൂറോ അംഗമായ എം.എ. ബേബിയെ പരാജയപ്പെടുത്തി ലോക വീണ്ടും 2019-ൽ സി.പി.എമ്മിൻ്റെ മുൻ രാജ്യസഭാംഗമായ കെ.എൻ. ബാലഗോപാൽനെ തോൽപ്പിച്ച് കൊല്ലത്ത് നിന്ന് ലോക സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016 ലെ മികച്ച പാർലമെന്റ് അംഗത്തിനുള്ള ലോക്മത് മീഡിയ ഗ്രൂപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് എൻ.കെ. പ്രേമചന്ദ്രൻ അർഹനായിരുന്നു.

മികച്ച പാർലിമെന്റേറിയൻ എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ എൻ കെ പ്രേമചന്ദ്രന്റെ ചിക്കാഗോ മീഡിയാ കോൺഫ്രൻസിലേക്കുള്ള ആഗമനം ഏറെ ആവേശത്തോടെയാണ് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകർ വീക്ഷിക്കുന്നത് എന്നു ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. കേരളത്തിൽ നിന്നും നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി അതിഥികൾ എത്തുന്ന ഈ കൺവെൻഷനിൽ അർത്ഥസമ്പുഷ്ടമായ നിരവധി പരിപാടികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്ന് നാഷണൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അറിയിച്ചു. എല്ലാ മാധ്യമ സുഹൃത്തുക്കളെയും ഈ കോൺഫെറെസിലേക്ക് സ്വാഗതം ചെയ്യുന്നതായി നാഷണൽ ട്രെഷറർ ജീമോൻ ജോർജ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *