തിരുവനന്തപുരം: സിനിമ ടൂറിസത്തിനു കേരളത്തില്‍ അനന്ത സാധ്യതകളാണുള്ളതെന്നും ഇതു പരമാവധി പ്രയോജനപ്പെടുത്തുന്നതിനായുള്ള ഗൗരവകരമായ ചര്‍ച്ചകള്‍ ആരംഭിച്ചതായും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര രംഗത്തു കേരളത്തിന്റെ പുത്തന്‍ ചുവടുവയ്പ്പാകുന്ന സിനിമ ടൂറിസം സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും കൈകോര്‍ത്താകും നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍നിന്നു വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റിവോള്‍വിങ് ഫണ്ട് പദ്ധതിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളി മനസില്‍ താലോലിക്കുന്ന ഹിറ്റ് സിനിമകള്‍ക്കു പശ്ചാത്തലമായ മനോഹര പ്രദേശങ്ങളുടെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയെന്നതാണു സിനിമ ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. ‘അങ്ങാടി’ സിനിമയ്ക്കു പശ്ചാത്തലമായ കോഴിക്കോട് വലിയങ്ങാടി, ‘കിരീടം’ സിനിമയിലെ കിരീടം പാലം, ‘ബോംബെ’ സിനിമയ്ക്കു ലൊക്കേഷനായ ബേക്കല്‍, ‘വെള്ളാനകളുടെ നാട്ടി’ലെ വയനാട് ചുരം അങ്ങനെ എത്രയെത്ര മനോഹര സ്ഥലങ്ങളാണു മലയാളിയുടെ മനസില്‍ ഇന്നും മായാത്ത രംഗങ്ങളായി തെളിയുന്നത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ സിനിമ ഷൂട്ടിംഗുകള്‍ നടക്കുന്ന പാലക്കാട് ജില്ലയിലെ പല പ്രകൃതി രമണീയ സ്ഥലങ്ങളും ഇന്നും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയാണ്. ഈ ലൊക്കേഷനുകളിലേക്ക് ഒരിക്കല്‍ക്കൂടി വെള്ളിത്തിരയില്‍ക്കണ്ട നായകനും നായികയും എത്തിയാല്‍ അതു ടൂറിസം രംഗത്ത് എത്ര വലിയ ഉണര്‍വുണ്ടാക്കും. ഇതു പ്രയോജനപ്പെടുത്തുകയാണു സിനിമ ടൂറിസത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.