കാട്ടുപന്നിയേയും വനംവകുപ്പിനെയും ക്ഷുദ്രജീവികളായി കര്‍ഷകര്‍ പ്രഖ്യാപിക്കണം: വി.സി.സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: മനുഷ്യനെ കടിച്ചുകീറി കൊലചെയ്യുന്ന കാട്ടുപന്നിയെ മാത്രമല്ല, ഇതിന് കുടപിടിക്കുന്ന വനംവകുപ്പിനെയും ക്ഷുദ്രജീവികളായി കര്‍ഷകര്‍ പ്രഖ്യാപിച്ച്, പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍വേണ്ടി നിയമം കൈയ്യിലെടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്ന സാഹചര്യമാണ് കേരളത്തിലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

വന്യജീവി ആക്രമത്താല്‍ ദിവസേന കര്‍ഷകരുള്‍പ്പെടെ മലയോരജനത മരിച്ചുവീണിട്ടും കണ്ണുതുറക്കാത്ത ഭരണസംവിധാനങ്ങള്‍ക്കെതിരെ ഇനിയും നിശബ്ദരായിരിക്കുവാന്‍ കര്‍ഷകര്‍ക്കാവില്ല. കേന്ദ്ര കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് സ്വന്തം സംസ്ഥാനത്തെ കര്‍ഷകരുടെ ജീവന്‍ സംരക്ഷിക്കാനാവാത്തത് നിസ്സാരമായി കാണാനാവില്ല. കര്‍ഷകരെ കൊലയ്ക്കു കൊടുക്കുന്നത് വനംവകുപ്പാണ്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുവാന്‍ മനുഷ്യാവകാശ കമ്മീഷനും നീതിന്യായപീഠവും തയ്യാറാകണം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം വനംവകുപ്പുതന്നെ ബോധപൂര്‍വ്വം അട്ടിമറിക്കുന്നതിനു തെളിവുകളുണ്ട്.

കാട്ടുപന്നി ക്ഷുദ്രജീവിയാണെന്ന കർഷകവാദം ഹൈക്കോടതി അംഗീകരിച്ചതായി സംഘടനകൾ : Deepika.com Kerala News |

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് നടപടികള്‍ തുടരുന്നു. കേരളം ഇക്കാര്യത്തില്‍ പ്രസ്താവനകള്‍ നടത്തി ജനങ്ങളെ വിഢികളാക്കുന്നു. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി വനംവകുപ്പ് അധഃപതിച്ചിരിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഓഛാനിച്ചുനില്‍ക്കുന്ന ജനപ്രതിനിധികളും ഭരണവും അപമാനമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ എന്തു നിയമനിര്‍മ്മാണമാണ് ജനപ്രതിനിധികള്‍ നിയമസഭയില്‍ നടത്തുന്നത്. മൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. വനാതിര്‍ത്തിയില്‍ അതിനുള്ള സംരക്ഷണഭിത്തികള്‍ നിര്‍മ്മിക്കണം. കാടിനു താങ്ങാന്‍ കഴിയുന്നതില്‍ കൂടുതല്‍ വന്യമൃഗങ്ങള്‍ പെരുകിയിട്ടുണ്ടെങ്കില്‍ പെരുകുന്ന വന്യജീവികളെ നിര്‍ബന്ധിതവും അംഗീകൃതവുമായ വേട്ടയിലൂടെ നിയന്ത്രിക്കണം. ഇതാണ് ഓരോ രാജ്യങ്ങളിലും നടപ്പിലാക്കുന്നത്. ഇതിനു തയ്യാറാകാതെ നിരന്തരം ജനങ്ങളെ ദ്രോഹിക്കുന്ന സ്ഥിരം പ്രക്രിയയ്ക്ക് അവസാനമുണ്ടായേപറ്റൂ.

കര്‍ഷകനെ കൃഷിഭൂമിയില്‍ നിന്ന് ബലംപ്രയോഗിക്കാതെ കുടിയിറക്കിയും കൊലയ്ക്കുകൊടുത്തും വനവിസ്തൃതി കൂട്ടാനാണ് ശ്രമമെങ്കില്‍ ഒരിക്കലും അനുവദിക്കില്ല, സംഘടിച്ചെതിര്‍ക്കും. സംസ്ഥാന വനംപരിസ്ഥിതി ഉദ്യോഗസ്ഥരുടെ ബിനാമി നിയന്ത്രണത്തിലുള്ള പരിസ്ഥിതി സംഘടനകളെക്കുറിച്ചും വനംവകുപ്പും ഉദ്യോഗസ്ഥരും വിദേശ പരിസ്ഥിതി സാമ്പത്തിക ഏജന്‍സികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വന്യജീവി ആക്രമങ്ങളെ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. വന്യജീവികളുടെ കടന്നുകയറ്റംമൂലം കൃഷിനഷ്ടം വിലയിരുത്തുന്നതുപോലും വനംവകുപ്പാണെന്ന വിരോധാഭാസം നിലനില്‍ക്കുന്നു. വന്യജീവി അക്രമണത്തിന്റെ നഷ്ടപരിഹാരം എം.എ.സി.റ്റി. ആക്ടുപോലെ ലഭ്യമാക്കാന്‍ നിയമനിര്‍മ്മാണമുണ്ടാവണം. തുച്ഛമായ നഷ്ടപരിഹാരം പോലും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നത് അന്വേഷണവിധേയമാക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

 

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ദേശീയ സെക്രട്ടറി ജനറല്‍

Author

Leave a Reply

Your email address will not be published. Required fields are marked *